Tuesday, January 31, 2012

ഗൗരി ലക്ഷ്മി





Friday, December 09, 2011

മാക് മാജിക്



Sunday, October 30, 2011

ഫിഗർ സ്കാൻ-എം.ജിയും ചില സംഗതികളും!



യേശുദാസ്‌ എന്ന മഹാമേരു മലയാളസിനിമാസംഗീത ലോകത്ത്‌ നിറഞ്ഞുനിൽക്കുന്ന കാലത്താണ്‌ ബാങ്കുദ്യോഗസ്ഥനായ എംജിയുടെ രംഗപ്രവേശം. സംഗീതപാരമ്പര്യമുള്ള കുടുംബത്തിൽ ജനിച്ചിട്ടും, സംഗീതം രക്തത്തിൽ അലിഞ്ഞുചേർന്നിരുന്നിട്ടും ആദ്യകാലങ്ങളിൽ സംഗീതജ്ഞരായ സഹോദരങ്ങളുടെ പേരിലറിയപ്പെടാനാണ്‌ ഈ ഗായകന്‌ യോഗമുണ്ടായത്‌.

പ്രിയദർശൻ, സുരേഷ്കുമാർ, മോഹൻലാൽ, ജഗദീഷ്‌, മണിയൻപിള്ള തുടങ്ങിയ ബാല്യകാലസുഹൃത്തുക്കളുടെ ശ്രമങ്ങൾക്കൊടുവിൽ അവർക്കൊപ്പം  സിനിമയിൽ
എം.ജിയും പതിയെ വളരുകയായിരന്നു. ബാങ്കുദ്യോഗമുപേക്ഷിച്ച്‌ സിനിമയിൽ സജീവമായതിനു പിന്നിൽ ഉള്ളിലെ കറകളഞ്ഞ സംഗീതാഭിരുചിയല്ലാതെ മറ്റൊന്നുമല്ല. 1983-ൽ കൂലി എന്ന ചിത്രത്തിൽ ‘വെള്ളിക്കൊലുസ്സോടെ കളിയാടും’ എന്ന ഗാനത്തോടെയാണ് മലയാള സിനിമയിൽ തന്റെ അരങ്ങേറ്റം എം.ജി കുറിക്കുന്നത്. ദാസിന്റെ ഘനഗംഭീര മധുരശബ്ദത്തിനുമുന്നിൽ സ്വതവേ പൗരുഷം കുറഞ്ഞ ശബ്ദത്തിനുടമയായ എം.ജിയ്‌ക്ക്‌ തിളങ്ങാനായില്ലെങ്കിലും മോഹൻലാലെന്ന അതുല്യനടന്റെ ശബ്ദവുമായുള്ള ചേർച്ചയും സാമ്യവും തുണയ്ക്കെത്തുകയായിരുന്നു പിന്നീട്‌. നിത്യഹരിതനായകൻ പ്രേംനസീറിന്‌ ദാസിന്റെ ആലാപനസൗകുമാര്യം ഇഴുകിചേർന്നതുപോലൊരു കെമിസ്ട്രി ലാലിന്റെ അഭിനയത്തിൽ എം.ജിയുടെ ശബ്ദത്തിനുമുണ്ടായി. ലാൽ സ്വയം പാടി അഭിനയിക്കുന്ന  സ്വാഭാവികതയും, ഫീലും കൈവരുത്താൻ എം.ജിയും ബോധപൂർവ്വം ശ്രമിക്കുകയുണ്ടായി എന്നുവേണം പറയാൻ. മറ്റ്‌ നടന്മാർക്കുവേണ്ടി പാടിയ ആദ്യകാലഗാനങ്ങൾ ശ്രദ്ധിക്കപ്പെടാതെ പോയെങ്കിലും മോഹൻലാൽ എന്ന താരത്തിന്റെ ആധിപത്യം ശ്രീകുമാറെന്ന ഗായകനേയും നിലനിർത്തി. അനുനാസികാസ്വഭാവവും, ഒരൽപ്പം സ്ത്രൈണതയുമുള്ള ഈ ശബ്ദം ലാലെന്ന നടനോടൊപ്പം അലിഞ്ഞുചേരുകയാണുണ്ടായത്‌. ആദ്യകാലങ്ങളിൽ  ലാലിനും അത്തരമൊരു സ്ത്രൈണതയും, ഡയലോഗ്‌ പ്രസന്റേഷനുമുണ്ടായതുകൊണ്ടാവണം പ്രേക്ഷകർക്കും ഈ ശബ്ദസാമ്യം സ്വീകാര്യമായതും, എംജിയുടെ ഗാനങ്ങൾ ലാലിന്‌ മാച്ചായി അംഗീകരിക്കപ്പെട്ടതും. വൈകാതെ
ലാലിന്റെ സിനിമകൾക്കൊപ്പം എം.ജിയുടെ ഗാനങ്ങളും ഹിറ്റ്‌ ചാർട്ടിൽ ഇടം പിടിച്ചു. മോഹൻലാൽ എന്ന നടനെപ്പോലെ തന്നെ ഫ്ലക്സിബിളായിരുന്നു എം.ജി ശ്രീകുമാർ എന്ന ഗായകനും. ഏത്‌ ടൈപ്പ്‌ പാട്ടും ഏത്‌ റേഞ്ചിലും ഈസിയായി പാടാനുള്ള അപാരമായ കഴിവ്‌ ഈ ഗായകനെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കി. ഫാസ്റ്റ്‌ സോംഗ്സും, മെലഡിയും, ശാസ്ത്രീയസംഗീതവും, ദു:ഖഗാനങ്ങളും എം.ജി അനായസമായി കൈകാര്യം ചെയ്തു. ചിത്രം, കിലുക്കം, മിഥുനം, മിന്നാരം, അദ്വൈതം, കിരീടം, അധിപൻ, ഇന്ദ്രജാലം, വന്ദനം, കാക്കക്കുയിൽ, ചന്ദ്രലേഖ, തേന്മാവിൻ കൊമ്പത്ത്‌ തുടങ്ങിയ ലാൽചിത്രങ്ങളിലൂടെ എം.ജി എന്ന ഗായകനും മലയാള സിനിമയുടെ അവിഭാജ്യഘടകമായി. ഉച്ചസ്ഥായിയിലും, കീഴ്സ്ഥായിയിലും അസാമാന്യവേഗത്തിലും അസാധ്യമായി പാടാനള്ള കഴിവും ശബ്ദനിയന്ത്രണവുമൊക്കെ എം.ജിക്കുണ്ടായിരുന്നെങ്കിലും, ഒരുവിഭാഗം ശ്രോതാക്കൾ ദാസേട്ടന്റെ ഏഴയലത്ത്‌ എത്താനുള്ള യോഗ്യത പോലും ഇദ്ദേഹത്തിന്‌ കൽപ്പിച്ചുകൊടുത്തിരുന്നില്ല. മണുക്കൂസ്‌ ശബ്ദമുള്ള ഗായകനായി എം.ജിയെ ചില അനിഷ്ടക്കാർ ഇകഴ്ത്തുന്നതിനുപിന്നിൽ അദ്ദേഹത്തിന്റെ അഹങ്കാരസ്പർശമുള്ള പെരുമാറ്റമാണെന്നാണ്‌ പിന്നാമ്പുറ പരദൂഷണം. ചാനലുകളിലെ റിയാലിറ്റിഷോകളാണ്‌ എം.ജിയെ ജനപ്രിയനാക്കിയതും, വെറുക്കപ്പെട്ടവനാക്കിയതുമെന്നത്‌ പരമമായ സത്യമാണ്‌. സരിഗമയിലൂടെ 'പാവങ്ങൾക്ക്‌' 'പയിനായിരവും, ലച്ചങ്ങളും' ക്ലൂ നൽകി മേടിച്ചുകൊടുക്കുന്ന പതിവ്‌ ഇപ്പോഴും തുടരുന്നുണ്ടെങ്കിലും, ഹിറ്റ്‌ ഷോ ഐഡിയാസ്റ്റാർ സിംഗർ തന്നെയാണ്‌. ശ്രീക്കുട്ടനെന്ന ചിരിക്കുട്ടനെ മിമിക്രിവേദികളിൽ പയിനായിരം തവണയെങ്കിലും മിമിക്രി ആർട്ടിസ്റ്റുകൾ അവതരിപ്പിച്ചുകാണും ഇതിനകം. അതിനും മാത്രം കോമാളിത്തരമൊക്കെ ചാനലുകളിലൂടെ എം.ജിയിൽ നിന്ന് കൊട്ടക്കണക്കിന്‌ അവർക്ക്‌ കിട്ടുന്നുണ്ട്‌. പറഞ്ഞുവരുന്നത്‌ എം.ജി സാമാന്യം നല്ലൊരു ഗായകൻ മാത്രമാണ്‌, നല്ലൊരു റിയാലിറ്റി ഷോ ജഡ്ജിയല്ല എന്നതാണ്‌. ഒരു നല്ല വിധികർത്താവിനുവേണ്ട ചില ഗുണങ്ങൾ അദ്ദേഹത്തിനില്ല. കൈരളി ചാനലിലെ ഗന്ധർവ്വസന്ധ്യയിലെ ജഡ്ജിംഗും, മഞ്ച്‌ സ്റ്റാർ സിംഗറിലെ വേണുഗോപാലിന്റേയും, സുജാതയുടേയുമൊക്കെ ജഡ്ജിംഗ്‌ ഇടപെടലുകളും സുതാര്യവും, പക്വതാപൂർണ്ണവും, നീതിയുക്തവുമായിരുന്നു. ഐഡിയാസ്റ്റാർ സിംഗറിൽ എം.ജിയും ശരത്തും ചേർന്ന് കഴിഞ്ഞ ആറ്‌ വർഷങ്ങളായി പ്രേക്ഷകരുടെ ക്ഷമ പരീക്ഷിച്ചുകൊണ്ടിരിക്കുന്നു എന്നത്‌ ഏവരും സമ്മതിക്കുന്ന സത്യമാണ്‌. എന്താണ്‌ ഒരു നല്ല വിധികർത്താവിനുവേണ്ട ഗുണങ്ങൾ....? സത്യത്തിൽ എന്തിനാണ്‌ നമുക്കീ റിയാലിറ്റി മഹാമഹങ്ങൾ...? പ്രതിഭയുള്ളവർ എന്നായാലും, എവിടെയായാലും രംഗത്തുവരും. അവസരങ്ങൾ ചാനലുകളിലൂടെ വീതിച്ചുകൊടുക്കുകയല്ല ചെയ്യേണ്ടത്‌. കഴിവുള്ളവർ അവസരങ്ങൾ കഷ്ടപ്പെട്ട്‌ കൈപ്പിടിയിലൊതുക്കുകയാണ്‌ വേണ്ടത്‌. അങ്ങനെയുള്ള പ്രതിഭകളേ നിലനിൽക്കൂ.

ഒരു വിധികർത്താവിന്‌ ആദ്യം വേണ്ടത്‌ നല്ല ക്ഷമയാണ്‌. നിങ്ങളെ നിങ്ങളാക്കിയ സംഗീത സംവിധായകർ നിങ്ങളോട്‌ കാട്ടിയിരുന്ന അതേ ക്ഷമ. അതില്ലാത്തവർ ഈ പണിക്ക്‌ പോകരുതെന്നാണ്‌ എന്റെ പക്ഷം. ഷോയിൽ പങ്കെടുക്കാൻ വരുന്നവരിൽ കഴിവുള്ളവരും, കഴിവില്ലാത്തവരും കാണും. ഇതാദ്യം തിരിച്ചറിയുകയാണ്‌ രണ്ടാമത്‌ വേണ്ട ഗുണം. ജഡ്ജിയുടെ വീരഗാഥകൾ സ്വയം പറഞ്ഞും പാടിപ്പുകഴ്ത്തിയും തൊലിക്കട്ടിയളക്കേണ്ട വേദിയല്ല എന്ന തിരിച്ചറിവാണ്‌ പിന്നീട്‌ വേണ്ടത്‌. കുറ്റങ്ങളും, കുറവുകളും ഒരു ഗുരുവിന്റെ സ്ഥാനത്തുനിന്ന് മൽസരാർത്ഥികളെ വേദനിപ്പിക്കാതെ പറഞ്ഞുമനസ്സിലാക്കി കൊടുക്കലാണ്‌ പ്രധാന ധർമ്മം. അർഹിക്കന്ന മാർക്ക്‌ കൊടുക്കുന്നത്‌ സംഗീതത്തോടുതന്നെ കാട്ടുന്ന നീതിയും. വേഷത്തിലും, ആലാപനത്തിലും വരുന്ന കുഴപ്പങ്ങൾ ചികഞ്ഞുകണ്ടുപിടിച്ച്‌ മൽസരാർത്ഥിയെ പബ്ലിക്കിനു മുന്നിൽ പരിഹസിച്ച്‌ വലിയവൻ ചമയുന്ന സ്ഥിരം പരിപാടി ആവർത്തിക്കാതിരിക്കലാണ്‌ പുതുതലമുറയോട്‌ ചെയ്യാവുന്ന ഏറ്റവും വലിയ കാര്യം. ചാനലുകാർ കൊടുക്കുന്ന പണത്തിന്റെ നന്ദി കാട്ടാനും, ഷോയുടെ കൊഴുപ്പും, റേറ്റിംഗും കൂട്ടാനും കാണിക്കുന്ന വളിച്ച തമാശകളും, പുളിച്ച കോമഡികളും ഒഴിവാക്കിയാൽ അർഹിക്കുന്ന ബഹുമാനമെങ്കിലും ജനം നിങ്ങൾക്ക്‌ നൽകും. സംയമനത്തോടെ, പ്രസന്നതയോടെ, സൗമ്യതയോടെ, സമച്ചിത്തതയോടെ നീതിപുരസ്സരം ഓരോ പാട്ടിനും വിധി പറയാൻ പഠിക്കുന്നതോടൊപ്പം ഉള്ളിലെ ഈഗോ വിളമ്പേണ്ട സ്ഥലമല്ല റിയാലിറ്റി ഷോയെന്ന തിരിച്ചറിവുകൂടിയുണ്ടായാൽ ഉള്ള വില കളയാതെ കാത്തുസൂക്ഷിക്കാം. മൽസരത്തിന്റെ ചില ഘട്ടങ്ങളിൽ പാട്ടിന്റെ അഴകളവുകൾ നിർണ്ണയിക്കുമ്പോൾ അസ്ഥാനത്ത്‌ പ്രയോഗിക്കുന്ന തന്റെ തമാശ (?) യിൽ ഈ മനുഷ്യൻ പരിസരം മറന്ന് പൊട്ടിച്ചിരിക്കുന്നത്‌ കണ്ടിട്ടുണ്ട്‌. ചിലനേരം കുട്ടികളെപ്പോലെ നിർമ്മലനായും, ചിലനേരം കർക്കശ്ശക്കാരനായ പരുഷഭാഷിയായും രൂപം മാറുന്നതും പ്രേക്ഷകരെപ്പോലും വിസ്മയിപ്പിച്ചിട്ടുണ്ടാവണം. തനിക്കുള്ള അറിവിന്റേയും, അനുഭവങ്ങളുടേയും ആഴം,  സ്വയമറിയാതെ പ്രകടമാകുന്ന ഗർവ്വോടെ മറ്റുള്ളവരെ പറഞ്ഞറിയിക്കേണ്ടിവരുന്നത്‌ എത്ര വലിയ ഗതികേടാണ്‌. എം.ജിയെക്കാളും കഷ്ടമാണ്‌ ശരത്തിന്റെ കാര്യം. പ്രേക്ഷകരേയും, മൽസരാർത്ഥികളേയും വധിക്കുന്ന കാര്യത്തിൽ ഈ രണ്ടുപേർക്കും കൊടുക്കണം രണ്ടുകോടിയുടെ രണ്ടുഫ്ലാറ്റുകൾ. ഏറ്റവും പുതിയ സീസൺ ഷോയിൽ എം.ജിയുടെ ബലം പിടിച്ചുള്ള സീരിയസ്സ്‌ ഇരിപ്പ് കാണുമ്പോൾ തന്നെ ചിരി വരും. ഓരോ പാട്ടിനേയും, പാട്ടുകാരേയും പുച്ഛത്തോടേയും, അനിഷ്ടത്തോടേയും വീക്ഷിക്കുന്ന എം.ജിയുടെ ഗൗരവമുഖചലനങ്ങൾ അനുകരിക്കാൻ ശ്രമിക്കുകയാവും മിമിക്രിക്കാർ ഇപ്പൊ അണിയറയിൽ. സംഗീതത്തിൽ അവഗാഹമുള്ള ഇദ്ദേഹം ഇപ്പോൾ സംഗീത സംവിധാനത്തിലും കൈവച്ചിട്ടുണ്ട്‌. അതേതായാലും നന്നായി. ഗായകനെന്ന നിലയിൽ അവസരം കുറഞ്ഞാലും, റിയാലിറ്റി ഷോകൾ നിർത്തലാക്കിയാലും ഇനി പേടിക്കേണ്ട.
നേരും നുണയും: മോഹൻലാലിന്‌ യേശുദാസിന്റേയും, വേണുഗോപാലിന്റേയും ശബ്ദം മാച്ചാകുന്നു എന്ന അസൂയാലുക്കളുടെ കണ്ടെത്തൽ കല്ലുവച്ച നുണയാണെന്നും അവർ പാടിയ പാട്ടുകളിൽ സംഗതിയും ടെമ്പോയും കൃത്യസമയത്തിന്‌ വന്നിട്ടില്ലെന്നും ഇദ്ദേഹം പറഞ്ഞെന്ന് ചില കബുദ്ധികൾ പറയുന്നത്‌ വിശ്വസിക്കേണ്ട. മാങ്ങയുള്ള മാവിലേ ആർക്കും കല്ലെറിയാൻ താൽപ്പര്യമുണ്ടാകൂ.
വാലും തുമ്പും: എം.ജിയെ എനിക്കിഷ്ടമാണ്‌, അദ്ദേഹത്തിന്റെ ഗാനങ്ങളും. ഒരു നൊസ്റ്റാൾജിയ പോലെ മലയാളികൾ നെഞ്ചിലേറ്റിയ കുറച്ച്‌ പാട്ടുകളിലൂടെ എം.ജി ശ്രീകുമാറെന്ന ഗായകനും നമ്മുടെയൊക്കെ ഉള്ളിൽ ഇടം പിടിക്കുന്നുണ്ട്‌. കണ്ണീർപ്പൂവിന്റെ കവിളിൽത്തലോടി ഈറൻ മേഘം പോലെ മാനത്തെ ചന്ദിരനായി വിളങ്ങേണ്ട ഈ ഗായകൻ റിയാലിറ്റി ഷോകളിലെ ബഹളങ്ങൾക്കിടയിൽ സ്വന്തം പ്രതിഭ മറക്കാതിരുന്നെങ്കിൽ....!



ഇഴകൾ-ഡോക്യുമെന്ററി

Sunday, September 25, 2011

ദാസേട്ടനും, രഞ്ജിനിയും പിന്നൊരു സ്റ്റാർ സിംഗറും.


വള്ളിക്കുന്നിൽ ബഷീറിക്ക പറയുന്നു ഇന്നലത്തെ ഐഡിയ സ്റ്റാർ സിംഗർ ഫൈനലിൽ ദാസേട്ടനെ കൊണ്ടുവരാനും സ്വന്തം അഭിപ്രായങ്ങൾ മാറ്റിപ്പറയിക്കാനും പ്രേരിപ്പിച്ചത് രഞ്ജിനി ഹരിദാസിന്റെ മിടുക്കാണെന്ന്‌. യഥാർത്ഥത്തിൽ രഞ്ജിനി വിചാരിച്ചാൽ വല്ലതു നടക്കുമോ..? ഉം.. പുളുത്തും.. നടക്കും, വേറെ വല്ലതും.! ദാസേട്ടനെന്ന മഹാമേരുവിനെ വളയ്ക്കാനോ, വലയ്ക്കാനോ കഴിയുന്ന ഒരാൾ ഇപ്പൊ ഏഷ്യാനെറ്റിലുള്ളപ്പോൾ എന്തിനാണ് വെറുമൊരു രഞ്ജിനി..?. ദാസേട്ടൻ ഐഡിയ സ്റ്റാർ സിംഗർ റിയാലിറ്റി ഷോയുടെ പടി കയറിയെങ്കിൽ അതിനുപിന്നിൽ ഈ താടിക്കാരനും പങ്കുണ്ട്. ദാസേട്ടനിൽ നല്ല സ്വാധീനം ചെലുത്താനോ, തന്റെ പഴയ അഭിപ്രായം മാറ്റിപ്പറയിക്കാനോ ഉള്ള കഴിവും, വാചാലതയും ഇദ്ദേഹത്തിനുണ്ടായിരിക്കണം.. അല്ലെങ്കിൽ റിയാലിറ്റി ഷോകളെ കഠിനമായി വിമർശിച്ചിരുന്ന ദാസേട്ടൻ ഒറ്റ നിൽ‌പ്പിൽ മലക്കം മറിഞ്ഞ് ഇന്നലെ സ്റ്റാർ സിംഗർ ആറല്ല, അറുപതിനായിരം തികയ്ക്കുമെന്ന് പറയുമോ..?  ഫലപ്രഖ്യാപനത്തിനുമുൻപ് ദാസേട്ടൻ ഏറ്റവും മികച്ച പാട്ടുകാരിയെ പ്രഖ്യാപിച്ചപ്പോൾ ഞെട്ടിയത് കണ്ടസ്റ്റുകളല്ല, ജഡ്ജസ്സും, രഞ്ജിനിയുമൊക്കെയായിരുന്നു. അബദ്ധം തിരിച്ചറിഞ്ഞ ദാസേട്ടൻ ഈ കുട്ടിയെ എനിക്ക് പണ്ടേ അറിയാമെന്നുപറഞ്ഞു തടിതപ്പുകയായിരുന്നു. വാസ്തവത്തിൽ ഒന്നാം സ്ഥാനം ഇമ്മാനുവേലിനും, രണ്ടാം സ്ഥാനം കൽ‌പ്പനയ്ക്കും, മൂന്നാംസ്ഥാനം മൃദുലയ്ക്കും മാറ്റിവച്ച (?) എംജിയപ്പനും  ശരത്തണ്ണനുമൊക്കെ ദാസേട്ടന്റെ ഈ ഒടുക്കത്തെ ഫലപ്രഖ്യാപനത്തിൽ കുടുങ്ങുകയായിരുന്നു. പിന്നീട് മിനുട്ടിനുള്ളിൽ മത്സരഫലം മാറ്റിമറിച്ചു എന്നാണ് അണിയറ സംസാരം. കാരണം ഇത്രയും വലിയൊരു റിയാലിറ്റി ഷോയിലെ വിജയിയെ ലോകം നെഞ്ചിലേറ്റുന്ന മഹാഗായകൻ അറിയാതെയെങ്കിലും പ്രഖ്യാപിച്ചുകഴിഞ്ഞാൽപ്പിന്നെ അപ്പീലില്ല. അദ്ദേഹത്തിന്റെ പ്രഖ്യാപനത്തെ മറികടന്ന് ചാനൽ ടീമിന്റെ മറ്റൊരു വിധി വന്നാൽ ആപ്പിലാവുന്നത് ഏഷ്യാനെറ്റും, ജഡ്ജിംഗ് പാനലുമായിരിക്കും. മാത്രവുമല്ല കൽ‌പ്പന ഈ വിജയം അർഹിക്കുന്നുണ്ടെന്ന് ഏവർക്കും അറിയാം. ഒരു പത്തുപതിനഞ്ച് കൊല്ലം കഴിഞ്ഞാൽ ജീവിതത്തിലേയും, സ്റ്റാർ സിംഗർ ഷോയിലേയും നമ്മളെയൊക്കെ ഞെട്ടിപ്പിക്കുന്ന പല രഹസ്യങ്ങളും രഞ്ജിനി തന്റെ ആത്മകഥയിലൂടെ വെളിപ്പെടുത്തുമെന്ന് നമുക്ക് പ്രത്യാശിക്കാം. മൃദുല നല്ല ഗായികയാണെന്നും, നല്ല ശബ്ദമാണെന്നും ആരും പറയും. അന്ന് തരക്കേടില്ലാതെ പാടുകയും ചെയ്തു. ഇമ്മാനുവേൽ ദാസേട്ടനെ ഇമിറ്റേറ്റ് ചെയ്ത്, പാട്ടുകൾ പഴം വിഴുങ്ങിയ തൊണ്ടകൊണ്ട് പാടിയ പോലെ വികൃതമാക്കിയെന്നേ ഞാൻ പറയൂ. കൽ‌പ്പനയുടെ ആദ്യപാട്ട് കേട്ട് ഏവരും ഞെട്ടിക്കാണും. ശരത്തിനേയും ടീമിനേയും ഇമ്പ്രസ്സ് ചെയ്യിക്കാനുള്ള ശ്രമമായിരുന്നു ആ പാട്ട്.. അത് പാട്ടാണോ നട്ടപ്രാന്താണോ എന്ന് അതിന്റെ സംഗീതസംവിധായകൻ ശരത്തിനു തന്നെ അറിയാം. ഇത്രയും അറുബോറൻ ആവിഷ്കാരം ഒരിക്കലും മലയാളി ഇതിനുമുൻപ് കേട്ടിട്ടുണ്ടാവില്ല. എന്നാൽ നാഥാ നീ വരും എന്ന പാട്ട് മനോഹരമായി കൽ‌പ്പന പാടി. ഏതു റേഞ്ചിലും പാടാൻ കഴിവുള്ള മികച്ച ഗായികയാണ് കൽ‌പ്പനയെന്ന് ആർക്കും സംശയമുണ്ടാവില്ല. സത്യത്തിൽ ഈ പറഞ്ഞ മത്സരാർത്ഥികൾക്കല്ല സ്ഥാനങ്ങളും സമ്മാനങ്ങളും നൽകേണ്ടത്. ഈ ഷോ കണ്ടിരുന്ന മണ്ടൻ കാണികൾക്കും, എസ്. എം. എസ് തുരുതുരാ അയച്ച് കുത്തുപാളയെടുത്തവർക്കുമാണ്.

Wednesday, August 31, 2011

ഓണപ്പാട്ട്




















പതിയെ വിടർന്നാൽ മതി പകലേ..,
സ്വപ്നച്ചിറകടരാതെ മയങ്ങുമ്പോൾ...
അരിയ കിനാവിൻ സ്മൃതികളിലോണ-
ക്കുളിരിൽ മെല്ലെയുറങ്ങുമ്പോൾ...,
തിരികെ വരാനെന്നും എന്തു കൊതി
എനിക്കിന്നും ചിങ്ങപ്പൂവിറുക്കാൻ.....
എന്നും....  ചിങ്ങ.... പൂവിറുക്കാൻ.....
                                          (പതിയെ)

പൊന്നാര്യൻ പാടം വീണ്ടും
പുന്നെല്ലിൻ പുതുമണമേകി
പ്രിയമോടെ വിളിക്കുന്നെന്നെ
പൗർണ്ണമി രാവിൽ.......
തിരുവോണച്ചമയത്തിൽ
ഹൃദയത്തിൻ മണിമുറ്റം
പൂത്തുലയും പൂവിളിയിൽ പൂവനമായ്.....
                                        (പതിയെ)

തളിരോലച്ചില്ലകൾ മെല്ലെ
മഴിവില്ലുതൊടുന്നതുപോലെ
ഊഞ്ഞാലിൽ ഞാനാകാശം
ഉമ്മ വയ്ക്കും........
പൊന്നോണപ്പുലരികളിൽ
ഒരു തുമ്പപ്പൂവായ് ഞാൻ
വിരിയുന്നു പഴയൊരുനാടന്നിടവഴിയിൽ.....
                                        (പതിയെ)

Monday, August 22, 2011

ഇഴകൾ-നൂലിഴയിൽ ജീവിതം നെയ്തെടുത്തവർ.


സുവർണ്ണനൂലിഴയിൽ മെനഞ്ഞെടുത്ത കൈത്തറിയെന്ന കരവിരുതിന്‌ നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്‌. ഒരുകാലത്ത്‌ സവർണ്ണമേൽക്കോയ്മയുടെ  അടയാളങ്ങളായിരുന്ന കസവുൽപ്പന്നങ്ങൾ പിൽക്കാലത്ത്‌ കേരളീയരുടെ പൊതുസ്വത്തായി ഇടം പിടിക്കുകയുണ്ടായി. കേരള സംസ്കാരത്തിന്റെ ഭാഗമായി മാറിയ ഈ തനതുകലാസൃഷ്ടി കടൽ കടന്നിട്ടും മലയാണ്മയുടെ പെരുമ നിലനിർത്തിയിട്ടേയുള്ളൂ. അന്തസ്സിന്റേയും, ആഭിജാത്യത്തിന്റേയും പ്രതീകമായും, സാധാരണക്കാരന്റെ ലക്ഷണമൊത്ത ലാളിത്യമായും കസവും, കൈത്തറി ഉൽപ്പന്നങ്ങളും മലയാളിയുടെ നിത്യജീവിതത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമായി മാറിയത്‌ എന്നുമുതൽക്കാണെന്നതിന്‌ കൃത്യമായ കണക്കുകളില്ല. യഥാർത്ഥത്തിൽ ശീലങ്ങൾക്കപ്പുറം അവ നമ്മുടെ ജീവിതത്തോട്‌ ചേരുകയാണുണ്ടായത്‌. ആഘോഷങ്ങളേയും, വിശേഷദിവസങ്ങളേയും, വിവാഹമംഗളകർമ്മങ്ങളേയും അവിസ്മരണീയമാക്കുവാൻ കസവിൽ വിരിഞ്ഞ കൗതുകങ്ങൾ എക്കാലവും കേരളത്തിന്റെ ഹൃദയത്തുടിപ്പായി ഒപ്പമുണ്ടായിരുന്നു. നന്മയുടെ നാട്ടുമണം പേറുന്ന ഗ്രാമങ്ങളിൽനിന്നും നിശബ്ദമായി വിടർന്ന ഈ സർഗ്ഗചാരുതകൾ വിദേശമാർക്കറ്റുകളേയും വിസ്മയഭരിതമാക്കി.

പരമ്പരാഗതമായ ഉപജീവനമാർഗ്ഗം മാത്രമായിരുന്നില്ല കൈത്തറി. കച്ചവടം എന്നതിലുപരി അവ ഭാവനയുടേയും, ആശയസാക്ഷാത്ക്കാരത്തിന്റേയും, കരവിരുതിന്റേയും പൊന്നിൽച്ചാലിച്ച സുവർണ്ണമുദ്രകൾ കൂടിയായിരുന്നു. നെയ്ത്തുകാരനും പട്ടുസാരിയുമൊക്കെ നിശബ്ദസാന്നിധ്യം പകർന്ന് തേഞ്ഞുപോയ പുരാവൃത്തമായി ചരിത്രത്തിലലിഞ്ഞുചേർന്നിട്ടുണ്ട്‌ ഓരോ കാലങ്ങളിലും. പഴങ്കഥകളിലും, പുരാണങ്ങളിലും, പറഞ്ഞുതീരാത്ത ഇതിഹാസങ്ങളിലും, വീരഗാഥകളിലും ആരുമറിയാതെ പോയ, ആരുമോർക്കാതെ പോയ നെയ്ത്തുകാരുടെ കഥകളും, അവരുടെ വിരൽതൊട്ടുണർത്തിയ കനകവിസ്മയങ്ങളും ഉറങ്ങിക്കിടക്കുന്നുണ്ട്‌ ഒരിക്കലും ഇഴപൊട്ടാതെ. കൈത്തറി ചരിത്രമാകുന്നത്‌, അവ എക്കാലവും നമ്മുടെ സംസ്കാരത്തോട്‌ ചേർന്നുകിടന്നിരുന്നു എന്ന്‌ തിരിച്ചറിയുമ്പോൾ മാത്രമാണ്‌.

കൈത്തറിയുടെ ചരിത്രത്തിൽ എന്നും നിറഞ്ഞുനിൽക്കുന്ന പേരുകളാണ്‌ ബാലരാമപുരവും, കണ്ണൂരും, ചേന്ദമംഗലവും, വടകരയും, മണിയൂരും, തിക്കോടിയും, കീഴരിയൂരുമൊക്കെ.. രണ്ട്‌ നൂറ്റാണ്ടിലേറെ ചരിത്ര പാരമ്പര്യമുണ്ട്‌ ബാലരാമപുരം കൈത്തറിക്ക്‌. തിരുവിതാംകൂർ മഹാരാജാവായിരുന്ന അവിട്ടം തിരുനാൾ ബാലരാമവർമ്മയുടെ കാലത്താണ്‌ അനന്തപുരി കൈത്തറിയുടെ സ്വന്തം നാടായി മാറിയത്‌. ബാലരാമവർമ്മയുടെ ദളവയായിരുന്ന ഉമ്മിണിത്തമ്പി അക്കിക്കാടെന്നറിയപ്പെട്ടിരുന്ന വനപ്രദേശം വെട്ടിത്തെളിച്ച്‌ അവിടെ തമിഴ്‌നാട്ടിൽനിന്ന് നെയ്ത്തുകാരെ കൊണ്ടുവന്നു താമസിപ്പിച്ചു. വൈകാതെ ഈ സ്ഥലം നെയ്ത്തുകാരുടെ കേന്ദ്രമായി വളർന്നു. മഹാരാജാവിന്റെ ഓർമ്മ നിലനിർത്തുന്നതിനായി ഇവിടം ബാലരാമപുരമെന്ന് നാമകരണം ചെയ്യപ്പെട്ടു. ഇവിടത്തെ ഓരോ തെരുവിനും പറയാനുണ്ട്‌ കസവിന്റെ പത്തരമാറ്റ്‌ തിളക്കമുള്ള കഥകൾ. സാലിയ (ചാലിയ) തെരുവിലെ കുടിയേറി പാർക്കപ്പെട്ട നൂറുകണക്കിന്‌ തമിഴ്‌ ബ്രാഹ്മണർക്ക്‌ അന്നും, ഇന്നും അന്നം കൈത്തറി തന്നെ.


ശ്രീ. ചിത്തിരതിരുനാൾ ബാലരാമവർമ്മ മഹാരാജാവിന്റെ ഭരണകാലത്തും ബാലരാമപുരം കൈത്തറി ഫലപ്രദമായ മുന്നേറ്റം നേടിയിരുന്നു. ഒരു പ്രത്യേക ഭൂപ്രദേശത്ത്‌ തയ്യാറാക്കപ്പെടുന്ന അദ്വിതീയവും, സവിശേഷവുമായ ഉൽപ്പന്നങ്ങൾക്കാണ്‌ ജി. ഐ മുദ്ര ലഭിക്കുന്നത്‌. പേരുകേട്ട ബാലരാമപുരം സാരിക്ക്‌ ബൗദ്ധികസ്വത്തവകാശം ലഭിക്കുകയുണ്ടായതും, ഈ നേട്ടം വാർത്തകളിൽ ഇടം പിടിക്കാതെ പോയതും ഖേദകരമെന്നേ പറയേണ്ടൂ.. ഭൂമിശാസ്ത്ര ലക്ഷണ നിയമപ്രകാരം ബൗദ്ധികസ്വത്തവകാശം ലഭിക്കുന്ന കേരളത്തിലെ ആദ്യ കൈത്തറി ഉൽപ്പന്നമാണ്‌ ബാലരാമപുരം സാരി. പേറ്റന്റും പകർപ്പവകാശവും വ്യക്തികൾക്കാണ്‌ ലഭിക്കുന്നതെങ്കിൽ ഒരു സമൂഹത്തിന്റെ ബൗദ്ധികസ്വത്ത്‌ സംരക്ഷിക്കുന്നതാണ്‌ ജ്യോഗ്രഫിക്കൽ ഇൻഡിക്കേഷൻ എന്ന ജി. ഐ മുദ്ര. ബ്രാൻഡഡ്‌ വസ്ത്രങ്ങളുടെ കുത്തൊഴുക്കിലും കുത്താമ്പുള്ളിയും, ബാലുശ്ശേരിയും, ചെറുവണ്ണൂരും, പയ്യോർമലയും പോലുള്ള കസവുപൂക്കുന്ന ഗ്രാമങ്ങൾ പെരുമ ചോരാതെ കൈത്തറിയുടെ താളം നിലയ്ക്കാതിരിക്കാൻ ഇന്നും ഏറെ പണിപ്പെടുന്നുണ്ട്‌.

ബാലരാമപുരത്തെ ഭൂരിഭാഗം വീടുകളും ഒരുകാലത്ത്‌ കൈത്തറികളാൽ സമ്പന്നമായിരുന്നു. തായ്‌വഴിയായി കിട്ടിയ ഈ കുലത്തൊഴിൽ ഇന്നും നിലനിർത്തിപ്പോരുന്ന വളരെക്കുറച്ച്‌ കൈത്തറിശാലകളിൽ നിന്നാണ്‌ കറാൽക്കടയിലൂടെയും, കസവുകടയിലൂടെയും, ഹാന്റെക്സിലൂടെയും, ഹാന്റ്‌വീവിലൂടെയുമൊക്കെ നമ്മളിലേയ്ക്കെത്തിച്ചേരുന്ന കൈത്തറിയുടെ ശേഷിക്കുന്ന അടയാളങ്ങൾ നിലനിൽക്കുന്നത്‌. പരമ്പരാഗതമായി കൈമാറപ്പെട്ട ഈ തൊഴിൽ 1970 കളിലും 80 കളിലും സജീവമായിരുന്നെങ്കിലും കച്ചവട സാധ്യതകളുടെ നിറം മങ്ങലിലും, യന്ത്രത്തറികളുടെ കടന്നുവരവിലുമൊക്കെ അരക്ഷിതാവസ്ഥയിലായി. തലമുറകളായി കിട്ടിയ കരവിരുത്‌ സ്വന്തം മക്കളെപ്പോലും പഠിപ്പിക്കുവാനുള്ള ധൈര്യവും, വിശ്വാസവും കഴിഞ്ഞ തലമുറയിൽപ്പെട്ടവർക്കുണ്ടായില്ല. ആശങ്കകളും, ദാരിദ്ര്യവും സദാ സമ്മാനിച്ച കൈത്തറി അവർക്ക്‌ കയ്പ്പേറിയ കൈത്തിരി മാത്രമായിരുന്നു. പിന്നീടുള്ള നാളുകളിൽ സഹകരണ സംഘങ്ങളും, ഇടനിലക്കാരും, വ്യാപാരികളും തടിച്ചുകൊഴുത്തെങ്കിലും നെയ്ത്തുകാരന്റെ വീട്ടിൽ കരിന്തിരി മാത്രമായി. പരമ്പരാഗതമായ സ്വയം തൊഴിലാണ്‌ കൈത്തറി. ഓരോ വീടുകളിലും ചെറുതും വലുതുമായി നിറഞ്ഞുനിന്നിരുന്ന പടിപ്പുരകൾ ഏറെ വൈകാതെ തൊഴുത്തും, വിറകുപുരയുമൊക്കെയായി രൂപം മാറി. കാലാകാലങ്ങളിൽ മാറിമാറി വന്ന സർക്കാരിന്റെ വാഗ്ദാനങ്ങളിൽ നെയ്ത്തുകാരന്റെ അത്താഴസ്വപ്നം ആവിയായിപ്പോയതല്ലാതെ ഒന്നും സംഭവിച്ചില്ല. ക്ഷേമനിധികളും, പെൻഷൻ പദ്ധതികളും അത്യാവശ്യഘട്ടത്തിന്‌ ഒരു നെയ്ത്തുകാരനേയും തുണച്ചതുമില്ല. പ്രാരാബ്ദങ്ങളും, പ്രശ്നങ്ങളും നിറഞ്ഞ സംഘർഷജീവിതവുമായി അവരെന്നും ഇവിടെ മല്ലിട്ടുകൊണ്ടേയിരുന്നു; നഗരത്തേയും, നമ്മുടെ പൈതൃകത്തേയും കസവുടുപ്പിക്കുവാൻ. പ്രഗൽഭരായ പല തൊഴിലാളികളും നിവൃത്തിയില്ലാതെ മറ്റ്‌ പലതൊഴിലുകളിലേയ്ക്കും തിരിഞ്ഞു. നെയ്ത്തല്ലാതെ മറ്റ് തൊഴിലറിയാത്തവർ അന്നും ഇന്നും ഈ പണി തുടരുന്നതുകൊണ്ട്‌ ഭാഗ്യവശാൽ കൈത്തറി അന്യം നിന്നുപോയില്ല. അവരുടെ മംഗളകർമ്മങ്ങളെ വിലയേറിയ കസവൊളികൾ ദീപ്തമാക്കിയില്ല. അവരുടെ പെണ്മക്കൾ കസവിന്റെ പട്ടുസാരിയുടുക്കാതെ വിലകുറഞ്ഞ യന്ത്രപ്പുടവയിൽ ആഗ്രഹമുള്ളിലൊതുക്കി.

ജീവിതത്തിലെ സുവർണ്ണ മുഹൂർത്തങ്ങളെ പ്രശോഭിപ്പിക്കുവാൻ കഴിയാതെ അവർ മറ്റുള്ളവരുടെ ജീവിതത്തിൽ കസവുകൊണ്ട്‌ മുന്താണികളും, കുഞ്ചലങ്ങളും മെടഞ്ഞു. നിറം മങ്ങിയ ജീവിതം പോലെ വിലകുറഞ്ഞ ഉടയാടകളിൽ സംതൃപ്തരായി ജീവിതം പിന്നെയും, പിന്നെയും ഇഴപൊട്ടാതെ മെനഞ്ഞുകൊണ്ടേയിരുന്നു.

സഹകരണ സംഘങ്ങളും, വിൽപ്പനകേന്ദ്രങ്ങളും വിരലിലെണ്ണാവുന്നതായി ചുരുങ്ങുകയും, വിൽപ്പനയുടെ ഗണ്യമായ കുറവും, കസവിന്റേയും, പാവിന്റേയും, നൂലിന്റേയും മറ്റ്‌ അസംസ്കൃത വസ്തുക്കളുടേയും വിലവർദ്ധനയും നെയ്ത്തുകാരനേയും, കുടുംബത്തേയും എന്നും തീരാവറുതികളിലേയ്ക്ക്‌ തള്ളിവിട്ടതേയുള്ളൂ. നെയ്ത്ത്‌ ഒരു കലയാണ്‌, കാലത്തിന്റെ സാക്ഷ്യപ്പെടുത്തലും. നീതികരിക്കപ്പെടാനാവാത്ത തിരസ്കാരങ്ങളും, ചൂഷണങ്ങളും, പ്രീണനങ്ങളും ഇവർക്കുമേൽ എന്തിനാണ്‌...? വിൽക്കപ്പെടാതെ പൊടിപിടിച്ച തുണിത്തരങ്ങളുടെ കൂമ്പാരം കണ്ട്‌ പകച്ച ഇവർ എന്തുറപ്പിൻമേൽ ഇനി വിരലുകൊണ്ട്‌ ജീവിതം വരയ്ക്കും...? ഒരുകാലത്ത്‌ ഉൽപ്പാദകനും, ഉപഭോക്താവിനും, വിൽപ്പനക്കാരനും ലാഭമായിരുന്ന ഒരു തൊഴിൽമേഖല അന്യം നിന്നുപോകാതെ കാത്തുസൂക്ഷിക്കേണ്ട ചുമതലയും, ബാധ്യതയും സർക്കാരിനുണ്ട്‌. വർഷാവർഷമുള്ള ദേശീയ-സംസ്ഥാന അവാർഡിൽ മാത്രമൊതുക്കാവുന്നതല്ല സർക്കാരിന്റെ ഉത്തരവാദിത്വം. ശനിയാഴ്ചതോറും മുണ്ടുടുത്ത്‌ സർക്കാരോഫീസിനേയും, നെയ്ത്തുകാരേയും പുളകം കൊള്ളിച്ച ഉത്തരവുകളിന്നെവിടെയാണ്‌...?

നെയ്ത്തുകാരന്റെ തേഞ്ഞുതീരുന്ന കാലടികളും, സൂക്ഷ്മതയും, മങ്ങലേൽക്കുന്ന കാഴ്ചയും, കരവിരുതും നമ്മുടെ സംസ്കൃതിയ്ക്ക്‌ നിറം ചാർത്താൻ ഇനിയും വേണം. പക്ഷെ അർഹിക്കുന്ന ആനുകൂല്യങ്ങളോ, വിലയോ, സുരക്ഷിതത്വമോ ഒന്നും നെയ്ത്തുകാരൻ ഒരിക്കലും പ്രതീക്ഷിക്കരുതെന്നു മാത്രം.. ഇൻഡ്യയിൽ കാർഷികമേഖല കഴിഞ്ഞാൽ ഏറ്റവുമധികം പേർ ഉപജീവനമായി കണ്ടിരുന്ന തൊഴിൽമേഖലയായിരുന്നു കൈത്തറി. അശാസ്ത്രീയവും, ദീർഘവീക്ഷണവുമില്ലാത്ത സർക്കാരിന്റെ പദ്ധതികൾ കൈത്തറിയുടെ വളർച്ചയെ പ്രതികൂലമായി ബാധിച്ചു. ആഭ്യന്തരവിപണിക്കൊപ്പം, വിദേശകമ്പോളത്തേയും ആശ്രയിക്കുന്നുണ്ടെങ്കിലും അടിക്കടിയുണ്ടാകുന്ന സാമ്പത്തികമാന്ദ്യവും, പ്രതിസന്ധികളും എന്നും പ്രതിബന്ധമായി നിലകൊണ്ടു. രാജ്യത്തിന്റെ സമ്പദ്‌ഘടനയും, ഇൻഡ്യയുടെ പൈതൃകവും, സംസ്കാരവും സംരക്ഷിക്കുന്നതിൽ നിർണ്ണായകമായ പങ്ക്‌ വഹിക്കുന്ന കൈത്തറിയുടെ ഇരുണ്ടഭാവിക്കുമേൽ എന്നാണിനി സർക്കാരിന്റെ കണ്ണുതുറക്കുക...?  നൂലിഴയിൽ ജീവിതം നെയ്തെടുക്കാൻ ബദ്ധപ്പെടുന്നവരുടെ കണ്ണീർ അവഗണിച്ചുകൊണ്ട്‌ കേരളം വളരുകയാണ്‌.. ഭാഷയും, ദേശവും മറികടന്ന് കലയുടെ വിളനിലമായി പാശ്ചാത്യരെ വിസ്മയിപ്പിച്ചുകൊണ്ട്‌ ദൈവത്തിന്റെ ഈ സ്വന്തം നാട്‌ വളർന്നുകൊണ്ടേയിരിക്കുന്നു...!
(ചിത്രങ്ങൾ: ഗൂഗിൾ)