Tuesday, April 21, 2009

Friday, April 17, 2009

ഏപ്രില്‍ 16-ലെ ഒരു വോട്ടെടുപ്പു ദിനം


ഒരു വോട്ടും
ഫല്‍ഗുനന്‍ പിള്ളയുടെ എലിപ്പത്തായവും!

ഞാന്‍ അവളേയും കൊണ്ട്‌ 25 കി.മി. വേഗതയില്‍ വോട്ട്‌ ചെയ്യാനായി ചീറിപ്പായുമ്പോള്‍ അവളോട്‌ പറഞ്ഞത്‌ മറ്റൊന്നുമല്ല, ഇത്തവണ നീ വല്ല ചക്കയ്ക്കോ, മാങ്ങയ്ക്കോ, പഴുതാരയ്ക്കോ വേണം വോട്ടിടാന്‍ എന്നായിരുന്നു.
ഇലക്ഷനു പോകുന്നതുകൊണ്ട്‌ മനപ്പൂര്‍വ്വം ഹെല്‍മെറ്റെടുത്തില്ല. അല്ലെങ്കില്‍ തന്നെ ഇലക്ഷന്‍ ദിവസം എന്തര്‌ പോലീസ്‌, എന്തര്‌ ചെക്കിംഗ്‌... പോളിംഗ്‌ ബൂത്തിനുമുന്നില്‍ അവളെ ഇറക്കിയശേഷം തിരികെ വീണ്ടും 25 കി.മി. വേഗതയില്‍ തൊട്ടടുത്ത എന്റെ പോളിംഗ്‌ ബൂത്തിലേയ്ക്ക്‌...വളവ്‌ തിരിഞ്ഞതും എന്നെ ഞെട്ടിച്ചുകൊണ്ട്‌ അതാ നില്‍ക്കുന്നു  'പെറ്റിയടിപ്പതിന്‍ മക്കള്‍ കൂട്ടം'... എസ്‌.ഐയും കിങ്കര പുങ്കവന്മാരും ഉണ്ട്‌.. ഭാഗ്യമെന്നു പറയട്ടെ, എന്റെ 25 കി.മി. വേഗതയില്‍ ഒരു പുക മാത്രമെ അവര്‍ക്കു കാണാന്‍ കഴിഞ്ഞുള്ളു. ബൂത്തിനുസമീപമെത്തിയപ്പോള്‍ യുഡിഎഫിന്റേയും, എൽഡിഎഫിന്റേയും, താമരയുടേയും ആള്‍ക്കാര്‍ എന്നെ നോക്കി കണ്ണിറുക്കുന്നു. 'ഇത്‌ നമ്മ സൊന്തം ആള്‌' എന്ന്‌ മൂന്നു ടീമും മനസ്സിലുറപ്പിച്ചുകാണും.. ടീമുകളെ കൈവീശിക്കാണിച്ചിട്ട്‌ ഒരു പുഞ്ചിരിയോടെ ഞാൻ വോട്ടിടാനുള്ള ക്യൂവിലേയ്ക്ക്.. എനിക്കുപോലും തിരിച്ചറിയാന്‍ പറ്റാത്ത എന്റെ തിരിച്ചറിയല്‍ കാര്‍ഡ്‌ കാണിച്ചപ്പോള്‍ ഇടതുചൂണ്ടുവിരലില്‍ ഒരു ദുഷ്ടന്‍ മഷി കോരിയൊഴിച്ചു...ഒടുവിൽ‍..സംഗതി ക്ലീന്‍..സൈറണ്‍ മുഴങ്ങിയപ്പോള്‍ ഞാന്‍ അമര്‍ത്തിയ ചിഹ്നത്തിലേയ്ക്ക്‌ ഒന്നുകൂടി നോക്കി ഉറപ്പുവരുത്തി..സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഫല്‍ഗുനന്‍ പിള്ളയുടെ 'എലിപ്പത്തായത്തിനുതന്നെ..! വിയര്‍ത്തുകുളിച്ചു പുറത്തിറങ്ങിയപ്പോള്‍ ടീമുകൾ എന്നെ വളഞ്ഞു.."അണ്ണാ വോട്ടാര്‍ക്കിട്ടു..?" ഒരേ ടൈമിങ്ങില്‍ ഒരൊറ്റ ചോദ്യം..! മൂന്നുടീമിനേയും ഞാന്‍ ഒളികണ്ണാല്‍ ഒന്നു നോക്കിയിട്ടു പറഞ്ഞു "ശ്രീരാമനു തന്നെ"...ആദ്യം അവരൊന്നു ഞെട്ടിയെങ്കിലും കാര്യം പുടികിട്ടിയപ്പോള്‍ ഹാപ്പിയായി.. എന്തായിരിയ്ക്കും എനിക്കു പണി കിട്ടാത്ത ആ ഉത്തരത്തിന്റെ പൊരുൾ..? ഊഹിച്ചുനോക്കൂ...
പൊരുള്‍.(1) ഇലക്ഷന്‍ പ്രചരണകാലത്ത്‌ ശശി തരൂരിനെ നേരില്‍ക്കണ്ട ഭൂരിഭാഗം പേരും പറഞ്ഞത്‌ ശശിയണ്ണനെ സാക്ഷാല്‍ ശ്രീരാമനാക്കാന്‍ പറ്റിയ മുഖമുള്ള നേതാവാണെന്നാണ്‌.
പൊരുള്‍.(2)രാമചന്ദ്രന്‍ നായര്‍ എന്ന പേരില്‍തന്നെയുണ്ട്‌ ശ്രീരാമന്‍.
പൊരുള്‍.(3) ബി.ജെ.പി.യുടെ കുല ദൈവം സാക്ഷാല്‍ ശ്രീരാമനല്ലെ.
അപ്പോ 'ശ്രീരാമനുതന്നെ എന്റെ വോട്ട്‌' എന്ന എന്റെ മറുപടിയില്‍ മൂന്നു ടീമുകളും തൃപ്തരായതിനു കാരണം പുരിഞ്ചിതാ..! പക്ഷെ തെരെഞ്ഞെടുപ്പു ഫലം വരുമ്പോള്‍ ഒരാള്‍ മാത്രം ഞെട്ടും.. മറ്റാരുമല്ല, എലിപ്പത്തായ ചിഹ്നക്കാരനും സ്വതന്ത്രനും അവിവാഹിതനുമായ സാക്ഷാല്‍ ഫല്‍ഗുനന്‍ പിള്ള! തനിക്കു കിട്ടിയ രണ്ട്‌ വോട്ടില്‍ ഒന്നാരുടേതാണെന്നറിയാനുള്ള അദ്ദേഹത്തിന്റെ അത്യധികമായ ആകാംഷയെ ഞാന്‍ വിസ്മരിക്കുന്നു..!

Wednesday, April 15, 2009

ഫിഗര്‍ സ്കാന്‍

 
വിനീതിന്റെ വിനീത ഭാവങ്ങള്‍
അച്ഛന്‍ സിംഹമാണെങ്കില്‍ മകന്‍ ചുരുങ്ങിയ പക്ഷം പുലിയെങ്കിലുമായിരിക്കും.., ആയിരിക്കുമല്ല ആണു. ബക്കറിന്റെ മണിമുഴക്കത്തിലൂടെ മലയാള സിനിമയിലേയ്ക്ക്‌ അച്ഛന്‍ സിംഹം അരങ്ങേറ്റം കുറിക്കുമ്പോള്‍ മകന്‍ പുലിയുടെ ഇതേ പ്രായം. ഇപ്പൊ അച്ഛനേക്കാള്‍ വലിയ മകനായി മാറിയിരിക്കുന്നു വിനീത്‌ ശ്രീനിവാസന്‍. 'മകന്റെ അച്ഛന്‍' എന്ന പുതിയ സിനിമയില്‍ രണ്ടുപേരും അച്ഛനും മകനുമായിത്തന്നെ അഭിനയിക്കുന്നു. മാത്രമോ ഇത്തവണത്തെ മികച്ച പുതുമുഖ നായകനുള്ള ഉജാല ഏഷ്യാനെറ്റ്‌ അവാര്‍ഡ്‌ വിനീതിനു നല്‍കിയതാരാ..? സാക്ഷാല്‍ ശ്രീനിവാസന്‍ എന്ന മകന്റെ അച്ഛന്‍ തന്നെ. (ചത്തത്‌ കീചകനെങ്കില്‍ കൊന്നതു ഭീമന്‍ തന്നെ എന്നത്‌ വേറെ കാര്യം.) ഇതിനും വേണം ഒരു ജന്മപുണ്യം..! കാര്യമെന്തൊക്കെ ആയാലും രൂപംകൊണ്ടു മാത്രമല്ല, പ്രതിഭയുടെ കാര്യത്തിലും അച്ഛനെപ്പോലെതന്നെ ബഹുമിടുക്കനാണു വിനീതും. പാടിയതെല്ലാം വമ്പന്‍ ഹിറ്റുകള്‍..., പോരാത്തതിനു നല്ലൊരു യുവനടന്‍ എന്നൊരു ലേബലും ഇപ്പൊ കിട്ടി. ഇനിയെന്തരുവേണം..? (പണ്ടു ശ്രീനി 'കുണുക്കിട്ട കോഴി കുളക്കോഴി' എന്നു പാടിയ പോലല്ല വിനീതിന്റെ പാട്ട്‌. സംഗതികളെല്ലാമുള്ള നല്ല ഒന്നാന്തരം പാട്ടുകളാണെന്നു ശത്രുക്കള്‍ പോലും സമ്മതിക്കും...!) പരിമിതികളുള്ള നടനാണു അച്ഛനെന്നു ശ്രീനിയുടെ മുഖത്തുനോക്കി പറയാനുള്ള ധൈര്യവും ഈ പുലിക്കുട്ടനു സ്വന്തം! എന്തായാലും ഓരോ മലയാളികള്‍ക്കുമൊപ്പം ശ്രീനിവാസനും വിനീതിനെക്കുറിച്ചോര്‍ത്ത്‌ അഭിമാനിക്കുന്നു. വെറും സാധാ അഭിമാനമല്ല, 100% 916 ഹാള്‍മാര്‍ക്ക്‌ അഭിമാനം തന്നെ..! സൈക്കിള്‍ എന്ന ആദ്യചിത്രത്തില്‍ പതര്‍ച്ചയില്ലാത്ത അഭിനയം കാഴ്ചവച്ചതിനു കാരണം വിനീത്‌ നല്ലൊരു സ്റ്റേജ്‌ പെര്‍ഫോമറായതുകൊണ്ടാണെന്നു ചില അസൂയാലുക്കള്‍ പറയുന്നുണ്ടെങ്കിലും അതൊക്കെ ചുമ്മാതാണെന്നേ... അച്ഛനെപ്പോലെതന്നെ മകനും അഭിനയിക്കാന്‍ ഒട്ടും മോശമല്ലെന്നു സിനിമ കാണുന്നവര്‍ക്കു മനസ്സിലാകും. ഇനി കഥ, തിരക്കഥ, സംവിധാനം കൂടിയായാല്‍ പരിപൂര്‍ണ്ണം! കോഫി @എം.ജി. റോഡ്‌ എന്ന ഹിറ്റ്‌ ആല്‍ബത്തിന്റെ വിജയലഹരി വിട്ടൊഴിയും മുമ്പെയാണു പുതിയ ചിത്രത്തില്‍ അച്ഛനും മകനും നേര്‍ക്കുനേര്‍ വരുന്നത്‌. നേരും നുണയും: മലയാള സിനിമയിലെ അവിഭാജ്യഘടകമായ ശ്രീനിവാസന്റെ ശുപാര്‍ശ പലപ്പോഴും, പലഘട്ടങ്ങളിലും പലര്‍ക്കും തള്ളിക്കളയാനാവാത്തതുകൊണ്ടാണു വിനീത്‌ ഇത്രവരെ എത്തിപ്പെട്ടതെന്നൊരു കിംവദന്തി നാട്ടിലെങ്ങും പാട്ടാകുമ്പോള്‍ മകനുവേണ്ടി ഒരച്ഛനുചെയ്യേണ്ടിവരുന്ന കടമകളോര്‍ത്ത്‌ നമുക്കിതങ്ങു സഹിക്കാം. വിനീതിന്റെ കഴിവിന്റെ കാര്യത്തില്‍ നമുക്കു സംശയമൊന്നുമില്യാലോ...പിന്നെന്താ.. വിട്ടുകള അണ്ണാ..! വാലും തുമ്പും: 'മകന്റെ അച്ഛനില്‍' ഇരുവരും ഇഞ്ചോടിഞ്ച്‌ വിടാതെ മല്‍സരിച്ചഭിനയിക്കുന്നതു കാണുമ്പോള്‍ ഒരു സന്ദേഹം.., പെരുന്തച്ചന്റെ കഥ പുനരാവിഷ്ക്കരിക്കേണ്ടി വരുമോ..? എന്തരോ വരട്ട്‌..!

Monday, April 13, 2009

ഇവര്‍ വെള്ളത്തിലായാല്‍..




'ഇവര്‍ വെള്ളത്തിലായാല്‍..'
നമ്മുടെ സജി സുരേന്ദ്രന്റെ 'ഇവര്‍ വിവാഹിതരായാല്‍' എന്ന പുതിയ ഫിലിമിന്റെ ഷൂട്ടിലാണ്‌ ജയസൂര്യയും, സംവൃതാ സുനിലും വെള്ളത്തിലായത്‌. പോണ്ടിച്ചേരിയിലെ മനലാല്‍ക്കുപ്പം തടാകത്തില്‍ ഗാനചിത്രീകരണത്തിനിടെ ബോട്ടുമറിഞ്ഞാണ്‌ ഇരുവരും വെള്ളം കുടിച്ചത്‌. ഭാഗ്യവശാല്‍ ആരും പരിക്കില്ലാതെ രക്ഷപ്പെട്ടു. ലൈഫ്‌ ജാക്കറ്റ്‌ ധരിച്ചിരുന്നുവെങ്കിലും വെള്ളം കുടിക്കാതെ രക്ഷപ്പെടാനുള്ള വ്യഗ്രതയിലാണ്‌ ജയസൂര്യക്ക്‌ കാലില്‍ ഉളുക്ക്‌ പറ്റിയത്‌. ജയസൂര്യക്ക്‌ പണികിട്ടുന്നത്‌ ഒരു പതിവായതുകൊണ്ട്‌ കാര്യമായ പരിഭ്രമമൊന്നും തോന്നിക്കാണില്ല. പക്ഷെ സംവൃതാ സുനിലിന്‌ ഇത്‌ ആദ്യസംഭവമായതിനാല്‍ ഇപ്പോഴും ഞെട്ടല്‍ മാറിയിട്ടില്ലായെന്നാണുകേള്‍വി. ഇപ്പൊ കുടിക്കാന്‍ പോലും ഒരു തുള്ളിവെള്ളം വേണ്ടാത്ത അവസ്ഥയാണത്രെ..! എന്തായാലും സജിയുടെ ആദ്യ സിനിമയ്ക്ക്‌ ഈ വെള്ളംകുടി നല്ലൊരു പബ്ലിസിറ്റി നല്‍കിയിട്ടുണ്ട്‌..