Tuesday, August 25, 2009

ഓണക്കിനാവുകള്‍
















വെ
യില്‍ മാഞ്ഞു മൌനം മടുപ്പാര്‍ന്നു
നെഞ്ചില്‍ കനത്തുനില്‍ക്കെ,
പിന്നില്‍ വന്നു നില്‍പ്പതെന്നോര്‍മ്മത്തടങ്ങളില്‍
‍ചിങ്ങമാസത്തിന്‍ ചൂടും വിചാരവും...
മങ്ങി മങ്ങിത്തെളിയുന്നു സൌവര്‍ണ്ണം
മിന്നിമായുന്നൊരേകാന്ത താരമായ്‌...
സ്മൃതികളില്‍ തേക്കുപാട്ടിന്റെ ശീലുകള്‍,
പൂക്കളൊക്കെ മണത്തെത്തുമാവണിത്തുമ്പികള്‍...
മുക്കുറ്റികള്‍ മൂത്തു നരച്ചു നില്‍ക്കുന്നുവോ,
മുന്നിലായ്‌ മുറ്റത്തു നാം വരച്ചിട്ടൊരത്തവും...
തുമ്പകള്‍ വാടിത്തളര്‍ന്നതെന്തേ,
വയല്‍ചന്തവും വാസനക്കാറ്റും മറഞ്ഞതെന്തേ..?
എത്ര ജന്മം കഴിഞ്ഞാലുമോര്‍മ്മകള്‍
‍വിടര്‍ന്നിടുമിടയ്ക്കൊരോണം വരുമ്പൊഴും...
കഴിയില്ല, പൂമുഖം പനിച്ചിരിക്കുമ്പോള്‍
‍അധികനേരമിവിടെത്തനിച്ചിരിക്കുവാന്‍..
മുഖം കുനിച്ചു മൌനമായ്‌
വളഞ്ഞ മൂവാണ്ടനും മറക്കുമോ
ഉണര്‍ത്തുപാട്ടിന്റെയൂഞ്ഞാലുകള്‍..
പിന്നെയും വന്നുപോയാവണിപ്പൂമകള്‍
‍പിന്നില്‍ വന്നുനില്‍പ്പതെന്നോര്‍മ്മത്തടങ്ങളില്‍...
വെണ്ണിലാവിന്‍ വഴി മിന്നിപ്പൊലിഞ്ഞുവോ,
പ്രേമമൂറും മിഴിപ്പൂക്കളം മാഞ്ഞുവോ,
മാരിവില്ലിന്‍ നിറങ്ങളായ്‌ ബാല്യം
മായാത്തൊരോര്‍മ്മപോല്‍ മങ്ങിത്തിളങ്ങിയോ..?
എത്രവേഗം നാം നടന്നകന്നേതോ
മടുപ്പിന്റെ ശിഷ്ടജീവിത സത്രത്തിരക്കില്‍...
സ്നേഹപൂര്‍വ്വം പറഞ്ഞീല ഞാനൊന്നും
നോവേറുമേകാന്ത രാത്രിയില്‍,
ഖേദപൂര്‍വ്വം ഓര്‍ത്തെടുക്കാന്‍ കഴിഞ്ഞീല
വാക്കുകള്‍, പരസ്പരം മുന്നില്‍ നാം
മാഞ്ഞുതീരുമ്പൊഴും...
എത്ര ജന്മം കഴിഞ്ഞാലുമോര്‍മ്മകള്‍
‍വിടര്‍ന്നിടുമിടയ്ക്കൊരോണം വരുമ്പൊഴും...
പൂക്കളെല്ലാം മരിച്ചുപോയ്‌ നഗര-
പ്പരിഷ്ക്കാര സന്ധ്യയില്‍,
മരണവേഗം പകര്‍ന്നെങ്ങോ മറഞ്ഞുപോയ്‌
ചിങ്ങമാസത്തിന്‍ ചൂടും വികാരവും...
ഓണമെന്നാല്‍ പുത്തന്‍ കുരുന്നുകള്‍ക്കറിയാം
കലണ്ടറില്‍ത്തെളിയും സ്കൂളടപ്പിന്‍
‍ചുവന്ന രണ്ടക്ഷരം...!
അവധിക്കുമേല്‍ത്തിളങ്ങും
നിറം മങ്ങും പഴങ്കഥ...!

1 പേർ മൊഴിഞ്ഞു:

ശ്രീ said...

"ഓണമെന്നാല്‍ പുത്തന്‍ കുരുന്നുകള്‍ക്കറിയാം
കലണ്ടറില്‍ത്തെളിയും സ്കൂളടപ്പിന്‍
‍ചുവന്ന രണ്ടക്ഷരം...!
അവധിക്കുമേല്‍ത്തിളങ്ങും
നിറം മങ്ങും പഴങ്കഥ...!"

സത്യം തന്നെ. നന്നായിരിയ്ക്കുന്നു, മാഷെ.

ഓണാശംസകള്‍!