Wednesday, July 29, 2009

പകരക്കാരനില്ലാത്ത പെർഫോമറുടെ ലഫ്റ്റനന്റ്‌ വിശേഷങ്ങൾ!


ലാൽ എപ്പോഴും മലയാളികൾക്കൊരു വിസ്മയമാണ്‌. പകരക്കാരനില്ലാത്ത ഈ നടൻ തന്റെ വ്യക്തിത്വത്തെ സ്വയം വിലയിരുത്തുന്നത്‌ നിഷേധിയെന്നാണ്‌. (പരിചയക്കാർക്കും, പരിചയപ്പെടുന്നവർക്കും അങ്ങിനെ തോന്നുന്നില്ലെങ്കിലും ചില്ലറ നിഷേധിത്തരങ്ങളൊക്കെ കൈയിലുണ്ടെന്നാണ്‌ കേൾവി.) 'സൗന്ദര്യമുള്ള എന്തിനോടും 'പണ്ടേ വലിയ ഭ്രമമാണ്‌ ലാലിന്‌.
തന്റെ പക്കൽ വിലമതിക്കാനാവാത്ത അനേകം അപൂർവ്വസുന്ദര കലാരൂപങ്ങൾ ഉണ്ടെന്ന്‌ ചൂണ്ടിക്കാണിക്കുമ്പോൾ സ്വതസിദ്ധമായ ഒരു കള്ളച്ചിരി കൂടി നാം മനസ്സിൽ കാണണം.. പുരിഞ്ചിതാ..? തിരനോട്ടത്തിലൂടെ വന്നെത്തി നോക്കിയ പഴയ ലാലല്ല, മലയാളിയുടെ സ്വകാര്യ അഹങ്കാരമായ മോഹൻലാലിന്ന്‌. അഭിനയത്തിന്റെ വൻകര കീഴടക്കുമ്പോഴും ഈ വിനീതൻ വിജയപരാജയങ്ങളെക്കുറിച്ചോർത്ത്‌ ഖിന്നനുമല്ല. ഒരു സിനിമ വിജയിക്കുമ്പോൾ ആഹ്ലാദം കൊള്ളുകയോ, പരാജയപ്പെടുമ്പോൾ നിരാശപ്പെടുകയോ ചെയ്യുന്ന പ്രകൃതമല്ല താനെന്ന്‌ ആണ- യിടുന്നതിനോട്‌ നമുക്ക്‌ മനസ്സുകൊണ്ട്‌ വിയോജിക്കാം. കാരണം ഇതൊരു നിഷേധിയുടെ വെളിപാടുമാത്രമാണ്‌. ഒരു ശരാശരി മനുഷ്യന്റെ വികാരങ്ങൾ ചിലപ്പോൾ ഋഷിതുല്യനായ നിഷേധിയിൽ കണ്ടെന്നുവരില്ല. കാർഗിൽ യുദ്ധഭൂമിയിൽ ഷൂട്ടിങ്ങിനെത്തുമ്പോഴാണ്‌ പട്ടാളക്കാരുടെ പോരാട്ടവീര്യത്തിന്റേയും, ജീവത്യാഗത്തിന്റേയും വില ശരിക്കും മനസ്സിലാകുന്നത്‌. മഞ്ഞും, മഴയും, പൊരിവെയിലും അവഗണിച്ചുള്ള റിസ്ക്‌ പിടിച്ച ഷൂട്ടിംഗ്‌ കഴിഞ്ഞപ്പോൾ ലാലിന്റെ 'ഊപ്പാട്‌' (തിരോന്തരം ഭാഷ) വന്നൂവെന്നാണ്‌ കേൾവി. സഹനത്തിന്റേയും ധർമ്മസമരത്തിന്റേയും ചോരപുരണ്ട മണ്ണ്‌ ഷൂട്ടിംഗിന്റെ പേരിലെങ്കിലും ഒന്നു സ്പർശിക്കാനായല്ലോ, അതിനും വേണമൊരു ഭാഗ്യം! സദയം, താഴ്‌വാരം, വാനപ്രസ്ഥം, ഗുരു തുടങ്ങിയ സിനിമകളിലൂടെ മോഹൻലാൽ എന്ന നടന്റെ അസാധ്യവും, അതിഗംഭീരവുമായ അഭിനയവും മാനറിസങ്ങളും നമ്മൾ കണ്ടവരാണ്‌. കീത്തിചക്രയിലേയും, കുരുക്ഷേത്രയിലേയും ധീരതയും, ആത്മാഭിമാനവും നിറഞ്ഞ പട്ടാള കഥാപാത്രങ്ങൾ ലാലിന്റെ അഭിനയ ജീവിതത്തിലെ നാഴികക്കല്ലുകളെന്നുപറയുന്നതുപോലും ശുദ്ധ ഭോഷ്ക്‌..! ശരാശരി നിലവാരമുള്ള ഈ രണ്ട്‌ സിനിമകളും കഥാപാത്രങ്ങളും ഒരു നാണയത്തിന്റെ
ഇരുവശങ്ങളാണ്‌. ഒരു തുടർ സിനിമയെ അനുസ്മരിപ്പിക്കുന്ന സമാന സ്വഭാവമുള്ള ഈ രണ്ട്‌ സിനിമകളിലും മോഹൻലാൽ എന്ന നടന്‌ വൈവിധ്യത പ്രകടിപ്പിക്കാനുള്ള സാധ്യത പോലുമില്ലായിരുന്നു. കീത്തിചക്രവരെ നോക്കുകയാണെങ്കിൽ തനിക്കു കിട്ടിയ അപാരമായ അഭിനയ സാധ്യതയില്ലാത്ത കഥാപാത്രത്തെ പരമാവധി ഭംഗിയാക്കാനായി എന്നുമാത്രം ലാലിന്‌ ആശ്വസിക്കാം.., അത്രമാത്രം..! നേരും നുണയും: ഭാരതത്തിന്റെ മഹത്തായ സംസ്കാരവും ദേശസ്നേഹവും രണ്ട്‌ സിനിമാഭിനയത്തിലൂടെ പ്രേക്ഷകരെ ഓർമ്മപ്പെടുത്തിയതുകൊണ്ട്‌ ചുളുവിൽ കിട്ടിയത്‌ (ചുളുവിലല്ലാട്ടോ, ചില കളികളൊക്കെയുണ്ടെന്നു പിന്നാമ്പുറ പരദൂഷണം) ഒരു ലഫ്റ്റനന്റ്‌ കേണൽ പദവി! രാജ്യത്തിനുവേണ്ടി യഥാർത്ഥത്തിൽ പോരാടുന്ന ഒരു സാദാ പട്ടാളക്കാരന്‌ എത്ര കാലം രാജ്യത്തെ സേവിച്ചാലാണ്‌ ഒരു പരമോന്നത ബഹുമതി കിട്ടുന്നത്‌..? മരണാനന്തര ബഹുമതിയായാലും പരേതനെ തേടിയെത്തണമെങ്കിൽ അതിനും വേണമൊരു സമയം..! (ഇത്ര സ്പീഡ്‌ ഉണ്ടാകില്ല്ലെന്നുസാരം അങ്ങിനെയെങ്കിൽ ഇന്നുവരെ ഇറങ്ങിയിട്ടുള്ള പട്ടാള സിനിമകളിലെ സകല നായകന്മാർക്കും ഈ പുരസ്കാരം ബാധകമാണ്‌. (മമ്മൂട്ടി നായർ സാബിലൂടെ പട്ടാളക്കാരനായപ്പോൾ ഒരു ടെറിട്ടോറിയൽ മഹാമഹങ്ങളൊന്നുമില്ലായിരുന്നു) വാലും തുമ്പും: അഭിനയിച്ച വ്യത്യസ്ത കഥാപാത്രങ്ങളുടെ അതേ ഡെസിഗ്നേഷൻ, ഇതര സേവന വിഭാഗങ്ങളിൽ ഉൾപ്പെടുത്തുകയാണെങ്കിൽ നമുക്കിനിയും ചിരിക്കേണ്ടിവരും, ഇതേപോലെ..! അപ്പോ വാനപ്രസ്ഥത്തിലെ അഭിനയത്തിന്‌ കലാമണ്ഡലവും, ഹരികൃഷ്ണൻസിലെ അഭിനയത്തിന്‌ അഡ്വക്കേറ്റ്‌ പദവിയും ഉള്ളടക്കത്തിലെ അഭിനയത്തിന്‌ ഡോക്ടർ പദവിയുമൊക്കെ നൽകേണ്ടി വരും..! അഭിനയം ഒരു കലയെന്നതിലുപരി ഒരു തൊഴിൽകൂടിയാണ്‌. ലാൽ അത്‌ ഭംഗിയായി ചെയ്യുന്നു. അതിനുള്ള അംഗീകാരങ്ങൾ ലാലിനു കിട്ടിയിട്ടുണ്ട്‌, കിട്ടുന്നുമുണ്ട്‌... അല്ലാതെ അർഹിക്കാത്തവർക്കുള്ള ആദരവ്‌, അതർഹിക്കുന്നവരോടുള്ള അനാദരവാണ്‌..!


4 പേർ മൊഴിഞ്ഞു:

ശ്രീ said...

നന്നായി, മാഷേ

bijinkrishna said...

മലവെള്ളപ്പാച്ചില്‍ പോലെ നാട് ഓടുമ്പോള്‍ കരയ്ക്ക് കയറി നിന്ന് കാര്യങ്ങള്‍ ഒക്കെ ഒന്നു നോക്കിയിട്ട് അഭിപ്രായം പറയാന്‍ സാധിക്കുന്നു.
അഭിവാദ്യങ്ങള്‍..
ഒരു അഭിപ്രായം പറഞ്ഞോട്ടേ, സാധാരണ പട്ടാളക്കാരന്‌ ഈ റാങ്കിലെത്താനുള്ള ബുദ്ധിമുട്ടിനെ പറ്റി പറഞ്ഞല്‍ലോ... അത് അത്ര വലിയ പ്രശ്നമാണോ? പ്രത്യേകിച്ച് ലാലിന്റെ പദവി 'ഓണററി' ആയതു കൊണ്ട്? സര്‍‌വകലാശാലകള്‍ ഓണററി ഡോക്ടറേറ്റ് നല്‍കുന്നത് പോലെയല്ലേ ഇതും?

ആ രണ്ടു സിനിമകളും മികവുറ്റ സംഭാവനകള്‍ നല്‍കിയിട്ടുണ്ട് എന്ന് സൈന്യത്തിനു തോന്നി എന്നത് നേരാണെങ്കില്‍ മേജര്‍ രവിയെ ഒരു ബ്രിഗേഡിയര്‍ രവിയെങ്കിലും ആക്കാമായിരുന്നു. അതല്ലേ കൂടുതല്‍ ശരി. അതാവുമ്പോ പ്രൊമോഷന്‍ സംബന്ധിച്ച പണിക്കരുടെ പരാതിയും ഒഴിവാക്കാമായിരുന്നു.. ;)

Pyari said...

ആ അവസാനത്തെ വാചകത്തിന് ഒരു പുസ്തകത്തിലെന്ന പോലെ ഒന്ന് അടിവരയിടുന്നു കേട്ടോ.

Pyari said...

പറയാന്‍ വന്നത് പറയാന്‍ മറന്നു. ആ ടൈറ്റില്‍ എനിക്ക് വളരെ ഇഷ്ടമായി കേട്ടോ.