Tuesday, September 29, 2009

സെൽഫ്‌ പോർട്രേറ്റ്‌-1986


രുണ്ട റൂമിലെ
കറുത്ത ഭിത്തിയിൽ
തറച്ചുവച്ചു ഞാൻ
തെളിഞ്ഞ പുഞ്ചിരി....
നനുത്ത മീശമേൽ
തുളുമ്പി നിൽപ്പതോ
പഴയ ധീരമാം
നിറഞ്ഞ 'ഗൗരവം'.....
ഇതെത്ര മോഹനം
ഇതെത്ര വിസ്മിതം,
ഞെളിഞ്ഞുനിന്നു ഞാൻ
'എനിക്കു'മുന്നിലായ്‌.....
വിടർന്ന കണ്ണുകൾ
വിശാല ശോഭിതം,
അതീവ സുന്ദരം
നനുത്ത ചുണ്ടുകൾ..,
അതെത്ര കോമളം
വിലാസ ലോലിതം
തുടുത്തിരിക്കയാ-
ണിരു കവിൾത്തടം,
ജ്വലിച്ചിരിക്കയാ-
ണതാണത്ഭുതം....
ഞെളിഞ്ഞുനിന്നു ഞാൻ
എനിക്കുമുന്നിലായ്‌,
ഭ്രമിച്ചിരുന്നു ഞാൻ
തനിച്ചു രാത്രിയിൽ....
...................................
നരച്ച മീശയിൽ
പതിഞ്ഞൊരെൻ വിരൽ
തനിച്ചു മേയവെ,
അറിഞ്ഞതില്ലയീ-
ക്കൊഴിഞ്ഞ യൗവ്വനം,
വരണ്ട ജീവിതം
വരച്ച വാസ്തവം.......!
.....................................
കറുത്ത ചുണ്ടുകൾ
അറുത്തു മാറ്റുവാൻ,
ചുളിഞ്ഞ കണ്ണുകൾ
ഒളിച്ചുവയ്ക്കുവാൻ
കഴിഞ്ഞിടാതെ ഞാൻ
മിഴിച്ചിരുന്നുപോയ്‌
എനിക്കുമുന്നിലായ്‌
കഴിഞ്ഞ രാത്രിയിൽ....!

23 പേർ മൊഴിഞ്ഞു:

സുനില്‍ പണിക്കര്‍ said...

ഇതാണാത്മ പ്രശംസ.!
നഷ്ടപ്പെട്ട യൗവ്വനം
നോക്കി ഇടയ്ക്കിടെ
നെടുവീർപ്പിടുക, പ്രതാപ
കാലത്തെക്കുറിച്ചോർക്കവെ
പഴയ പോട്ടം നോക്കി
ഊറ്റം കൊള്ളുക...
അതിനൊരു സുഖമുണ്ട്‌..
എന്തര്‌..?

പകല്‍കിനാവന്‍ | daYdreaMer said...

പണിക്കര്‍ജീ,
ഇഷ്ടമായി ഈ വരികളും ആശയവും..

ശ്രീ said...

നന്നായിട്ടുണ്ട് മാഷേ.ആശംസകള്‍!

നിശാഗന്ധി said...

ബാല്യം,കൌമാരം,വാര്ദ്ധ്യക്യം.മനുഷ്യന്റെ മൂന്നു തലങ്ങളെ ശരിക്കും വരച്ചു കാട്ടിയിട്ടുണ്ട് ഈ കവിതയില്‍ .........
നഷ്ടപ്പെട്ടതൊന്നും തിരിച്ചു കിട്ടില്ല......

ആശംസകള്‍ ശ്രി.സുനില്‍ പണിക്കര്‍

Eranadan / ഏറനാടന്‍ said...

കവിത പണ്ടേ എന്നെ കണ്ടാല്‍ ഓടിപ്പോവും. ഒന്നും മനസ്സിലാക്കാന്‍ നില്‍ക്കാതെ മാറിപ്പോകും.. എന്താ ചെയ്ക എന്റെ പണിക്കരേ?

കണ്ണനുണ്ണി said...

ശ്ശൊ എസ് പി അടിക്കുന്നു...
ഹിഹി പണിക്കരെ :-)

പള്ളിക്കുളം.. said...

പണിക്കന്മാരു ഇങ്ങനേം കവിതയെഴുതുവോ?
കൊള്ളാം, നല്ല ആശയം. താളം.
ഇനീം വരാം..

നീര്‍വിളാകന്‍ said...

പണിക്കര്‍ജീ... കവിത കൊള്ളാം... ആശയം അര്‍ത്ഥവത്താണ്... എങ്കിലും പഴയകാല കവിതകളെ ഓര്‍മ്മിപ്പിക്കുന്ന ഒരു കവിതയെ ആധുനികനാക്കാന്‍ വരികള്‍ ചെറുതാക്കി ഭംഗി നഷ്ടപ്പെടുത്തിയോ എന്നൊരാശങ്ക!

ചാണക്യന്‍ said...

പഴയ പോട്ടം നോക്കിയുള്ള ഊറ്റം കൊള്ളലിന്റെ കവിത പെരുത്തിഷ്ടായി....
പണിക്കരെ പണി തുടരുക:):):)
ആശംസകൾ....

മാണിക്യം said...

കാലത്തിന്റെ തികവില്‍
ഏറ്റുവാങ്ങിയ അനുഭവസമ്പത്ത്
വെളുപ്പിച്ച മീശ അത് കോട്ടമല്ല നേട്ടം തന്നെയാണ്
മുന്നില്‍കൂടി കടന്നു പോയ കാഴ്ചകളും കാലവും
വരുത്തിയ ചുളിവുകള്‍ നിവര്‍ത്തിയാല്‍ ഒരു
കാലഘട്ടത്തിന്റെ കഥ!
അഭിമാനിക്കാം! ആദരിക്കാം!
ഭിത്തിയിലേ ഓമനത്വമുള്ള മുഖം
അതെന്നും മനസ്സിന്റെ മുഖമുദ്രയാവട്ടെ!

ബാലചന്ദ്രൻ ചുള്ളിക്കാട് said...

ജീവിതത്തിന്റെ ഋതുഭേദങ്ങൾ ഛായാചിത്രമെന്ന ബിംബത്തിലൂടെ ധ്വനിപ്പിക്കാനുള്ള ശ്രമം നന്നായി. കവിതയ്ക്ക് പാരായണക്ഷമതയുണ്ട്.വാചാലത ഒരു കാവ്യദോഷമാണ്.

രഘുനാഥന്‍ said...

പണിക്കര്‍ ജീ..ഡോണ്ട് വറി ആകാതെയിരിക്കൂ ...ഇപ്പോഴും പഴയ പ്രതാപം ആ മുഖത്ത്‌ കാണുന്നുണ്ട്..!!. കവിതക്കും കവിക്കും ആശംസകള്‍

പോങ്ങുമ്മൂടന്‍ said...

പണിക്കരേട്ടാ

1986 കാലം ഇഷ്ടപ്പെട്ടു :).

സത്യത്തില്‍ യൌവ്വനം നഷ്ടപ്പെട്ടോ? പുറത്തുപറയണ്ടാ. നാട്ടില്‍ വരുമ്പോള്‍ ഞാന്‍ ഒരു ഒറ്റമൂലി പറഞ്ഞുതരാം. ബെസ്റ്റാ.. :)

panikkers said...
This comment has been removed by a blog administrator.
സുനില്‍ പണിക്കര്‍ said...

പകൽ
ശ്രീ
നിശാഗന്ധി
ഏറനാടൻ
കണ്ണനുണ്ണി
പള്ളിക്കുളം
നീവിളാകം
ചാണക്യൻ
മാണിക്യം
രഘുനാഥൻ
പോങ്ങുമ്മൂടൻ...
നന്ദി..
എന്റെ ഈ കൊച്ചു വരികൾ
വായിക്കാൻ സമയം
കണ്ടെത്തിയതിന്‌....!
ബാലൻ മാഷെ,
ഈ കമന്റ്‌ എന്നെ അൽഭുതപ്പെടുത്തി..
ഞാൻ പ്രതീക്ഷിച്ചത്‌ പഴയ ധാർഷ്ഠ്യമാണ്‌....
പക്ഷെ താങ്കൾ ഒരുപാടുയരത്തിലാണ്‌..
ചിദംബര സ്മരണ വായിക്കും മുൻപു വരെ കവി ബാലചന്ദ്രനിലെ
വ്യക്തിയെ എനിക്കിഷ്ടമില്ലായിരുന്നു. എന്റെ കണ്ണുനനച്ച ചിദംബരസ്മരണ നിങ്ങളെക്കുറിച്ചുള്ള എന്റെ മിഥ്യാധരണകളെ മാറ്റിമറിച്ചു. അന്നു തന്നെ ഞാൻ കൊച്ചിയിലെ വിലാസത്തിൽ ഒരു നീണ്ട കത്തയച്ചു. മാസങ്ങളോളം മറുപടി പ്രതീക്ഷിച്ചു ഞാൻ കാത്തിരുന്നു. നൂറനാട്ട്‌ വിജയലക്ഷ്മി ചേച്ചിയുമൊത്ത്‌ ചടങ്ങിൽ
പങ്കെടുക്കാനെത്തിയപ്പോൾ ഞാൻ അടുത്തുണ്ടായിരുന്നു. ഒരു വാക്കുപോലും പറയാതെ...അന്നവസാനിച്ചു എന്റെ കവിതയെഴുത്ത്‌.. ദാ ഇപ്പൊ വർഷങ്ങൾക്കുശേഷമാണ്‌ കവിത
എത്തിപ്പെട്ടതുതന്നെ. കവിയായി അറിയപ്പെടാൻ ഞാൻ ഒട്ടും ആഗ്രഹിക്കുന്നില്ല.
അതിനുള്ള പ്രതിഭയും എനിക്കില്ല..(ആ ലേബൽ പണ്ടു ഞാനിഷ്ടപ്പെട്ടിരുന്നുവെങ്കിലും.)
മിനിയാന്നുരാത്രിയിൽ നാലഞ്ചുവരി എഴുതാൻ കഴിഞ്ഞപ്പോൾ ഒരു സന്തോഷം
അത്ര മാത്രം. അത്‌ നല്ല കവിതയാണെന്ന അഭിപ്രായമൊന്നും എനിക്കില്ല..
ഒരുപക്ഷെ എനിക്കു കിട്ടിയ
ഏറ്റവും വലിയ അംഗീകാരവും ഈ കമന്റ്‌ ആയിരിക്കും...

നന്ദി ചൊല്ലുന്നില്ല.
സസ്നേഹം
സുനിൽ പണിക്കര്‍

കുമാരന്‍ | kumaran said...

ചുള്ളിക്കാടിന്റെ കമന്റ് കിട്ടാന്‍ പുണ്യം ചെയ്ത കവിത....
മനോഹരം.

സുനില്‍ പണിക്കര്‍ said...

നന്ദി കുമാരാ...
എന്നതാടാ പോങ്ങൂ
ആ ഒറ്റമൂലി..?
എന്നെ നാറ്റിച്ചു, ഗള്ളൻ!

ബാലചന്ദ്രൻ ചുള്ളിക്കാട് said...

സുനിൽ,
ഒരു എഴുത്തുകാരൻ എങ്ങനെ പെരുമാറണം,ജീവിക്കണം എന്നതിനെക്കുറിച്ചൊക്കെ സമൂഹത്തിൽ പലർക്കും പ്രതീക്ഷയോ സങ്കല്പമോ ഉണ്ടാവും.പക്ഷെ, മറ്റുള്ളവരുടെ ആഗ്രഹത്തിനനുസരിച്ചു പെരുമാറാനോ ജീവിക്കാനോ ആർക്കും ആവില്ല. ഓരോരുത്തർക്കും അവരവരുടേതായ കാരണങ്ങൾ കാണും. അതു മറ്റാരെയും ബോധ്യപ്പെടുത്താനാവില്ല.

എനിക്ക് എന്നും ധാരാളം കത്തുകൾ വരാറുണ്ട്. എന്റെ അലച്ചിലുകൾക്കിടയിൽ അവയെല്ലാം കൈപ്പറ്റാനോ വായിച്ചുനോക്കാനോ കൃത്യമായി മറുപടിയെഴുതാനോ പലപ്പൊഴും കഴിയാറില്ല.ഒരിക്കൽ പരിചയപ്പെട്ട മനുഷ്യരെ ചിലപ്പോൾ മറന്നുപോയെന്നു വരും. അപരിചിതരോടു സംസാരിക്കാനോ തുറന്നുപെരുമാറാനോ പലപ്പൊഴും കഴിയാറില്ല്ല്ല.അതൊക്കെ എന്റെ അഹങ്കാരവും ധാർഷ്ട്യവുമായിട്ടാണ് മനസ്സിലാക്കപ്പെടുക എന്നറിയാം. പക്ഷെ അതിൽ എനിക്ക് ഒന്നും ചെയ്യാനാവില്ല. രാഷ്ട്രീയക്കാരെപ്പോലെ ഇക്കാര്യത്തിൽ നയതന്ത്രജ്ഞത എനിക്കു വശമില്ല.

ഞാൻ കാരണം എന്തെങ്കിലും വിഷമം തോന്നിയെങ്കിൽ ക്ഷമിക്കണം. ഒരിക്കലും മനഃപൂർവ്വമല്ല.

കവിതയെഴുതാൻ ആഗ്രഹിക്കുന്ന ഒരാൾ ലോകത്തിലെ മഹത്തായ കവിതകൾ ശ്രദ്ധാപൂർവ്വം വായിച്ചുപഠിക്കുകയാണ് ആദ്യം വേണ്ടത്.ആ പഠനത്തിൽനിന്ന് കാവ്യരചനയെ സംബന്ധിച്ച എല്ലാ കാര്യങ്ങളും സ്വയം മനസ്സിലായിക്കൊള്ളും.

VEERU said...

ഒരു വരയൻപുലി വന്ന് അഭിപ്രായം പറഞ്ഞു പോയ നിലക്ക് നമ്മുടെയൊന്നും കമന്റിനു വല്യ കാര്യമില്ലാന്നറിയാമെങ്കിലും പറയട്ടെ,
ഫോട്ടോ മനോഹരം അതേക്കാൾ നന്നായി വരികളും !!

സുനില്‍ പണിക്കര്‍ said...

നന്ദി ബാലൻ മാഷെ
വീണ്ടും ഈ വഴി വന്നതിന്‌,
മറുകുറിപ്പെഴുതിയതിന്‌..

ഗിരീഷ്‌ എ എസ്‌ said...

നന്നായിരിക്കുന്നു.
ആശംസകള്‍.

നട്ടപിരാന്തന്‍ said...

ഞാന്‍ സുനിലിന്റെ പ്രണയ കവിതകളെയാണ്
ഇത്തരം കവിതയെക്കാള്‍ ഇഷ്ടപെടുന്നത്.

ഒരു ആരാധകന്റെ അഭിപ്രായം

സുനില്‍ പണിക്കര്‍ said...

ബാലൻ മാഷിന്റെ മറുമൊഴി
അതിന്റേതായ ഗൗരവത്തോടെ കാണുന്നു.
സത്യത്തിൽ ഒരു ക്ഷമാപണത്തിന്റെ
ആവശ്യമേയില്ല. പുതുകവികൾ
അവസാനത്തെ വാചകം ഓർത്തുവയ്ക്കേണ്ടത്‌
നല്ലതുതന്നെ. ഇപ്പൊ വായന
തീരെക്കുറഞ്ഞിരിക്കുന്നു,
ആകപ്പാടെയുള്ളതോ ബ്ലോഗ്‌ വായനയും..
വീരു, ഗിരീഷ്‌, നട്ടേ..നന്ദി..സത്യത്തിൽ
കമന്റുകളുടെ വിലയും, അതുമൂലമുണ്ടാകുന്ന
പ്രചോദനവും വളരെ വലുതാണെന്ന്‌
ഞാൻ തിരിച്ചറിയുന്നു.