ഏകാന്തമായ കാരിരുമ്പഴിക്കുള്ളിൽനിന്ന്
സ്വാതന്ത്ര്യത്തിന്റെ പുനർജന്മം
എനിക്ക് ലഭിക്കുമെങ്കിൽ, അതു തടവറയിലെ
എന്റെ പൂക്കളോടൊപ്പമായിരിക്കട്ടെ....
ഒരുനാൾ നിന്റെ നെഞ്ചിലെ പ്രണയം മണത്ത്
ഏതെങ്കിലുമൊരു ശലഭം വരും..
പ്രണയത്തിന്റെ സിംഫണിയിൽ
വേദനയുടെ തീക്കടൽ മുഴങ്ങാതിരിക്കട്ടെ...
മണമില്ലെങ്കിലും, സ്നേഹത്തിന്റെ വിളിപ്പുറങ്ങളിൽ
നെഞ്ചോട് ചേർത്തുവയ്ക്കാൻ
എനിക്കൊരു പൂ മതി....
പാറാവുകാരുടെ കനത്ത ബൂട്ടുകൾക്കിടയിൽ
ചവിട്ടിയരക്കപ്പെട്ട സ്വാതന്ത്ര്യം മറികടന്ന്
എനിക്കെന്നാണ് നിന്നെയൊന്നു ചുംബിക്കാനാവുക...?
ഇരുളടഞ്ഞ ഇരുമ്പഴിക്കുള്ളിൽ ഞാനും,
മതിൽക്കെട്ടിനുള്ളിൽ നീയും
ശ്വാസം മുട്ടി മരിക്കയാണെങ്കിൽ
പുന:സമാഗമത്തിലെ അന്ത്യവാക്കുകൾക്ക്
അർത്ഥമുണ്ടാകുന്നതെങ്ങിനെ....?
Friday, October 30, 2009
Monday, October 26, 2009
തിറയാട്ടം-എന്റെ ആദ്യകാല കവിത
ഏകദേശം പത്തുവർഷങ്ങൾക്കുമുൻപുള്ള എന്റെ ആദ്യകാല കവിതകളിലൊന്ന്. റെക്കോഡ് ചെയ്തത് പിന്നെയും ഒന്നുരണ്ട് വർഷങ്ങൾ കഴിഞ്ഞാണ്. ഗായകൻ ബെൻസൻ ചേട്ടന്റെ വീട്ടുവരാന്തയിൽ ആധുനിക സംവിധാനങ്ങളൊന്നുമില്ലാതെ ഒറ്റ ട്രാക്കിൽ, ഒറ്റ ടേക്കിൽ അനിൽ ശശിധർ ആലപിച്ചു. അനിക്ക് പലപ്പോഴും വാക്കുകളും വരികളും തെറ്റിയിരുന്നു. അന്നത് തിരുത്തിയതുമില്ല. ഇന്നത്തെ ഐഡിയ സ്റ്റാർ സിംഗറിന്റെ ഓർക്കസ്ട്ര ഒരുക്കുന്ന കീബോഡിസ്റ്റ് അനൂപും, കമ്പോസർ സുനിലുമാണ് (അനൂപിന്റെ സഹോദരൻ) ബാക്ഗ്രൗണ്ട് ഒരുക്കിയത്. ഇന്നീ കവിത കേൾക്കുമ്പോൾ എനിക്ക് എത്ര നന്നാക്കാമായിരുന്നു എന്ന് തോന്നിപ്പോകുന്നു.
Saturday, October 24, 2009
ചുള്ളിക്കാടിന്റെ നവരസങ്ങൾ!
ബാലേട്ടൻ അദ്ദേഹത്തിന്റെ മൊബൈൽ ഫോണിൽ എടുത്ത ഈ ചിത്രങ്ങൾ
സത്യത്തിൽ ഞാൻ കാരിക്കേച്ചർ വരയ്ക്കാൻ അവശ്യപ്പെട്ടതിനനുസരിച്ച് എനിക്കയച്ചുതന്നതാണ്. അദ്ദേഹത്തിന്റെ അനുവാദമില്ലാതെ ഞാൻ ഇവിടെ ഇങ്ങനെ പോസ്റ്റിയത് അദ്ദേഹത്തെ അവഹേളിക്കാനല്ലായെന്ന് പറഞ്ഞുകൊള്ളട്ടെ. ചുള്ളിക്കാട് എന്ന നടനെ ഇഷ്ടപ്പെടുന്ന ഒരു ആരാധകന്റെ തന്നിഷ്ടമായി ഇതിനെ കണ്ടാൽ മതി. ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ പരിചിതമല്ലാത്ത ഈ രൂപമാറ്റം ഏവർക്കും ഇഷ്ടപ്പെടും എന്നും കരുതുന്നു. എന്തായാലും ഞാൻ അദ്ദേഹത്തെ വരയ്ക്കുമ്പോൾ മീശയുള്ള, സദാ ഗൗരവം നിഴലിക്കുന്ന ആ മുഖമേ വരയ്ക്കൂ.. എറണാകുളത്തെ പ്രവദ സ്റ്റുഡിയോയിലെ അമ്പിളി
എടുത്ത ചിത്രങ്ങൾ..
എടുത്ത ചിത്രങ്ങൾ..
Tuesday, October 20, 2009
പുതപ്പുകൾ പറയുന്നത്...
വിയർപ്പുമണമുള്ള ഓരോ പുതപ്പും
ഓരോ കിതപ്പുകളുടേയും
അവസാനത്തെ തുടിപ്പുകളെ
കുറിച്ചാകുമോർക്കുക...
ഓരോ രാത്രിയിലും അവ
സ്വപ്നം കാണുന്നത്
നമ്മെപ്പോലെതന്നെ
അനുഭൂതികളുടെ
പുതിയ മഴക്കാടുകളാകും...
നരച്ച പകലുകളിലും,
കുളിരുള്ള പ്രഭാതങ്ങളിലും
ചിലപ്പോഴെങ്കിലും അവ
വിരസതയിൽ വഴുതിപ്പോകാറുണ്ട്...
സീൽക്കാരങ്ങളുടെ ഉച്ചസ്ഥായിയിൽ
വികാരങ്ങളുടെ തീയൊളിപ്പിച്ച്
നിശബ്ദമായി കരയാറുണ്ട്...
പൊട്ടിച്ചിരികളിലും,
അടക്കം പറച്ചിലുകളിലും
ഗൂഡമായി പുളകം കൊള്ളാറുണ്ട്...
ചവിട്ടിക്കീറിയ തുന്നലുകളൊളിപ്പിച്ച്
എപ്പോഴും പുതുതായിരിക്കാൻ
വൃഥാ പണിപ്പെടാറുണ്ട്................
പാവം;
മുഷിഞ്ഞുനാറുമ്പോൾ
വലിച്ചെറിയപ്പെടുമെന്നും,
തിളക്കമുള്ള മറ്റൊരാൾ
രതി മണത്തെത്തുമെന്നും
അതെന്നേ മനസ്സിലാക്കിയിട്ടുണ്ടാവും...!
Sunday, October 18, 2009
Subscribe to:
Posts (Atom)
























































