Tuesday, September 29, 2009

സെൽഫ്‌ പോർട്രേറ്റ്‌-1986


രുണ്ട റൂമിലെ
കറുത്ത ഭിത്തിയിൽ
തറച്ചുവച്ചു ഞാൻ
തെളിഞ്ഞ പുഞ്ചിരി....
നനുത്ത മീശമേൽ
തുളുമ്പി നിൽപ്പതോ
പഴയ ധീരമാം
നിറഞ്ഞ 'ഗൗരവം'.....
ഇതെത്ര മോഹനം
ഇതെത്ര വിസ്മിതം,
ഞെളിഞ്ഞുനിന്നു ഞാൻ
'എനിക്കു'മുന്നിലായ്‌.....
വിടർന്ന കണ്ണുകൾ
വിശാല ശോഭിതം,
അതീവ സുന്ദരം
നനുത്ത ചുണ്ടുകൾ..,
അതെത്ര കോമളം
വിലാസ ലോലിതം
തുടുത്തിരിക്കയാ-
ണിരു കവിൾത്തടം,
ജ്വലിച്ചിരിക്കയാ-
ണതാണത്ഭുതം....
ഞെളിഞ്ഞുനിന്നു ഞാൻ
എനിക്കുമുന്നിലായ്‌,
ഭ്രമിച്ചിരുന്നു ഞാൻ
തനിച്ചു രാത്രിയിൽ....
...................................
നരച്ച മീശയിൽ
പതിഞ്ഞൊരെൻ വിരൽ
തനിച്ചു മേയവെ,
അറിഞ്ഞതില്ലയീ-
ക്കൊഴിഞ്ഞ യൗവ്വനം,
വരണ്ട ജീവിതം
വരച്ച വാസ്തവം.......!
.....................................
കറുത്ത ചുണ്ടുകൾ
അറുത്തു മാറ്റുവാൻ,
ചുളിഞ്ഞ കണ്ണുകൾ
ഒളിച്ചുവയ്ക്കുവാൻ
കഴിഞ്ഞിടാതെ ഞാൻ
മിഴിച്ചിരുന്നുപോയ്‌
എനിക്കുമുന്നിലായ്‌
കഴിഞ്ഞ രാത്രിയിൽ....!

Monday, September 28, 2009

എന്റെ ഹൃദയത്തിനുടമയിവൻ..

സംഗീതം: സാം ഐസക്‌
ആലാപനം: അനിൽ ഭാസ്കർ
രചന: സുനിൽ പണിക്കർ





Saturday, September 26, 2009

ബ്ലോണ്ടഡ്‌! (ബൂലോക വാണ്ടഡ്‌)



അഭിനയിക്കാൻ താൽപ്പര്യമുള്ള തൊലിക്കട്ടിയുള്ളവർക്കും
മറ്റ്‌ സാങ്കേതിക വിദഗ്ധർക്കും സ്വാഗതം!

സുനിൽ പണിക്കരുടേയും, കാർട്ടൂണിസ്റ്റ്‌ ഖാൻ പോത്തൻകോടിന്റേയും
നേതൃത്വത്തിൽ ബൂലോകത്തിലൊരു വിഷ്വൽ ഗ്രൂപ്പ്‌.
UAE-ൽ ഉള്ള ബ്ലോഗേഴ്സിന്‌ മുൻ തൂക്കം.
കോമഡി സ്കിറ്റുകൾ, ആൽബം, ഹോം സിനിമ, ടെലിഫിലിം
തുടങ്ങിയവയാണ്‌ പ്രോജക്ടുകൾ.


സഹകരിക്കാൻ താൽപ്പര്യമുള്ളവർ ബന്ധപ്പെടുക.
sunilpanikkerv@gmail.com
khanpothencode@gmail.com

Friday, September 25, 2009

ബോർട്ടൂൺസ്‌

എഴുത്തിൽ മാത്രമല്ല ചപ്പിലും, ചവറിലും നർമ്മമുണ്ടെന്ന്‌ നമ്മെ ഓർമ്മപ്പെടുത്തിയ ബഹുഗുണൻ.
ഇവൻ വാഴക്കോടൻ; ലോറിക്കണക്കിന്‌ പ്രതിഭ Add Imageസ്വന്തമായുള്ളവൻ!

Saturday, September 19, 2009

ബ്ലോർട്ടൂൺസ്‌


അശ്ലീലത്തിന്റെ അതിദുർഗന്ധം സദാ നിർഗ്ഗളിക്കുന്ന മലയാളത്തിലെ ആദ്യത്തേയും അവസാനത്തേയും ബ്ലോഗ്‌. നർമ്മത്തിന്റെ മർമ്മം തോണ്ടിനോക്കുന്ന ബ്ലോഗർ; നട്ടപ്പിരാന്തൻ..! നട്ടപ്പിരാന്തുകൾ




Tuesday, September 15, 2009

കഴിയുന്നീല...


കഴിയുന്നീല നിലാവിൽ
നിന്നുടെ നീലക്കണ്ണു-
വരച്ചീടാൻ...
തെളിയുന്നീല മനസ്സിൽ
നിന്നുടെ മുഖമൊരുമാത്ര
പകർത്തീടാൻ...
മറവിയിലാണ്ടൂകിടപ്പൂ,
പഴയ പ്രണയക്കുളിരിൻ
ധനുമാസം..,
പ്രണയക്കുളിരിൻ
ധനുമാസം......!
ഇടവപ്പാതിയിലൊരു
മെയ്യായൊഴുകി-
യലഞ്ഞൊരു കളിവള്ളം,
നാമിരുളിൽച്ചിതറും
ഓർമ്മകളായിടിവെട്ടി-
പ്പെയ്തൊരു മഴമേഘം..,
ഇടിവെട്ടിപെയ്തൊരു
മഴമേഘം......!
ഇവിടീ മരുവിന്നിറയത്ത്‌
വെറുതേയോർമ്മകൾ
പരതുമ്പോൾ
കഴിയുന്നീല നിലാവിൽ
നിന്നുടെ നീലക്കണ്ണു
വരച്ചീടാൻ..,
കഴിയുന്നീലെൻ മിഴിനീരൊ-
പ്പാനതു നോവിൻ
തീരാക്കടലല്ലോ......!

Friday, September 11, 2009

ബ്ലോർട്ടൂൺസ്‌

ഓരോ കവിതയും, ഓരോ ദൃശ്യഭാഷയും ഒരു പകൽക്കിനാവുപോലെ
നമ്മുടെ ഹൃദയങ്ങളിലേയ്ക്കുതന്നെ പതിച്ചുവച്ച നമ്മുടെ സൊന്തം കിനാവൻ!

Wednesday, September 09, 2009

"ബ്ലോർട്ടൂൺസ്‌''

ബൂലോകവാസികളെ..,

പണിക്കർ സ്പീക്കിംഗിൽ ഒരു പുതിയ കാർട്ടൂൺ കോളം ആരംഭിക്കുന്നു...
"ബ്ലോർട്ടൂൺസ്‌''

മലയാളത്തിലെ ഓരോ ബ്ലോഗറുടേയും കാർട്ടൂണിനൊപ്പം
ബ്ലോഗറെ കുറിച്ചൊരു ചെറുവിവരണവും ബ്ലോഗിന്റെ ലിങ്കും
നൽകുന്ന ആദ്യത്തെ ബ്ലോഗ്‌ കാർട്ടൂൺ പരമ്പര..!
ഓരോ ആഴ്ചയും ബ്ലോർട്ടൂൺസിൽ ഓരോ ബ്ലോഗർ
അതിഥിയായെത്തും..!
ഏവരും സഹകരിക്കുക,
വിജയിപ്പിക്കുക..!
ഈ മെയിൽ ഐഡിയിൽ
ബന്ധപ്പെടുക.
sunilpanikkerv@gmail.com

Monday, September 07, 2009

അവധൂതന്റെ ഒരു രാത്രി

24-05-2008
ശനി


ഒരു നിമിത്തം പോലെ അയ്യപ്പേട്ടന്‍ കഴിഞ്ഞ രാത്രി എനിക്കു മുന്നില്‍ പ്രത്യക്ഷനായി...
ആകാശത്തിലും സമുദ്രത്തിലും ആള്‍ക്കൂട്ടമില്ലാത്തതുകൊണ്ടു സഞ്ചരിക്കുവാന്‍ സ്വയം തെരുവു പണിഞ്ഞവന്റെ പുനസമാഗമം.. ചേറുള്ള കാലടികളില്‍ തീര്‍ത്ഥയാനങ്ങളുടെ മുദ്രകളുള്ളവന്‍ എപ്പോഴെങ്കിലും ഈ നഗരം തേടിവരുമെന്നു ഞാന്‍ സ്വപ്നം കണ്ടിരുന്നതു വൃഥാവിലായില്ല. ഭാഷയുടെ സെമിത്തേരിയില്‍ ഇവന്റെ വാക്കുകളെ അടക്കം ചെയ്യുവാന്‍ ഇവനുപകരം ഇവനല്ലാതെ മറ്റാരുണ്ട്...? ഇരുട്ടത്തും തിളങ്ങുന്ന നക്ഷത്രക്കണ്ണുകളുള്ളവന്‍ എനിക്കുമുന്നില്‍ അപ്രതീക്ഷിതമായി പുഞ്ചിരിച്ചുനിന്നപ്പോള്‍ വിസ്മിതമായിരുന്നു. നഷ്ടപ്പെട്ടതെന്തോ തിരിച്ചുകിട്ടിയപോലെ...കുറേക്കൂടി ക്ഷീണിച്ചെങ്കിലും തേജസ്സുമങ്ങാത്ത മുഖം.. കണ്ടപാടെ കെട്ടിപ്പിടിച്ചു ചോദിച്ചതു ഓര്‍മ്മയുണ്ടോയെന്നല്ല, ലഹരിയുടെ അന്തര്‍ദാഹം തീര്‍ക്കാന്‍ എത്രയുണ്ടെന്നുമാത്രം! അല്ലെങ്കില്‍ത്തന്നെ വര്‍ഷങ്ങള്‍ക്കിടയില്‍ കാണുമ്പോഴും അയ്യപ്പനു ഓര്‍ത്തുവയ്ക്കാന്‍ ഓര്‍മ്മകളുടെ ആല്‍ബങ്ങളില്‍ ഒരു മുഖവും ബാക്കിയില്ല. ലഹരിയുടെ ഉന്മത്തതയിൽ ഓരോ മുഖവും പതഞ്ഞുതീരുന്ന നീര്‍ക്കുമിളമാത്രം. ഒന്‍പതു പെഗ്ഗടിച്ചിട്ടും ഉറച്ചകാല്‍വയ്പ്പോടെ എന്നോടുവീണ്ടും അതേ ചോദ്യം; എത്രയുണ്ടു നിന്റെ കൈയില്‍? അവസാനത്തെ അന്‍പതുരൂപയും കൈയില്‍ തിരുകിവച്ചപ്പോള്‍ പിന്നെ പാട്ടായി, കവിതയായി...അയ്യപ്പന്‍ എന്നും അങ്ങിനെയാണ്... ദയാരഹിതമായ അടഞ്ഞവാതിലുകളില്‍ നിന്നു തീപിടിച്ച കണ്ണുകളും, കാലുകളുമായി വെയില്‍തിന്നുകൊണ്ടു ഈ പക്ഷി പറന്നുകൊണ്ടേയിരിക്കുന്നു, തെരുവുകളില്‍ നിന്നു തെരുവുകളിലേയ്ക്കു....!
ഇനി എന്നാണു കാണുക? മറുപടി ഒരു പുഞ്ചിരി മാത്രം...പിന്നീടൊന്നു കയര്‍ത്തു, നീ വരച്ച എന്റെ ചിത്രങ്ങള്‍ വലിച്ചുകീറുക, എന്നെക്കുറിച്ചെഴുതിയകവിതകളും....
..........................................................................................
..........................................................................................
ഞാന്‍ അവന്റെ വരികള്‍ അവനോടു തന്നെ പറഞ്ഞു;
''അര്‍ബുദം കാര്‍ന്ന കണ്ണുകള്‍ക്കു
കാഴ്ച വേണം..
നീ തന്ന അഗ്നിയാണു
എന്റെ നെഞ്ചില്‍..
എരിതീയുടെ വെളിച്ചത്തില്‍
നിന്നെ ഞാന്‍ കാണുന്നു!''
.............................................
മറുപടി നിശബ്ദത മാത്രം!പിന്നെപ്പറഞ്ഞു,
''വെള്ളത്താളില്‍
ഉയിര്‍ത്തെഴുന്നേല്‍ക്കാതെയാകുമ്പോള്‍
‍ഞാന്‍ ഉടഞ്ഞ സ്ലേറ്റില്‍
‍വെറുമൊരു ഭൂപടം...!
ലഹരിയുടെ ജാലകങ്ങളില്‍ പറന്നുപൊങ്ങി എകാന്തതയും തെരുവുകളും സ്വന്തമാക്കി അവന്‍ കാഴ്ച മങ്ങിയ എനിക്കു മുന്നില്‍ നിന്നു ആള്‍ക്കൂട്ടത്തിലേയ്ക്കലിഞ്ഞുചേരുമ്പൊള്‍ അറിയാതെ കണ്ണൊന്നു നനഞ്ഞു, ഓ ദൈവമേ, ഈ നിഷേധിയെ ഞാനെത്രമാത്രം സ്നേഹിച്ചുപോയി...!
...........................................................................................
ഇരുണ്ട സഹാറയില്‍
ഇഴയുകയായിരുന്നു ഞാന്‍
അതെയിരുട്ടില്‍
മുറിവുകള്‍ തിളങ്ങുന്ന
മറ്റൊരു രൂപം....
ഞാന്‍ ചോദിച്ചു:
ആരു നീ?
മുറിവുകളുടെ വെളിച്ചം
എന്നോടു പറഞ്ഞു;
ഞാന്‍ ഇയ്യോബ്‌..!