(1)
"എത്രമേൽ ശാന്തമാണിവിടമെപ്പൊഴും
പൂർണ്ണ നിദ്രതൻ നിശബ്ദസംഗമം,
എത്രമേൽ സ്വസ്ഥമാണെങ്കിലും
ശിഷ്ടരാത്രിതന്നോർമ്മകളത്രമേലസ്വസ്ഥ-
മാണെന്റെ ഹൃത്തിൽ..."
(2)
"ഏത് സാഗരച്ചോരയിൽ നിൻ മുഖം
കാത്തു സൂക്ഷിച്ചൊരജ്താത രേഖയായ്,
ഏത് കാനനക്കോണിലാണെങ്കിലും
കാണാതെ പോയി ഞാനോമലേ നിൻ കരൾ.."
(3)
"ഒരു നാളുമോർക്കാതെ പോകട്ടെ-
നാമൊരുമിച്ചലഞ്ഞ പദയാത്രകൾ,
ഒരു രാവുമോർക്കാതിരിക്ക നാം
വേർപെട്ട പൂർണ്ണാന്ധകാരക്കടൽ.."
(4)
"മാഞ്ഞു പോകുന്നു, മഹാകാല സൌഭഗം,
മായുന്നു, വാഴ്വിൻ പുരാവൃത്ത സഞ്ചയം.."
(5)
"ഇഷ്ടകാലം കഴിഞ്ഞു പോകയായ്,
ശിഷ്ട കാലം തളിർക്കുമോർമ്മകൾ
നാം മറന്നു പോകാതിരിക്കുവാൻ.."
(6)
"എഴുതി വച്ചിടാം സഖീ ദൃഡം,
നിനക്കു പകരമായ് വരില്ലൊരാളുമേ,
എനിക്കു ജീവനായ് മരണം വരേയ്ക്കും.."
(7)
"വിജനപാതയിൽ സ്മൃതികളെല്ലാമകന്നുപോയാലും,
വാക്കും വെളിച്ചവുമതി ഗഗന സീമയിൽച്ചെന്നുചേർന്നാലും,
നിന്നസാന്നിധ്യ രാത്രിയിൽ ഹൃദയത്തിലൊരു വനമുല്ല പൂക്കുമോ?.."
(8)
"കലിതുള്ളിവരുമന്റെ കരളൊരു-
കടൽ കടഞ്ഞേതോ നിഗൂഡരാവിൽ..
കദനം നിറച്ചിരിപ്പാണെമെപ്പൊഴു-
മിരവിൽക്കുരുത്ത നിന്റെ ജീവൻ,
ഹൃദയം പകുത്തുനൽകാം നിനക്കിനി-
ക്കരതലം ചേർത്തുഞ്ഞാൻ പ്രാണനേകാം"
(9)
"ആരെൻ ജീവൻ തിരികെ വിളിച്ചു
ആരെൻ ജീവൻ മുറുകെ വലിച്ചു
മൃതിയുടെ ഗൂഡക്കരമോ ചുറ്റും
മരണമളന്നൊരു സമയപ്പൊരുളോ..?"
(10)
"കാണാതിരിക്കുന്നതെങ്ങിനെ
നിത്യവും കണ്മുന്നിലെത്തും കിനാക്കളെ,
കേൾക്കാതിരിക്കുന്നതെങ്ങിനെ
നിത്യമെൻ കാതിലെത്തും സ്വരങ്ങളെ.."
(11)
"ഒരു വരയ്ക്കുള്ളിലെവിടെയോ
പലനിറം പൂണ്ടൊരോർമ്മകൾ,
നീർമാതളച്ചുവപ്പുകൾ..
ഒരു ചിതയ്ക്കുള്ളിലെവിടെയോ,
വംശവൃക്ഷത്തിൻ നിഴലനക്കങ്ങൾ..,
മറവിതൻ ശാപക്കലക്കങ്ങൾ.."
(12)
"ജീവിച്ചുതീർക്കുവാനാകുമോ
ഈ മണ്ണിലെന്നുമേ സൽവിധം
നന്മയും നേരും വേർപെട്ടുപോകയാൽ
കൽമഷം തന്നെയീ ശാപജന്മം.."
(13)
"എത്ര തീരെപ്പറഞ്ഞുനാ-
മെത്രദൂരം നടന്നു നാമെ-
ത്തുന്നതോ ശ്യൂന്യദിക്കിൽ..
എത്രശേഷിപ്പിന്നഗാധമാ-
മർത്ഥശ്യൂന്യ വിചാരവും, വികാരവും-
മടുത്തെത്ര കാലം നാമടക്കിപ്പിടിക്കണം.."
(14)
"നിലയ്ക്കാത്തൊരുഷ്ണപ്രവാഹമീ നമ്മൾ,
സിരകളിൽ രതിയുടെ ചുടുനിണം തീർത്തവർ.."
(15)
"ആരുടെ വേദനയലറിവിളിപ്പൂ
ആരുടെ രോദനമെന്നെവിളിപ്പൂ
ആരുടെ നോവിൻ തന്ത്രികളെന്നിൽ-
പ്പാഴായ്പ്പിന്നെയുമുതിരുന്നു.."
(16)
"ഉടഞ്ഞ സ്ലേറ്റിൽ വരച്ച ചിത്രം
പകുതിയാക്കിയോ,
ജ്വലിച്ച നിൻ മുഖം
മറച്ചുരാവുകളകൽച്ച കൂട്ടിയോ,
പുലർച്ചെ മഞ്ഞിൻ
കുരുന്നുതുള്ളികൾ
നിറങ്ങളേകിയോ...
വെളിച്ചമെന്നിൽപ്പതിച്ച
നാളിൽ മരിച്ച നിൻ മുഖം
മിഴിച്ചു നോക്കിയോ.."
(17)
"ഇവിടെയൊരു ഹരിതസുഖവനനിബിഡമില്ല,
ഇവിടെയൊരുഗിരിനിര തഴുകുമൊരു കുളിർതെന്നലില്ല,
ഇവിടെയിനിയേകാന്തമാമിരുൾക്കാടുമാത്രം,
ഇവിടെയിനിയജ്ഞാതമാം ശാപമരുഭൂമിമാത്രം..
ഇവിടെയൊരു പുണ്യമഴപെയ്തു നിറയുന്നതെന്ന്..?
ഇവിടെയൊരു പുണ്യരക്ഷകൻ പിറവികൊള്ളുന്നതെന്ന്...."
(18)
"എന്നിലെ നന്മകൾ നിന്നിൽ നിറയാൻ
എന്നെപ്പുൽകുക നീ നിത്യം,
എന്നിലെ ഉണ്മകൾ നിന്നിൽ നിറയാൻ
എന്നിൽപ്പടരുക നീ നിത്യം.."
(19)
"നീ നിൽക്കുന്നിടം പണ്ടുവനമായിരുന്നു..,
ഈ മരുഭൂവുപണ്ടെൻ പ്രിയവനമായിരുന്നു.."
(20)
"ഇന്നലെ ഞാനൊരു പുല്ലാങ്കുഴലായ്
നിന്നുടെയോമൽച്ചുണ്ടുകവർന്നു..
ഇന്നലെ ഞാനൊരു സ്വരമഴയായ് നിൻ
താരുണ്യത്തേൻ കരളുകവർന്നു.."
(21)
"തണലുതേടേണ്ട നീയിവിടെക്കുളിരു-
തേടേണ്ട നീയിവിടെയൊരുപൂമണത്തി-
ന്നുറവ തേടേണ്ട പണ്ടേ, പടിവിട്ടുപോയിനിൻ
മരതകക്കാടുകൾ.."
(22)
"ഇടവത്തിലൊരുതുള്ളി ജലമായെങ്കിൽ,
ഞാനുറക്കെപെയ്തിരമ്പുന്ന മഴയായെങ്കിൽ.."
(23)
"ഇവിടെയീ വിജനമാം കരയിൽനാമെരിയുന്ന
ജഡരേഖകൾ, വരമൊഴികൾക്കുനേർക്കുനേർ
പ്രതിരൂപസന്ധിയായ് മൃത്യുവെ-
ക്കാത്തിരിക്കും മഹാദു:ഖ സഞ്ചയം..
ഇവിടെയതിരൂഡമാം വേനലിൽ
നാമുരുകുന്ന വേരറ്റ മൂകതാരൂപകം,
മക്കൾക്കുപോലുമസഹ്യമാം
മഹാവൃക്ഷ വൃദ്ധപ്പെരുംതൂണുകൾ...
വേദനകളെല്ലാമൊതുക്കുന്ന കൺകളിൽ
ശ്യൂന്യതാബോധത്തിനാത്മദു:ഖം..
നരവീണവരകളായ് ഹൃദയത്തിൽ
നിറയുന്ന നിഴൽജീവിതം,
ജീവനിലിരുൾ പാകിയെങ്ങോ
വഴിതെറ്റിമറയുന്ന ജലരേഖകൾ,
നമ്മൾ വഴിതെറ്റി മറയുന്ന മൃതരേഖകൾ.."
(24)
"എന്തൊരു ഗന്ധമിതെന്തൊരു ദുർഗ്ഗതി
ദുർഗന്ധത്തിൻ നഗരമുഖം..
നാറും നഗരവിശേഷം നമ്മിൽ
നാണവുമില്ലാതമരുമ്പോൾ
മാലിന്യത്തിൻക്കൂമ്പാരക്കടലായ്
മാറീ നമ്മുടെ നാടെങ്ങും.."
8 പേർ മൊഴിഞ്ഞു:
ഇവിടെയൊരു ഹരിതസുഖവനനിബിഡമില്ല,
ഇവിടെയൊരുഗിരിനിര തഴുകുമൊരു കുളിർതെന്നലില്ല,
ഇവിടെയിനിയേകാന്തമാമിരുൾക്കാടുമാത്രം,
ഇവിടെയിനിയജ്ഞാതമാം ശാപമരുഭൂമിമാത്രം..
എന്നിട്ടും.......??
വരികളില്‍ പലതിലും എന്തൊ ഒളിപ്പിച്ചപ്പോലെ..!!
ഇഷ്ടമായി.
പോത്തങ്കോടു സാറേ
ഓരോ വരികളിലും 500ന്റെ ഒരോ നോട്ടു വച്ച് ഒളിപ്പിച്ചിട്ടൊണ്ട്. കള്ളനോട്ടാ, പാക്കിസ്താനീ പ്രിന്റ് ചെയ്തത്.
സന്തോഷ്ജി,
വളരെ സന്തോഷം തോന്നി ആദ്യ വായനയില്‍.
പിന്നീട് വായിച്ചപ്പോള്‍ വളരെ പരിചയമുള്ള ചില കാവ്യ പരിസരങ്ങളോട് സാമ്യം തോന്നി.
(ചുള്ളിക്കാട്,ഡി.വിനയചന്ദ്രന്‍,ചങ്ങമ്പുഴ)
പിന്നെയും വായിച്ചപ്പോള്‍ പുതിയതായൊന്നും പറയുന്നില്ലല്ലോ എന്നും തോന്നി.
പക്ഷെ,ഒന്നുണ്ട്...അനാവശ്യമായി ഒരു വരിപോലും എഴുതിയതായി തോന്നിയില്ല.
നന്ദി.
ഹാരിസ്.. നന്ദി..ഇതിലെ ഭൂരിഭാഗം രാത്രിക്കുറിപ്പുകളും എന്റെ പ്രണയത്തിന്റെ അവശിഷ്ടക്കുറിപ്പുകളാണ്. എന്റെ പ്രണയക്കുറിപ്പുകൾ അന്ന് ഇങ്ങനെയൊക്കെയായിരുന്നു. ഇപ്പൊ അതും കവിതയായി.. അതുകൊണ്ടുതന്നെ ഈ വരികളൊന്നും പുതുതായൊന്നും പറയുന്നുമില്ല. ഈ സ്വകാര്യതകളെ പിന്നീട് ഞാൻ
കവിതകളുടെ കൂട്ടത്തിൽ പെടുത്തിയെന്നുമാത്രം. ഒന്നെനിക്കറിയാം ഇതേപോലെ എഴുതിയുണ്ടാക്കൻ ഇന്നെനിക്ക് വലിയ പാടാണ്. ഗദ്യവരികളാണെങ്കിൽ ആ പാടുമില്ല. എന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ച കവികളാണ് ചങ്ങമ്പുഴയും, ചുള്ളിക്കാടും.. എന്റെ പ്രണയകാലത്ത് ചുള്ളിക്കാടിന്റെ വരികൾ കടമെടുത്ത് ഞാനവൾക്ക് കൊടുത്തിട്ടുമുണ്ട്. ഇവരുടെയൊക്കെ കവിതകളോടുള്ള ആരാധന കൊണ്ട് എന്റെ എഴുത്തിൽ ചില സാമ്യങ്ങൾ വന്നുപോയിട്ടുമുണ്ടാവാം. അതൊരു കുറ്റമല്ല. ഈ 'സന്തോഷ്ജി' എന്നുള്ള തുടക്കം മാത്രം എനിക്കുപിടി കിട്ടിയില്ല. നന്ദി ഹാരിസ് ഇവിടെ വന്നതിനും, മറുമൊഴിയ്ക്കും..!
എന്റെ ഈ രഹസ്യം നീയായിട്ടു വെളിയിൽ വിട്ടു. ഇനി
എന്റെ പെണ്ണുമ്പിള്ള ഇതറിഞ്ഞാൽ സകലതും തീർന്നു.
"ഇടവത്തിലൊരുതുള്ളി ജലമായെങ്കിൽ,
ഞാനുറക്കെപെയ്തിരമ്പുന്ന മഴയായെങ്കിൽ.."
ishtaaYi....
പണിക്കരേട്ടാ,
ഉടയാത്ത കവിതയുടെ 24 കഷണങ്ങള്‍!
വരികളിലോരോന്നിലും വിസ്മയത്തിന്റെ പൂക്കളും വിരിയുന്നു !!
നന്ദി ഖാൻ...,അത് നീ മരുഭൂമിയിൽ
കിടന്ന് നരകിക്കുന്നതുകൊണ്ട് തോന്നുതാകും..
കാട്ടുമക്കാൻ.... :)
കൊച്ചുതെമ്മാടി,
സർ പോങ്ങ്സ്..
സ്നേഹം മാത്രം..!
Post a Comment