Monday, May 02, 2011

ആദ്യകാല കവിത



നിയോഗം
കടലെടുക്കുന്ന കരയില്‍ നിന്നമ്മ
മൃതികൊതിച്ചുടല്‍ വിട്ടു പോകുന്നു മുന്‍പേ..
പകലൊടുക്കമെന്‍ മനമുടഞ്ഞമ്മ
കരവിട്ടു കടലായലിഞ്ഞു...
വ്യഥ വെടിഞ്ഞൊടുവിലീ പടിവിട്ടു പണ്ടേ,
വഴിതെറ്റിയെങ്ങൊ മറഞ്ഞു...
തിരയിളക്കമായ്ത്തിരയില്‍ നിന്നമ്മ
ചിരിതൂകി നില്‍പ്പതിനിയെന്ന്..?
മഴയൊടുക്കമായ്‌ മഴയില്‍ നിന്നമ്മ
കുളിര്‍പോലെ പെയ്യുന്നതെന്ന്....?
മൃതിയില്‍ നിന്നന്‍പോടെ നീ ജനിച്ചെന്നെ
പ്രിയമോടെ തഴുകുന്നതെന്ന്...?
നിന്റെയീ ജീവന്‍ ജ്വലിക്കുന്ന താരകം
തെളിയുന്ന വാനമിങ്ങെങ്ങ്‌...?
ഒടുവിലീ സ്മൃതിജാലമെല്ലാമൊലിച്ചുപോയ്‌-
മണ്ണിലവശിഷ്ട സ്വപ്നങ്ങളെല്ലാമെരിച്ചുപോയു-
ള്ളിലൊരു വേര്‍പ്പു നീരായലിഞ്ഞു പോയമ്മ,
മറവിയ്ക്കു മായ്ക്കുവാനാകാത്ത മന്ത്രമായ്‌
മഴപോലെയകമെ തിളച്ചുപൊന്തി...
കടലെടുക്കുന്ന കരയില്‍ നിന്നൊടുവില്‍
നിന്‍നിഴല്‍ തേടി ഞാനും
മൃതികൊതിച്ചുടല്‍ വിട്ടു പോകുന്നു...
കരയുവാനാകാതെയിടറിയും,
തെല്ലുദൂരം വഴിപിഴച്ചും,
മുന്നില്‍ക്കുരുങ്ങുന്ന പ്രാണന്റെ നോവായ്‌,
വരതെറ്റി, മിഴിതെറ്റി നിന്‍പാത തേടി ഞാനണുവിലൂറുന്നു...
മനതാരിലെന്നുമെന്‍ കണ്ണായ്‌ വിളങ്ങി
നീയെന്റെയകമേ തിളച്ചുപൊന്തി....
അറിവിന്റെ വഴികളിലാഴക്കയങ്ങളി-
ലൊരു ചിത്രകഥയായ്‌ നിറഞ്ഞു നിന്നമ്മ...
എരിയുന്ന ജീവിത ചുടലപ്പുറങ്ങളിൽ‍,
എരിയും തമോഭാഗമഴലിന്‍ പുറങ്ങളില്‍
‍ഒരു പുഷ്പശുദ്ധിയായ്‌ ഹൃദയത്തിലെന്നോ നിറഞ്ഞു നിന്നമ്മ...
അരികില്‍ നിന്‍ ചിരിയുണ്ടു, അകമലർ‍-
ക്കുളിരുണ്ടു, പൂങ്കാറ്റുപോല്‍ മൊഴിയുണ്ടു,
ഇടവഴിയിലെന്നും നിഴല്‍ പോലെ നീയുണ്ടു,
ഒറ്റപ്പെടുമ്പൊഴെന്നരികത്തു നീ വന്നു
മുത്തം നിറച്ചെന്നെയുള്ളില്‍ പടര്‍ത്തുക...
നിന്മേനി തന്നതിന്‍ പൂന്തേന്‍ മണംകൊണ്ടു
ഞാനീരേഴുലോകം നിറയ്ക്കും...
ഒക്കെയുമൊരോര്‍മ്മതന്നിഷ്ട ഗന്ധം,
തനിച്ചെന്നിലേയ്ക്കൊഴുകുന്നൊരാത്മ ഗന്ധം...
നാദങ്ങളില്‍ നിന്‍ നാമമമരത്വമാകും,
സുകൃതാക്ഷരങ്ങളിലമൃതമാകും,
നിന്റെപേര്‍ കൊണ്ടു ഞാനൊരെരിനാളമാകും,
വിശ്വം നിറയ്ക്കുന്ന വരസൂര്യനാകും..
അകലങ്ങളില്‍ പിന്‍ വിളികളാകുന്നുവോ-
നിന്‍ സ്വരമെന്നില്‍ത്തിറതുള്ളിയാടുന്നുവോ-
നിന്‍ കണ്ണെന്നെയരികില്‍ ക്ഷണിക്കുന്നുവോ,
നിന്‍ ഗന്ധമെന്നെത്തലോടുന്നുവോ...
ഒക്കെയുമൊരോര്‍മ്മതന്നിഷ്ട ഗന്ധം,
തനിച്ചെന്നിലേയ്ക്കൊഴുകുന്നൊരാത്മ ഗന്ധം...
ഒക്കെയുമൊരോര്‍മ്മതന്നിഷ്ട ഗന്ധം,
തനിച്ചെന്നിലേയ്ക്കൊഴുകുന്നൊരാത്മ ഗന്ധം...!

5 പേർ മൊഴിഞ്ഞു:

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

ഓര്‍മ്മയുടെ ഇഷ്ട ഗന്ധങ്ങള്‍ തന്നെയാകാം, പ്രകൃതിയുടെ നവരസങ്ങള്‍ പകര്‍ന്നുനല്‍കുന്ന ഒരനുഭവമുണ്ട് വായനയില്‍ . അഭിനന്ദനങ്ങള്‍ .

Kalavallabhan said...

ഹൃദയ പറിച്ചെഴുതിയിരിക്കുന്നു.
ഓർമ്മയാകുന്ന ഈ ഇഷ്ടഗന്ധം എന്നും വെളിച്ചമായ് മുന്നിലുണ്ടാവട്ടെ...

ശ്രദ്ധേയന്‍ | shradheyan said...

അക്കേഷ്യ മണത്താല്‍ എനിക്ക് ചുറ്റും ക്യാമ്പസ് വട്ടം കൂടും... ഓര്‍മകളില്‍ പല ഗന്ധങ്ങളും അങ്ങനെയാണ്. ഒരു കാലത്തെ തന്നെ സിപ് ചെയ്തു വെക്കാന്‍ ചില ഗന്ധങ്ങള്‍ക്കാവും. സ്നേഹം, ദുഃഖം, വിരഹം... ഞാനുമൊന്നു നീട്ടി വലിക്കട്ടെ, എന്നിലും നിറയട്ടെ ഓര്‍മയുടെ സുഗന്ധം.

ഉമേഷ്‌ പിലിക്കോട് said...

ആഹ ഇത് കൊള്ളാലോ ... !!

ശിഹാബ് മൊഗ്രാല്‍ said...

സുഹൃത്തേ, ഉള്ളം കുളിർപ്പിക്കുന്നു.. സന്തോഷം.. :)