Saturday, November 28, 2009

ബ്ലോർട്ടൂൺസ്‌


പാവപ്പെട്ടവൻ ഈ ബ്ലോഗിന്റെ ഐശ്വര്യം..!



Friday, November 27, 2009

Wednesday, November 25, 2009

ഒടുവിൽ



നിക്കിടക്കയിൽ കടന്നുവന്നതോ
എനിക്കുമുന്നിലായ്‌, പഴയ സൗഹൃദം..
മുനിഞ്ഞുകത്തുമെൻ വിളക്കരികിലായ്‌-
പ്പറന്നുവന്നതീപ്പഴയ സൗഹൃദം..
ഇരുൾപ്പരപ്പിലായ്ത്തിളങ്ങി നിൽപ്പിതാ
മിഴിയ്ക്കുമുന്നിലായ്‌ അഗാധ സൗഹൃദം..
അവിചാരിതം നീ മറഞ്ഞ കാഴ്ചകൾ
മറന്നതില്ല ഞാൻ സദാദിനം..
പുഴക്കരയിലായൊളിച്ചുനിൽക്കുമീ
ഉയർന്ന ചാമരം, നമുക്കു ബാക്കിയായ്‌
ഉണങ്ങി നിൽപ്പിതാ...
നദിക്കുകുറകെയായ്ത്തുഴഞ്ഞു നീന്തിനാം
തളർന്നൊരോർമ്മകൾ മറഞ്ഞുപോകയായ്‌..
വയൽത്തറയിലെക്കറുത്ത ചേറിലീപ്പഴയ
താവളം ഉടമയില്ലാതെയുറഞ്ഞുപോകയായ്‌..
ഇടയ്ക്കുപെയ്തും, ഇടറിമാഞ്ഞും
നനുത്തൊരോർമ്മയായ്‌ നിറഞ്ഞു നീ ചിരം..
ഇതെത്ര സങ്കടം, നിറഞ്ഞുനോവുകൾ
ഒളിച്ചുവച്ചുഞാൻ, ഒതുക്കി നിന്നു ഞാൻ..
പഴയ പുല്ലാങ്കുഴൽ സ്വരം മറന്നുവോ..,
പഴയ ജീവിതക്കവിത വിദൂരമോ.?
ഇതെത്ര സങ്കടം, നനഞ്ഞ നോവുകൾ
അടക്കി നിന്നു ഞാൻ അതൊക്കെയെന്നുമേ..
പതിയെ വേനലും, പതിയെ പേമാരിയും
നടന്നടുക്കവെ,
ഉടഞ്ഞ ജീവിതം തിരഞ്ഞു ഭൂപട-
ത്തടത്തിലെന്നുമേ..
അതേതുമായയായ്‌ മറഞ്ഞുപോയത്‌,
അതേതുമാനസം കവർന്നുപോയത്‌..
കടുത്ത ചൂടിനാൽത്തിളച്ചുനീറിയും,
തണുത്ത കാറ്റിനാൽ വിറച്ചുതുള്ളിയും,
പനിക്കിടക്കയിൽത്തനിച്ചിരുന്നു ഞാൻ,
പഴയ സൗഹൃദം സ്മരിച്ചു നീറവെ..!

സ്വപ്നങ്ങളുടെ പുതിയ മേച്ചിൽപ്പുറങ്ങൾ തേടി
അകലങ്ങളിൽ കഴിയുന്ന അജയന്‌.

Saturday, November 21, 2009

അണിനിരക്കൽ





Friday, November 20, 2009

കവിതയുടെ അപൂർവ്വ വിസ്മയം

രോ കാലങ്ങളിലും ഓരോ അത്ഭുതങ്ങൾ ഉണ്ടാകാറുണ്ട്‌. ജീവിച്ചിരുന്നപ്പോഴും, മരണശേഷവും അത്തരമൊരത്ഭുതമായിരുന്നു ചങ്ങമ്പുഴ കൃഷ്ണപിള്ള. വിസ്മിതവും സവിശേഷകരവുമായ കവിതയുടെ അപൂർവ്വാനുഭവം പകർന്നുതന്ന ചങ്ങമ്പുഴ ഒരു പുരാവസ്തുപോലെ വിസ്മൃതമാണ്‌ ഇന്ന്‌ ചിലർക്കെങ്കിലും.., പഴമയെന്ന പരിഹാസവും..! സാംസ്കാരികമായും, സാക്ഷരതാപരമായും യാതൊരു ഉന്നതിയിലുമെത്താതിരുന്ന ഒരു കാലത്തായിരുന്നു വശ്യമായ കവിതകൾ കൊണ്ട്‌ കാലത്തേയും, ഓരോ മനുഷ്യഹൃദയങ്ങളേയും അദ്ദേഹം കീഴടക്കിയിരുന്നത്‌. സങ്കീർണ്ണതകളില്ലാത്ത കവിതാവഴികളിൽ ഒരു പുതിയ ഭാവുകത്വമായി ഏറ്റവും ലളിതമായ രചനാശൈലി കൈക്കൊണ്ട ചങ്ങമ്പുഴ അത്രയേറെ വായനക്കാരനോടടുക്കുകയായിരുന്നു. അക്കാലത്തുതന്നെ ദുർഗ്രാഹ്യവും, കഠിനവുമായ സംസ്കൃത പദനിബിഡ കവിതകളും നിർലോഭം ഉണ്ടായിരുന്നു. ഏതെങ്കിലും തരത്തിൽ ആസ്വദിക്കാനാകാത്ത സാഹിത്യം അന്നും ഇന്നും കാലഹരണപെട്ടുപോയിട്ടേ ഉള്ളു. കാലാതീതമാകണം കവിത എന്ന പരമസത്യം തിരിച്ചറിയുമ്പോൾ കവികൾ കാലഹരണപ്പെട്ടുപോയിരിക്കും. ചങ്ങമ്പുഴയുടെ കവിതകൾ ഏതുകാലത്തും പ്രിയകരമാകുന്നത്‌ ഭാഷയുടെ സുതാര്യത കൊണ്ടാവണം. കുട്ടിക്കാലത്ത്‌ ഇടപ്പള്ളിയെക്കാളേറെ ലജ്ജാലുവും, അന്തർമുഖനുമായിരുന്നു ചങ്ങമ്പുഴ. കവികൾ പൊതുവെ വിമർശന വിമുഖരും, ദുർബലരും, അന്തർമുഖരുമാകുന്നതെന്തുകൊണ്ടാണ്‌..? അന്നും ഇന്നും വ്യക്തമായ ഉത്തരങ്ങളില്ല. തെക്കേടത്ത്‌ വീട്ടിൽ നാരായണമേനോന്റേയും, ഇടപ്പള്ളി ചങ്ങമ്പുഴത്തറവാട്ടിലെ പാറുക്കുട്ടിയമ്മയുടേയും മകനായി 1911 ഒക്ടോബർ 11-ന്‌ ഈ കാവ്യ ഗന്ധർവ്വൻ ജനിച്ചു. ദുരിതപൂർണ്ണമായ ജീവിത ചുറ്റുപാടുകളിലെ ക്ലേശമാർന്ന ഒരു ബാല്യം ചങ്ങമ്പുഴയെ അന്തർമുഖനാക്കിയിരിക്കണം. ജീവിതത്തെക്കുറിച്ചുള്ള ഉത്കണ്ഠയും, നൈരാശ്യവും, മാനസിക വിഭ്രാന്തിയും, പ്രണയവുമെല്ലാം കവിതയുടെ വിളിപ്പുറങ്ങളിൽ നിന്നും ചങ്ങമ്പുഴയെ കവിതയുടെ അപാരതകളിലേയ്ക്ക്‌ കൂടുതൽ വലിച്ചടുപ്പിക്കുകയാണുണ്ടായത്‌. ഹൈസ്ക്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ കാലത്താണ്‌ ചങ്ങമ്പുഴയുടെ ആത്മസ്നേഹിതനും ഇടപ്പള്ളി പ്രസ്ഥാനത്തിന്റെ ഉപ്ജ്ഞാതാവുമായ രാഘവൻപിള്ളയുടെ ദുരൂഹമായ ആത്മഹത്യ. ഇടപ്പള്ളിയുടെ മരണം ചങ്ങമ്പുഴയുടെ ജീവിതത്തെ അത്യധികം വേദനാനിർഭരമാക്കി. വിഖ്യാതമായ രമണന്റെ പിറവി ഈ വിയോഗത്തിന്റെ സ്മരണാർത്ഥമെന്ന്‌ കാവ്യ ചരിത്രവും കുറിച്ചുവച്ചു. 1938-39 കാലഘട്ടങ്ങളിൽ ഇടപ്പള്ളിയിയെന്ന ചെറുപ്രദേശത്ത്‌ ഇവരുടെ സ്വാധീനമുൾക്കൊണ്ട 217 യുവകവികളുണ്ടായിരുന്നുവെന്ന്‌ തമാശരൂപേണ ചങ്ങമ്പുഴ തന്നെ പറഞ്ഞിട്ടുണ്ട്‌. എറണാകുളം മഹാരാജാസ്‌ കോളേജ്‌, തിരുവനന്തപുരം ആർട്സ്‌ കോളേജ്‌, എന്നിവിടങ്ങളിലെ പഠനശേഷം ഓണേഴ്സ്‌ ബിരുദം കരസ്ഥമാക്കി.



തുടർന്നാണ്‌ 1940-ൽ ശ്രീദേവി അമ്മയെ വിവാഹം കഴിക്കുന്നത്‌. വെറും 8 വർഷത്തെ ദാമ്പത്യമായിരുന്നു അവർക്ക്‌ വിധിച്ചിരുന്നത്‌. കഠിനമായ സാമ്പത്തിക വിഷമതകൾ സഹിക്കവയ്യാതെ അദ്ദേഹം പട്ടാളത്തിൽ ചേർന്നു. രണ്ടുവർഷത്തിനകം തനിക്കു പറ്റിയ ഇടമല്ല ഇതെന്ന്‌ തിരിച്ചറിഞ്ഞ ചങ്ങമ്പുഴ ജോലി വലിച്ചെറിഞ്ഞ്‌ മദിരാശിയിലെ ലോകോളേജിൽ പഠനം തുടങ്ങിയെങ്കിലും പൂർത്തിയാക്കാനായില്ല. ഇതേത്തുടർന്നാണ്‌ മംഗളോദയം മാസികയുടെ പത്രാധിപസമിതി അംഗമാകുന്നത്‌. ഇടപ്പള്ളിയിലേയ്ക്ക്‌ തിരിച്ചെത്തിയ നാളുകളാണ്‌ മലയാള കവിതയുടെ ഖ്യാതി ഉയർത്തിയ സുരഭിലമായ കാലം. ഒരു തലമുറയാകെ ആ ഗാനനിർത്ധരിയിൽ മുഴുകുകയായിരുന്നു പിന്നീട്‌... കവിതയിൽ കമ്പമില്ലാത്തവർപോലും ചങ്ങമ്പുഴക്കവിതകൾ പാടി നടന്നിരുന്നു. രാഘവൻ പിള്ള തുടങ്ങി വച്ച ഇടപ്പള്ളി പ്രസ്ഥാനം ഒടുവിൽ ചങ്ങമ്പുഴ ഏറ്റെടുത്തു. കവിതയുടെ പരിശുദ്ധമായ സൗന്ദര്യവും ദാർശനികതയും ജനഹൃദയങ്ങൾക്ക്‌ പകർന്നുകൊടുത്തതാണ്‌ ഇടപ്പള്ളി പ്രസ്ഥാനം. ആ കാലം തന്നെയാകണം മലയാള കവിതയുടെ നിത്യസുന്ദരമായ യൗവ്വനവും. ആദ്യ കൃതിയായ ബാഷ്‌പാഞ്ജലിയിൽ തുടങ്ങി, കവിതാസമാഹാരങ്ങളും, ഖണ്ഡകാവ്യങ്ങളും, പരിഭാഷകളും, നോവലുകളുമടക്കം 57 കൃതികൾ അദ്ദേഹം കൈരളിക്ക്‌ സമർപ്പിച്ചു. അശുഭാപ്തിവിശ്വാസവും, അരക്ഷിതാവസ്ഥയും നിറഞ്ഞ ജീവിതത്തിലേയ്ക്കിറങ്ങി വന്ന്‌ സമസ്താനുഭാവങ്ങളിലും സമരസപ്പെടുകയായിരുന്നു അദ്ദേഹം. പ്രണയം മാത്രമല്ല, ഭക്തിയും, വിഭക്തിയും, യുക്തിയും, വിപ്ലവവുമൊക്കെ കവിതകളായി പൂത്തുലഞ്ഞ ഒരു വസന്തം അങ്ങിനെ നമുക്കു പിന്നിൽ ഒരു സാന്നിദ്ധ്യം പോലെ ഉണ്ടായിരുന്നു.

"വേദന, വേദന, ലഹരി പിടിയ്ക്കും
വേദന, ഞാനിതിൽ മുഴുകട്ടെ
മുഴുകട്ടെ മമ ജീവനിൽ നിന്നൊരു
മുരളീമൃദുരവമൊഴുകട്ടെ"

എന്ന്‌ നെഞ്ചുകീറി നേരിനെ കാട്ടിയപ്പോൾ ആത്മാവിൽ നിന്ന്‌ കവിത ആസ്വാദകന്റെ ഹൃദയം കൂടി കീറിമുറിക്കുക തന്നെ ചെയ്തു. പ്രണയത്തിന്റെ അനുഭൂതികൾക്കൊപ്പം ജീവിതത്തിന്റെ അനർത്ഥവിചാരങ്ങളുടേയും, ആശങ്കകളുടേയും അപൂർവ്വമായ ഒരു ദിവ്യാനുഭവം കവിതയിലൂടെ പകർന്നു തന്നിരുന്നു. കവിയിൽ ദൈവീകമായ എന്തോ ഒന്നുണ്ട്‌. ചിത്തഭ്രമത്തിനുതുല്യമായ ഒരസ്വാസ്ഥ്യം അയാൾ ഉള്ളിൽ വഹിക്കുന്നുണ്ട്‌. അത്തരമൊരസ്വാസ്ഥ്യം ഉള്ളിൽ പേറിയതുകൊണ്ടുതന്നെയാവണം സ്വന്തം ജീവിതത്തെ ഇദ്ദേഹം ഉത്കണ്ഠയോടെ നോക്കി കണ്ടതും.



ബാഷ്പാഞ്ജലി, രമണൻ, അപരാധികൾ, അമൃതവീചി, അസ്ഥിയുടെ പൂക്കൾ, ആകാശഗംഗ, ആരാധകൻ, ഉദ്യാനലക്ഷ്മി, ഓണപ്പൂക്കൾ, കലാകേളി, കല്ലോലമാല, ചൂഡാമണി, തളിർത്തൊത്തകൾ, ദിവ്യഗീതം, ദേവഗീത, ദേവയാനി, ദേവത, നർത്തകി, നിർവൃതി, നിഴലുകൾ, നിർവ്വാണമണ്ഡലം, നീറുന്ന തീച്ചൂള, പാടുന്ന പിശാച്‌, മഗ്ദലമോഹിനി, മഞ്ഞക്കിളികൾ, മണിവീണ, മദിരോൽസവം, മാനസ്വേശ്വരി, മൗനഗാനം, മോഹിനി, യവനിക, മയൂഖമാല, രക്തപുഷ്പങ്ങൾ, രാഗപരാഗം, വസന്തോൽസവം, വൽസല, ശ്മശാനത്തിലെ തുളസി, ശ്രീതിലകം, സങ്കൽപ്പകാന്തി, സുധാംഗദ, സ്വരരാഗസുധ, സ്പന്ദിക്കുന്ന അസ്ഥിമാടം, ഹേമന്തചന്ദ്രിക, എന്നീ പദ്യകൃതികളും, അനശ്വരഗാനം, കഥാരത്നമാലിക, കളിത്തോഴി, കരടി, തുടിക്കുന്ന താളുകൾ, പെല്ലീസും മെലിസാന്ദയും, പൂനിലാവിൽ, പ്രതികാരദുർഗ്ഗ, മാനസാന്തരം, വിവാഹാലോചന, ശിഥിലഹൃദയം, സാഹിത്യചിന്തകൾ, ഹനേലെ തുടങ്ങിയ ഗദ്യകൃതികളുമാണ്‌ മാഹാകവി മലയാള കവിതയ്ക്കായി ബാക്കിവച്ചത്‌. വാതരോഗവും, ക്ഷയരോഗവുംകൊണ്ട്‌ ഉത്കണ്ഠാകുലമായെങ്കിലും ജീവിതത്തെ തിരികെ കിട്ടാൻ അദ്ദേഹം ഒരുപാടാഗ്രഹിച്ചിരുന്നു. പലവിധ അസ്വസ്ഥതകൾക്കൊടുവിൽ രോഗം മൂർച്ഛിച്ച്‌ 1948 ജൂൺ 17-ന്‌ തൃശ്ശിവപേരൂർ മംഗളോദയ നേഴ്സിംഗ്‌ ഹോമിൽ വച്ച്‌ ഈ കാവ്യഗന്ധർവ്വൻ ജീവിതത്തോട്‌ യാത്ര പറഞ്ഞു. എങ്കിലും അതിർവരമ്പുകളില്ലാത്ത കവിതയുടെ അപാരതകളിൽ ആ ജീവൻ ഇപ്പോഴും സ്പന്ദിച്ചുകൊണ്ടിരിക്കുന്നു. ഓരോ അനുഗാനങ്ങളിലൂടെ നമ്മുടെയൊക്കെ ഹൃദയങ്ങളിലും...!
വിക്കീപീഡിയ, മനോരമ എന്നിവയോട്‌ കടപ്പാട്‌.

Sunday, November 15, 2009

രാത്രിക്കുറിപ്പുകൾ-1

(1)
"എത്രമേൽ ശാന്തമാണിവിടമെപ്പൊഴും
പൂർണ്ണ നിദ്രതൻ നിശബ്ദസംഗമം,
എത്രമേൽ സ്വസ്ഥമാണെങ്കിലും
ശിഷ്ടരാത്രിതന്നോർമ്മകളത്രമേലസ്വസ്ഥ-
മാണെന്റെ ഹൃത്തിൽ‍..."

(2)
"ഏത്‌ സാഗരച്ചോരയിൽ നിൻ മുഖം
കാത്തു സൂക്ഷിച്ചൊരജ്താത രേഖയായ്‌,
ഏത്‌ കാനനക്കോണിലാണെങ്കിലും
കാണാതെ പോയി ഞാനോമലേ നിൻ കരൾ‍.."

(3)
"ഒരു നാളുമോർക്കാതെ പോകട്ടെ-
നാമൊരുമിച്ചലഞ്ഞ പദയാത്രകൾ‍,
ഒരു രാവുമോർക്കാതിരിക്ക നാം
വേർപെട്ട പൂർണ്ണാന്ധകാരക്കടൽ‍.."

(4)
"മാഞ്ഞു പോകുന്നു, മഹാകാല സൌഭഗം,
മായുന്നു, വാഴ്വിൻ പുരാവൃത്ത സഞ്ചയം.."

(5)
"ഇഷ്ടകാലം കഴിഞ്ഞു പോകയായ്‌,
ശിഷ്ട കാലം തളിർക്കുമോർമ്മകൾ
‍നാം മറന്നു പോകാതിരിക്കുവാൻ‍.."

(6)
"എഴുതി വച്ചിടാം സഖീ ദൃഡം,
നിനക്കു പകരമായ്‌ വരില്ലൊരാളുമേ,
എനിക്കു ജീവനായ്‌ മരണം വരേയ്ക്കും.."

(7)
"വിജനപാതയിൽ സ്മൃതികളെല്ലാമകന്നുപോയാലും,
വാക്കും വെളിച്ചവുമതി ഗഗന സീമയിൽച്ചെന്നുചേർന്നാലും,
നിന്നസാന്നിധ്യ രാത്രിയിൽ ഹൃദയത്തിലൊരു വനമുല്ല പൂക്കുമോ?.."

(8)
"കലിതുള്ളിവരുമന്റെ കരളൊരു-
കടൽ കടഞ്ഞേതോ നിഗൂഡരാവിൽ..
കദനം നിറച്ചിരിപ്പാണെമെപ്പൊഴു-
മിരവിൽക്കുരുത്ത നിന്റെ ജീവൻ,
ഹൃദയം പകുത്തുനൽകാം നിനക്കിനി-
ക്കരതലം ചേർത്തുഞ്ഞാൻ പ്രാണനേകാം"

(9)
"ആരെൻ ജീവൻ തിരികെ വിളിച്ചു
ആരെൻ ജീവൻ മുറുകെ വലിച്ചു
മൃതിയുടെ ഗൂഡക്കരമോ ചുറ്റും
മരണമളന്നൊരു സമയപ്പൊരുളോ..?"

(10)
"കാണാതിരിക്കുന്നതെങ്ങിനെ
നിത്യവും കണ്മുന്നിലെത്തും കിനാക്കളെ,
കേൾക്കാതിരിക്കുന്നതെങ്ങിനെ
നിത്യമെൻ കാതിലെത്തും സ്വരങ്ങളെ.."

(11)
"ഒരു വരയ്ക്കുള്ളിലെവിടെയോ
പലനിറം പൂണ്ടൊരോർമ്മകൾ,
നീർമാതളച്ചുവപ്പുകൾ..
ഒരു ചിതയ്ക്കുള്ളിലെവിടെയോ,
വംശവൃക്ഷത്തിൻ നിഴലനക്കങ്ങൾ..,
മറവിതൻ ശാപക്കലക്കങ്ങൾ.."

(12)
"ജീവിച്ചുതീർക്കുവാനാകുമോ
ഈ മണ്ണിലെന്നുമേ സൽവിധം
നന്മയും നേരും വേർപെട്ടുപോകയാൽ
കൽമഷം തന്നെയീ ശാപജന്മം.."

(13)
"എത്ര തീരെപ്പറഞ്ഞുനാ-
മെത്രദൂരം നടന്നു നാമെ-
ത്തുന്നതോ ശ്യൂന്യദിക്കിൽ..
എത്രശേഷിപ്പിന്നഗാധമാ-
മർത്ഥശ്യൂന്യ വിചാരവും, വികാരവും-
മടുത്തെത്ര കാലം നാമടക്കിപ്പിടിക്കണം.."

(14)
"നിലയ്ക്കാത്തൊരുഷ്ണപ്രവാഹമീ നമ്മൾ,
സിരകളിൽ രതിയുടെ ചുടുനിണം തീർത്തവർ.."

(15)
"ആരുടെ വേദനയലറിവിളിപ്പൂ
ആരുടെ രോദനമെന്നെവിളിപ്പൂ
ആരുടെ നോവിൻ തന്ത്രികളെന്നിൽ-
പ്പാഴായ്പ്പിന്നെയുമുതിരുന്നു.."

(16)
"ഉടഞ്ഞ സ്ലേറ്റിൽ വരച്ച ചിത്രം
പകുതിയാക്കിയോ,
ജ്വലിച്ച നിൻ മുഖം
മറച്ചുരാവുകളകൽച്ച കൂട്ടിയോ,
പുലർച്ചെ മഞ്ഞിൻ
കുരുന്നുതുള്ളികൾ
നിറങ്ങളേകിയോ...
വെളിച്ചമെന്നിൽപ്പതിച്ച
നാളിൽ മരിച്ച നിൻ മുഖം
മിഴിച്ചു നോക്കിയോ.."

(17)
"ഇവിടെയൊരു ഹരിതസുഖവനനിബിഡമില്ല,
ഇവിടെയൊരുഗിരിനിര തഴുകുമൊരു കുളിർതെന്നലില്ല,
ഇവിടെയിനിയേകാന്തമാമിരുൾക്കാടുമാത്രം,
ഇവിടെയിനിയജ്ഞാതമാം ശാപമരുഭൂമിമാത്രം..
ഇവിടെയൊരു പുണ്യമഴപെയ്തു നിറയുന്നതെന്ന്‌..?
ഇവിടെയൊരു പുണ്യരക്ഷകൻ പിറവികൊള്ളുന്നതെന്ന്‌‌...."

(18)
"എന്നിലെ നന്മകൾ നിന്നിൽ നിറയാൻ
എന്നെപ്പുൽകുക നീ നിത്യം,
എന്നിലെ ഉണ്മകൾ നിന്നിൽ നിറയാൻ
എന്നിൽപ്പടരുക നീ നിത്യം.."

(19)
"നീ നിൽക്കുന്നിടം പണ്ടുവനമായിരുന്നു..,
ഈ മരുഭൂവുപണ്ടെൻ പ്രിയവനമായിരുന്നു.."

(20)
"ഇന്നലെ ഞാനൊരു പുല്ലാങ്കുഴലായ്‌
നിന്നുടെയോമൽച്ചുണ്ടുകവർന്നു..
ഇന്നലെ ഞാനൊരു സ്വരമഴയായ്‌ നിൻ
താരുണ്യത്തേൻ കരളുകവർന്നു.."

(21)
"തണലുതേടേണ്ട നീയിവിടെക്കുളിരു-
തേടേണ്ട നീയിവിടെയൊരുപൂമണത്തി-
ന്നുറവ തേടേണ്ട പണ്ടേ, പടിവിട്ടുപോയിനിൻ
മരതകക്കാടുകൾ.."

(22)
"ഇടവത്തിലൊരുതുള്ളി ജലമായെങ്കിൽ,
ഞാനുറക്കെപെയ്തിരമ്പുന്ന മഴയായെങ്കിൽ.."

(23)
"ഇവിടെയീ വിജനമാം കരയിൽനാമെരിയുന്ന
ജഡരേഖകൾ, വരമൊഴികൾക്കുനേർക്കുനേർ
പ്രതിരൂപസന്ധിയായ്‌ മൃത്യുവെ-
ക്കാത്തിരിക്കും മഹാദു:ഖ സഞ്ചയം..
ഇവിടെയതിരൂഡമാം വേനലിൽ
നാമുരുകുന്ന വേരറ്റ മൂകതാരൂപകം,
മക്കൾക്കുപോലുമസഹ്യമാം
മഹാവൃക്ഷ വൃദ്ധപ്പെരുംതൂണുകൾ...
വേദനകളെല്ലാമൊതുക്കുന്ന കൺകളിൽ
ശ്യൂന്യതാബോധത്തിനാത്മദു:ഖം..
നരവീണവരകളായ്‌ ഹൃദയത്തിൽ
നിറയുന്ന നിഴൽജീവിതം,
ജീവനിലിരുൾ പാകിയെങ്ങോ
വഴിതെറ്റിമറയുന്ന ജലരേഖകൾ,
നമ്മൾ വഴിതെറ്റി മറയുന്ന മൃതരേഖകൾ.."

(24)
"എന്തൊരു ഗന്ധമിതെന്തൊരു ദുർഗ്ഗതി
ദുർഗന്ധത്തിൻ നഗരമുഖം..
നാറും നഗരവിശേഷം നമ്മിൽ
നാണവുമില്ലാതമരുമ്പോൾ
മാലിന്യത്തിൻക്കൂമ്പാരക്കടലായ്‌
മാറീ നമ്മുടെ നാടെങ്ങും.."

നേർക്കുനേർ
























കവി കുരീപ്പുഴ ശ്രീകുമാറുമായി
മുഖാമുഖം നിങ്ങളുടെ ദൂരദർശനിൽ 

ഇന്നുരാവിലെ 11.30-ന്‌.
മറക്കാതെ കാണുക.


Friday, November 13, 2009

നിമിഷ കവിത

കണ്ടാൽക്കേമം കവിതാരൂപം
ശങ്കകളെന്തിനു പുതുകവിതേ..?
അണ്ടൻ, കുണ്ടൻ കണ്ടവരെല്ലാ-
മെഴുതിക്കൊന്നു മലയാളം,
കൂണുകണക്കെമുളച്ചൂഗവികൾ
പേരിനുപോലും പ്രതിഭകളില്ലാ-
ക്കൂമൻ കഴുകൻ ചെന്നായ്ക്കൾ..
ഒത്തൊരുമിച്ചു പറഞ്ഞൂ ഗവികൾ
താളവുമീണവുമുള്ളൊരു കവിതക-
ളറുബോറൻ പഴമണ സാഹിത്യം...
മണ്ട പുകയ്ക്കണമോരോ വരിയും
പിടികിട്ടാതലയണമാശയമെന്നും
കണ്ടാൽക്കവിതകളെന്നു വിളിയ്ക്കേണം..
മരമൊരു വിഷയം, വേരൊരു വിഷയം
വേറൊരു വിഷയവുമില്ലെന്നാൽ..,
കണ്ടുരസിക്കൂ, കാഴ്ചകൾ കാണൂ,
കവിത രചിപ്പിൻ കലികാലം..!

Monday, November 09, 2009

എന്റെ പ്രിയപ്പെട്ട കൊച്ചാശാരി

ഫൈനാർട്സ്‌ കോളേജ്‌ വിട്ടിറങ്ങിയ കാലത്ത്‌ പെട്ടെന്നുതന്നെ ഒരു അഡ്വർട്ടൈസിംഗ്‌ കമ്പനിയിൽ എനിക്ക്‌ ജോലി ലഭിച്ചു. ആർട്ട്‌ ഡിപ്പാർട്ട്‌മെന്റിൽ വിഷ്വലൈസർ എന്ന പോസ്റ്റിനുമേൽ ആർട്ട്‌/ക്രീയേറ്റീവ്‌ ഡയറക്ടർമാർ ഇല്ലാത്ത സാദാ ഏജൻസി. തുടക്കത്തിലേ കല്ലുകടികൾ.. എങ്കിലും ഒന്നാംതീയതിലെ സാലറിയിൽ ഞാൻ കല്ലുകടികൾ ഒളിച്ചുവച്ചു. ഒടുവിൽ ചെയ്യാത്ത തെറ്റിന്‌ പഴികേൾക്കേണ്ടി വന്നപ്പോൾ എം.ഡിയുടെ മുഖത്തേയ്ക്ക്‌ റിസൈൻ ലെറ്റർ വലിച്ചെറിഞ്ഞ്‌ ഞാനാ പടി വിട്ടു. വീണ്ടും അനിശ്ചിതത്വത്തിന്റെ നാളുകൾ..ആദ്യ ജോലി തന്നെ നാലുമാസത്തിനുള്ളിൽ വലിച്ചെറിഞ്ഞ എന്റെ ധിക്കാരത്തെ പലരും വിമർശിച്ചു, കൂട്ടുകാർ കുറ്റപ്പെടുത്തി. എങ്കിലും ആരുടെയും മുന്നിൽ തല കുനിക്കാത്ത എന്റെ (ദുര) അഭിമാനത്തിൽ ഞാൻ ഞെളിഞ്ഞു നിന്നു. വീണ്ടും ചിത്രം വര തന്നെ ശരണം. 1999 കളിലാണ്‌ ഞാൻ മരണപ്പെട്ടവരുടെ ചിത്രങ്ങൾ ഏറ്റവും കൂടുതൽ വരച്ചിരുന്നത്‌. ജീവിതത്തിൽ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത, ഒരിക്കലും പരിചയിച്ചിട്ടില്ലാത്ത ഒരുപാടാത്മാക്കൾ എന്റെ രാത്രികളേയും, പകലുകളേയും അലോസരപ്പെടുത്തി. ആത്മാക്കളുടെ ആത്മാവ്‌ കണ്ടെത്തുന്ന വിദ്യയിലൂടെ ഞാൻ അവരുമായി സംവദിക്കുകതന്നെ ചെയ്തു. അന്നെനിക്ക്‌ ഓജോ ബോഡിനെ (ഉയ്‌ജോ)കുറിച്ചറിയാമായിരുന്നെങ്കിൽ പലരുടേയും മരണ രഹസ്യങ്ങൾ ഞാൻ ചികഞ്ഞെടുത്തേനേ. എന്തായാലും എല്ലാ ദിവസവും കൂടുതൽ കൂടുതൽ ആളുകൾ മരണപ്പെടണേ എന്ന എന്റെ പ്രാർത്ഥന ദൈവം കേട്ടില്ല. (വരയല്ലാതെ മറ്റൊരു മാർഗ്ഗവുമില്ലാതെ വന്നപ്പോൾ അന്ന്‌ ഞാനിങ്ങനെയൊക്കെ പ്രാർത്ഥിച്ചിരുന്നു... ഒരു ശവപ്പെട്ടി കച്ചവടക്കാരന്റെ ഡെയ്‌ലി പ്രാർത്ഥന പോലെ...) എന്റെ നിത്യവൃത്തി വരയായിരുന്നതിനാൽ പുസ്തകങ്ങൾക്കും, മാഗസിനുകൾക്കും ഇല്ലസ്ട്രേഷനുകൾ കൂടി ചെയ്ത്‌ വിപുലീകരിച്ചിട്ടും വലിയഗുണം കണ്ടില്ല. കാശിന്റെ കാര്യം വരുമ്പോൾ വര എപ്പോഴും ഒരൗദാര്യമായി മാറി പോകും. ആയിടയ്ക്ക്‌ ഒരു പ്രഭാതത്തിൽ എന്റെ ഉറക്കം നശിപ്പിച്ചുകൊണ്ട്‌ അവൻ കടന്നു വന്നു. കൊച്ചാശാരി..! വിനോദ്‌ എന്നു പേരുള്ള ഈ പാവം ചെറുപ്പക്കാരനെ എല്ലാവർക്കും ഇഷ്ടമായിരുന്നു. ഞങ്ങളുടെ പ്രദേശത്ത്‌ പുതുതായി വന്ന വിനോദിനെ ഞാൻ അത്രകണ്ട്‌ പരിചയപ്പെട്ടിരുന്നില്ല. വീടിന്റെ വാതിലുകളിൽ കൊത്തുപണി ചെയ്തിരുന്ന കൊച്ചാശാരി ജ്യേഷ്ഠൻ വല്ല്യാശാരിയെപ്പോലെ മിടുക്കനായിരുന്നില്ല. വല്ല്യാശാരിക്കു ഞാൻ വല്ലപ്പോഴും ഡിസൈൻ വരച്ചുകൊടുത്തിരുന്നു. ഉറക്കത്തിൽ നിന്ന്‌ വിളിച്ചുണർത്തി കൊച്ചാശാരി ആവശ്യപ്പെട്ടത്‌ ഹംസവും ദമയന്തിയുമായിരുന്നു.. വാതിലിന്റെ അതേ അളവിൽ തന്നെ ചിത്രം വരയ്ക്കണമെന്നുള്ളതുകൊണ്ട്‌ അത്ര നിസ്സാരവുമല്ല പണി. വാതിൽ ഡിസൈനിൽ ത്രിമാന സ്വഭാവം തീരെ കുറവായിരിക്കും. അവർക്കേറ്റവും പ്രയാസകരം മുഖമാണ്‌.. മൂക്ക്‌, കണ്ണ്‌, ചുണ്ട്‌ ഇവയുടെ പ്രൊജക്ഷൻ നന്നായില്ലെങ്കിൽ വൃത്തികേടുമാകും. പണി എളുപ്പമാക്കാൻ ഫ്രണ്ട്‌ വ്യൂവിൽ നിന്ന്‌ ചില ചെറിയ വ്യത്യാസങ്ങൾ വരുത്തി വരയ്ക്കാൻ ഞാൻ ശ്രദ്ധിച്ചിരുന്നു. എന്തുകൊണ്ടെന്നറിയില്ല എനിക്ക്‌ ഇയാളെ വലിയ ഇഷ്ടമായിരുന്നു. സിമന്റ്‌ തേക്കാത്ത കൊച്ചാശാരിയുടെ മൺകട്ട വീടിലെ ഇടുങ്ങിയ മുറിയിലിരുന്ന്‌ ഞങ്ങൾ ജീവിതത്തെ സ്വപ്നം കണ്ടിരുന്നു. എന്നെങ്കിലും ഈ നശിച്ച നാടുവിട്ട്‌ ഭാവി സുരക്ഷിതമാക്കണമെന്ന്‌ ഞങ്ങൾ വ്യാമോഹിച്ചിരുന്നു. ഭാര്യയും, 2 കുട്ടികളുമടങ്ങിയതായിരുന്നു കൊച്ചാശാരിയുടെ ചെറിയ കുടുംബം. ശകുന്തള, കന്യാമറിയം, യേശുദേവൻ, ശ്രീനാരായണഗുരു, വിളക്കേന്തിയ വനിത, താജ്മഹൽ, കേരള സ്ത്രീ അങ്ങിനെയങ്ങിനെ ജീവിതത്തിന്റെ എത്രയെത്ര വാതിലുകൾ ഞങ്ങൾ മറ്റുള്ളവർക്കുവേണ്ടി തുറന്നുകൊടുത്തു. വൈകാതെ എനിക്ക്‌ മറ്റൊരു കമ്പനിയിൽ ജോലി ശരിയായപ്പോൾ ഞാൻ വീണ്ടും തിരക്കുകളിൽ പെട്ടു. പതിയെ പതിയെ ഞാൻ എന്റെയാ പഴയ കൂട്ടുകാരനേയും മറന്നു. കമ്പനികൾ മാറി മാറി ജോലി ചെയ്യുന്നതിനിടെ എന്റെ എഴുത്തും വരയും നിന്നു. വീണ്ടുമൊരു പ്രഭാതത്തിൽ എന്റെ ഉറക്കം നഷ്ടപ്പെടുത്തിക്കൊണ്ട്‌ കൊച്ചാശാരി വന്നു. തലേന്ന്‌ രാത്രിയിൽ കമ്പനിക്കുവേണ്ടി ഉറക്കം മാറ്റിവച്ച ഞാൻ വൈകിയുണരാൻ തീരുമാനിച്ചിരുന്നപ്പോഴാണ്‌ കൂട്ടുകാരന്റെ വരവ്‌. എന്റെ ഉറക്കം തടസ്സപ്പെടുത്തിയ കൊച്ചാശാരിയോട്‌ അന്നാദ്യമായി ഞാൻ കയർത്തു സംസാരിച്ചു. വരയ്ക്കാൻ തീരെ സമയമില്ലെന്നും മറ്റാരെയെങ്കിലും ഏൽപ്പിക്കാൻ പറഞ്ഞപ്പോൾ ദീനനായി എന്നെ ഒന്നുനോക്കിയിട്ട്‌ ആ പാവം തിരിച്ചു പോയി. വീണ്ടുമെന്നോ കണ്ടപ്പോൾ ഞാൻ ആ സംഭവത്തിന്‌ മാപ്പും പറഞ്ഞു. അപ്പോഴേയ്ക്കും കൊച്ചാശാരിയുടെ രൂപമാകെ മാറിയിരുന്നു.. തടിച്ചു വീർത്ത്‌..."കള്ളാ ഇപ്പൊ ബിയറടി തുടങ്ങിയല്ലേയെന്ന്‌" ഞാൻ ചോദിച്ചപ്പോൾ നിർവ്വികാരനായി തലക്കുലുക്കി കൊണ്ട്‌ പറഞ്ഞു "നീ എനിക്കൊരു നൂറുരൂപ കടം തരണം, എനിക്കെന്തോ വലിയ അസുഖമുണ്ടെന്ന്‌ ഡോക്ടർ സംശയിക്കുന്നു. ഇന്ന്‌ ചെക്കപ്പിന്‌പോകണം.." എന്റെ കൈയിൽ അപ്പൊ ഒന്നുമില്ലായിരുന്നു. അടുത്ത മാസം ശമ്പളം കിട്ടുമ്പോൾ തരാമെന്ന്‌ പറഞ്ഞ്‌ ഞങ്ങൾ പിരിഞ്ഞു. കുറെ ദിവസങ്ങൾക്കുശേഷം വീട്ടിലൊരാൾ വന്നുപറഞ്ഞു, ''നമ്മുടെ കൊച്ചാശാരി മരിച്ചു, ബ്ലഡ്‌ ക്യാൻസറായിരുന്നു... വ്യാഴാഴ്ച സഞ്ചയനമാണ്‌.." എന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. ജീവിച്ചിരിക്കുമ്പോൾ എനിക്ക്‌ കൊച്ചാശാരിയെ സഹായിക്കാൻ കഴിഞ്ഞില്ല, ഒരു വിധത്തിലും...! മരിച്ചു മണ്ണടിഞ്ഞിട്ടും എനിക്ക്‌ ആ മുഖം വരയ്ക്കുവാനും കഴിഞ്ഞില്ല. വേദനകൾ ചിലപ്പോൾ ഇങ്ങനെയൊക്കെയാണ്‌...

.... ഓരോ മരണവും ഓരോ ആഘോഷങ്ങളാണ്‌.... ഓർമ്മക്കുറിപ്പുകളായി, വരകളായി, കവിതകളായി, സങ്കടങ്ങളായി ഒക്കെ അത്‌ നീളുന്നു...!

Sunday, November 08, 2009

അയ്യപ്പേട്ടനെ പ്രകോപിപ്പിച്ച ആ പഴയ കവിത..!

എ.അയ്യപ്പന്‌..















നീ
വേനലിൽ കരിയാത്ത മരം..
ശ്യൂന്യതയുടെ അകംപൊരുൾ തേടി,
പ്രാർത്ഥനകളില്ലാത്ത രാത്രികളിൽ
ബോധപൂർവ്വം വഴി മറന്നവൻ..

വിചാരണകളുടെ കറുത്ത കൂട്ടിൽ
വേദനയൊളിപ്പിച്ച നിന്റെ രേഖാചിത്രം..
സൂര്യനില്ലാത്ത പ്രഭാതങ്ങളിൽ
പടർന്നുകത്തിയ മെഴുകുതിരി പോലെ
പ്രകാശം പരത്തുന്ന നിന്റെ കണ്ണുകൾ..

ആഗ്രഹങ്ങളുടെ ഉടഞ്ഞ മൺകൂടിനുള്ളിൽ
പുഞ്ചിരിക്കുന്ന നിന്റെ മുഖം..
വാക്കുകളുടെ വിശുദ്ധി തേടുന്നവനേ,
നിന്നെ ഞാൻ തിരയുന്ന നേരം
നീ അരൂപിയാകുന്നതെന്ത്‌..?

നിനക്ക്‌ കൽപ്പിച്ചു തരാത്ത സ്ഥാനം
ആകാശത്തെക്കാളുമുയരെയാണെന്ന്‌
നീ അറിയാത്തതെന്ത്‌..?
ലഹരിയുടെ നിശബ്ദ സായാഹ്നങ്ങളിൽ
ഒറ്റപ്പെട്ടവന്റെ വേദനയില്ലാതെ,
ഒരുന്മാദിയെപ്പോൽ നീ കടന്നു പോകുന്നതും,
നിഷേധിയുടെ ധീരമായ
കാലൊച്ച കാതോർത്ത്‌ ഞാൻ
അശാന്തനാകുന്നതും നീ അറിയുന്നതേയില്ല..

ഉടഞ്ഞ കണ്ണാടികളുടെ കൂട്ടത്തിൽ
കൂടുതൽ തിളങ്ങിയ നക്ഷത്രമേ,
വിശുദ്ധിയുടെ വാതായനങ്ങളിൽ
നിന്റെ പേർ കൊത്തുന്ന
കാലമിനിയെന്നാണ്‌...?

രണ്ടുപേരും നല്ല ഫിറ്റാ..

Wednesday, November 04, 2009

ഇഞ്ചിയുടെ പിങ്ക്‌ ഷഡ്ഡിയും ചില നുണക്കഥകളും...

കാപ്പിലാൻ മനസ്സിന്റെ ആൽത്തറ തുറക്കുന്നു.

ബൂലോകത്ത്‌ കവിതാവിവാദം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സമയത്താണ്‌ നാറ്റത്തിന്റെ ചിരി പടർത്തിക്കൊണ്ട്‌ ചിത്രകാരൻ ഇഞ്ചിയുടെ ഷഡ്ഡി വട്ടം ചുഴറ്റി വന്നത്‌. വിവാദമായ കവിതാക്കൊലക്കേസിന്റെ പരിസമാപ്തിക്കുമുൻപായി ചിത്രകാരൻ മന:പ്പൂർവ്വം പണിത ഒരു റിലാക്സ്‌ പോസ്റ്റായിരുന്നു ഇഞ്ചിപ്പെണ്ണിന്റെ ഷെഢി സമ്മാനം നമതിന് . ‍ആരുമറിയാതെ കിടന്ന ഈ ഷഡ്ഡിയെ പൊക്കിക്കൊണ്ടുവന്ന്‌ ഈ ബൂലോകമാകെ നാറ്റിച്ച്‌ നാമാവശേഷമാക്കിയ ചിത്രകാരന്‌ ആരു മാപ്പു കൊടുക്കും..?


പണ്ടെങ്ങോ എഴുതിവിട്ട്‌ നാറ്റം സ്വയം ആസ്വദിച്ച്‌ തൃപ്തിയടഞ്ഞ നമതിന്‌ വർഷങ്ങൾക്കുശേഷം ഇഞ്ചി ഇങ്ങനെയൊരു ചീഞ്ഞ കളസം കൊടുക്കുമെന്ന്‌ ആരും സ്വപ്നത്തിൽപ്പോലും കരുതിയിരുന്നില്ല. സമയോചിതമായി ഇതിനുവേണ്ട നടപടികൾ കൈക്കൊണ്ട്‌, ബൂലോകത്തെ കവിതാ അടിയുടെ ആക്കം കുറച്ച ചിത്രകാരന്‌ എന്റെ വക രണ്ട്‌ മഞ്ഞ ഓട്ടക്കളസം സമ്മാനം..! തൊട്ടുപിറകെയാണ്‌ കാപ്പിലാൻ ഈ അനാഥമായ ജട്ടിയെ ആൽത്തറയിൽ ഭദ്രമായി പുന:പ്രതിഷ്ഠിച്ചത്‌. കാപ്പിലാന്‌ ഈ പിങ്ക്‌ ഷഡ്ഡി ഇഞ്ചിപ്പെണ്ണ്‌ കൊറിയറായി അയച്ചുകൊടുത്തതാണോയെന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു. എന്തായാലും ഈ ഷഡ്ഡി വിവാദം ബൂലോകത്ത്‌ നിരുപദ്രവകരമായ ഒരു നർമ്മം വിടർത്തി എന്നതിൽ സംശയമില്ല. ഇപ്പോഴും അമേരിക്കൻ തടാകങ്ങളിൽ ഷഡ്ഡി ചൂണ്ടയിട്ടു പിടിക്കാനുള്ള ശ്രമത്തിലാണ്‌ കാപ്പിലാൻ. ഇടയ്ക്കിടെവേറെ ചില നിറങ്ങളിലുള്ള ഷഡ്ഡി കുരുങ്ങുമ്പോൾ സംഗതി പോര, സംഗതി പോര എന്ന്‌ നമ്മുടെ ശരത്തിനെ പോലെ പിറുപിറുക്കുന്നുണ്ടെന്ന്‌ ചില മീൻപിടുത്തക്കാർ പറഞ്ഞുപരത്തുന്നുണ്ട്‌. ഷഡ്ഡി പ്രദർശനത്തിനു കാരണക്കാരനായ കാപ്പിലാനോട്‌ തന്നെ ഇതേപറ്റി ചോദിക്കാം.


ചോദ്യം (1)

ബൂലോകത്തെ ഒറ്റയാൻ എന്ന ഇമേജിൽ നിന്ന്‌ കുറച്ചുകൂടി ജനകീയനാകാൻ താങ്കളൊരുക്കിയ കൗശലമല്ലേ ആൽത്തറയിലെ ഈ ജട്ടി പ്രദർശനം..?

ബൂലോകത്തെ ഒറ്റയാനോ..? അങ്ങനെ ഒരു സംഭവം എന്റെ ശ്രദ്ധയിൽ പെട്ടിട്ടില്ല, ഒറ്റപ്പെട്ട ഒരു ജട്ടി ആൽത്തറയിൽ പറന്നു വീണതിനെ അവിടെ എല്ലാവരും കാണെ പ്രദർശിപ്പിച്ചൂ എന്നേ ഉള്ളൂ. ഞാനിനിയും ജനകീയനാവാനോ.. ഇപ്പോഴെ അതല്ലെ, മറിച്ചുള്ള പ്രചരണങ്ങൾ ശക്തിയുക്തം നിഷേധിക്കുന്നു.

ചോദ്യം (2)
പിങ്ക്‌ നിറമുള്ള പുതുപുത്തൻ ഷഡ്ഡി ധരിച്ച ആ മഹിളാരത്നത്തിന്റെ ചിത്രം സത്യത്തിൽ ആരുടേതായിരുന്നു...?

പിങ്ക് നിറമുള്ള ഒരു ഷഡ്ഡി സ്ഥിരമായി ധരിച്ച് ചീഞ്ഞ് അളുകുന്നതുവരെ സൂക്ഷിക്കുന്ന ആളെ സത്യത്തിൽ എനിക്ക് അറിയില്ല. അതൊരു മഹിളാ രത്മാണെന്ന് താങ്കളുടെ ചോദ്യത്തിൽ നിന്നുമാണ് ഞാൻ മനസിലാക്കുന്നത്? ശരിക്കും അതാരാണ് ..? ഞാനും അന്വേഷിക്കുകയാണ്. നിങ്ങൾക്കറിയുമോ എന്നെനിക്കറിയില്ല എന്റെ ജീവിതം ഒരന്വേഷണമാണ്. ഇക്കാര്യവും ഞാൻ അന്വേഷിക്കാൻ ശ്രമിക്കാം.

ചോദ്യം (3)
ചിത്രകാരനും, താങ്കളും പാർട്ണർഷിപ്‌ വ്യവസ്ഥയിൽ തൃശ്ശൂരിൽ തുടങ്ങാനിരിക്കുന്ന ഒരു ഷഡ്ഡിക്കടയുടെ പരസ്യപ്രചരണമല്ലേ ഈ ഷഡ്ഡി വിവാദം...?


ചിത്രകാരനും ഞാനും തൃശൂരിൽ പാർട്ണർഷിപ്പിൽ ഷഡ്ഡിക്കടയല്ല തുടങ്ങാൻ ഉദ്ദേശിക്കുന്നത്. അണ്ടർ‌വെയറിന്റേയും ബ്രേസിയറിന്റേയും കച്ചവടമാണ്, കൂടുന്നോ..?

ചോദ്യം (4)
ഇതൊരു ചീപ്പ്‌ പബ്ലിസിറ്റിയാണെന്ന്‌ ബൂലോകബുജികൾ, മറിച്ച്‌ കാപ്പിലാന്റെ ജന്മനാലുള്ള തറ സ്വഭാവമാണ്‌ ഈ ഷഡ്ഡിപുരാണമെന്ന്‌ കൂതറ തിരുമേനി..നഷ്ടപ്പെട്ടുപോയ ആൽത്തറയുടെ മാനം സംരക്ഷിക്കാൻ കൈക്കൊണ്ട ആക്രമണമാണെന്ന്‌ അനോണിയണ്ണന്മാർ.. ഇതിലേതാ ശരി..? ഇതുമൂന്നുമല്ലാതെ വേറെ എന്തെങ്കിലും രഹസ്യം ഇതിനു പിന്നിലുണ്ടോ..?


ബൂലോകബുദ്ധിജീവികൾക്ക് ചീപ്പ്, കൂതറക്ക് തറ, അനോണികൾക്ക് ആക്രമണകാരി, വല്ലഭനുക്ക് വല്ലഭൻ, നല്ലവനുക്ക് നല്ലവൻ, അറിവുകെട്ട താന്തോന്നികൾക്ക് അറിവുകെട്ട മുണ്ട്രം ഇതൊക്കെയാണ് കാപ്പിലാൻ. ആൽത്തറയുടെ മാനം സംരക്ഷിക്കാൻ ആക്രമണത്തിന്റെ ആവശ്യം ഇല്ലല്ലോ, മഴയത്തും വെയിലത്തും വാടാതെ നിൽക്കാനുള്ള കരുത്ത് ആൽത്തറയ്ക്കുണ്ട്‌ .

ചോദ്യം (5)
ഹിറ്റ്‌കുരു കിട്ടാൻ വേണ്ടി ഇഞ്ചിപ്പെണ്ണും, നമതും, ചിത്രകാരനും താങ്കളും കൂടി അണിയിച്ചൊരുക്കിയ കപട നാടകമല്ലേയിത്‌..?


ഹിറ്റ്കുരു കിട്ടാൻ ഞാനെന്തിനാ ഹേ ഇഞ്ചിയേയും ചിത്രകാരനേയും കൂട്ട് പിടിക്കുന്നത്. ഇവർ രണ്ടാളും ഇങ്ങനെ നിൽക്കും കാലത്തോളം എനിക്ക് ഹിറ്റിനെന്ത് കുറവ്.....ബ്രഹ്മാവിനാണോ
ആയുസിനു പഞ്ഞം..













പിങ്ക്‌ ഷഡ്ഡി ചൂണ്ടയിൽ കൊരുക്കാൻ വൃഥാ ശ്രമിക്കുന്ന കാപ്പിലാൻ
********************************************************

ചോദ്യം (6)
ആൽത്തറയിലെ ഷഡ്ഡി എക്സിബിഷൻ താങ്കൾ മനപ്പൂർവം ചെയ്ത
ഹീനകൃത്യമായി കണക്കാക്കുന്നതിൽ അപാകതയുണ്ടോ..?

ആല്‍ത്തറയില്‍ ഒരു ഷഡ്ഡി ഉണക്കാന്‍ ഇട്ടതിനെ ഹീനകൃത്യമായി നോക്കിക്കാണുന്ന താങ്കളുടെ മാനസിക നിലയില്‍ എനിക്ക് സംശയമുണ്ട്‌. പൊതു സ്ഥലങ്ങളില്‍ അടി വസ്ത്രം ഉണക്കാന്‍ ഇടരുത് എന്ന നിയമം യൂ .എ.യില്‍ ഉണ്ടെങ്കിലും എന്‍റെ ആല്‍ത്തറയില്‍ ഒരു ഷട്ടി ഇട്ടാല്‍ അതിലെന്ത്‌ ഹീനകൃത്യം, അതിലെന്ത്‌ അപാകത..? പിങ്ക് ഷട്ടി എന്താണ് എന്ന് ജനങ്ങളെ ബോധവല്‍ക്കരിക്കുകയായിരുന്നു ഞാന്‍ ആ കര്‍മ്മത്തിലൂടെ ചെയ്തത്. കര്‍മ്മ ഫലം ആഗ്രഹിക്കാതെ കര്‍മ്മം ചെയ്യുക നമ്മുടെ ലക്‌ഷ്യം. പൊതുസ്ഥലങ്ങളില്‍ നിരോധ് വില്‍ക്കുകയും ജനങ്ങളെ ബോധവല്‍ക്കരിക്കുകയും ചെയ്യാമെങ്കിൽ എന്തുകൊണ്ട് ഷട്ടി ബോധവല്‍ക്കരണം നടത്തിക്കൂടാ ?

ചോദ്യം (7)
ഇഞ്ചിപെണ്ണിന്റെ ഷഡ്ഡിമേൽ പിടിച്ചുവലിക്കാൻ നിങ്ങൾക്കാര്‌ അനുവാദം തന്നു...?

ഇഞ്ചിപ്പെണ്ണ് മാത്രമേ പിങ്ക് ഷട്ടി ഇടുകയുള്ളൂ എന്നത് എന്‍റെ പുതിയ അറിവാണ്‌. എന്തായാലും ഞാന്‍ ഇഞ്ചി പെണ്ണിന്റെ ഷട്ടി കാണാന്‍ പോയിട്ടില്ല.  ചിത്രകാരന്‍ ഷട്ടിമേല്‍ കയറി പിടിച്ചപ്പോള്‍ ഞാനും പിടിച്ചു. അത് ഇഞ്ചിപ്പെണ്ണിന്റെതാണ് എന്നറിയില്ലായിരുന്നു. പിന്നീട് സദാചാര പ്രവര്‍ത്തകര്‍ വന്നു എന്‍റെ കണ്ണ് തുറന്നപ്പോഴാണ് എന്‍റെ തെറ്റ് മനസിലായത്. ഞാന്‍ അവരോട് കടപ്പെട്ടിരിക്കുന്നു .

ചോദ്യം (8)
കുറെ ധാന്യക്കുരുമണി മനസ്സിൽ കണ്ടുകൊണ്ടും, പണ്ടേ കളങ്കപ്പെട്ട പേര്‌ നിലനിർത്താനും ഒരുക്കിയ കുതന്ത്രമാണീ പോസ്റ്റ്‌ എന്ന പിന്നാമ്പുറ പരദൂഷണത്തെ എങ്ങിനെ നേരിടുന്നു..?

പിങ്ക് ഷട്ടി കാണാന്‍ ലോകത്തിലെ സകലമാന ആളുകളും വന്നു. പണ്ടേ മലയാളികള്‍ക്ക് ഷട്ടി ഒരു വീക്ക്നെസ്സ് ആണല്ലോ. മറഞ്ഞിരുന്നു ഷട്ടി കാണാന്‍ ആണ് മലയാളികള്‍ക്ക് താല്പര്യം. മറഞ്ഞിരുന്നു കാണുന്ന ഷട്ടി ഞാന്‍ പൊതു സ്ഥലത്ത് ഇട്ടു. അതിലെ കളങ്കം എന്താണ്. ഈ പരദൂഷണത്തെ ഞാന്‍ കാര്യമാക്കുന്നില്ല, കാരണം ബൂലോകത്തെ എല്ലാവര്‍ക്കും അറിയാം എന്‍റെ മനസ് മാടപ്രാവിന്റെ മനസ് പോലെ നിഷ്കളങ്കം ആണ് എന്ന കാര്യം. പിന്നെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ധാന്യക്കമ്മി ഈ ഷട്ടി കാരണം നികത്തി.

ചോദ്യം (9)
ഇതൊരു വ്യക്തിഹത്യയാണെന്ന വാദത്തിൽ പരമാർത്ഥമുണ്ടോ..?

ആര് ആരെ ഹത്യചെയ്തു..? എന്‍റെ ആല്‍ത്തറ , എന്‍റെ ഷട്ടി, എന്റെ തോന്ന്യാസം.. അത് എവിടെ ഇടണം എന്നത് ഞാന്‍ തീരുമാനിക്കും. മലയാളികളുടെ " കുളിച്ചില്ലെങ്കിലും കോണാന്‍ പുരപ്പുറത്ത് കാണണം " എന്ന നിയമം ഇവിടെ ഈ ഷട്ടി ആല്‍ത്തറയില്‍ ഇട്ടതോട് കൂടി കാറ്റില്‍ പറന്നു എന്ന് വേണം പറയുവാന്‍.

ചോദ്യം (10)
ബൂലോകത്തിൽ താങ്കൾക്ക്‌ ഭീഷണികളുണ്ടൊ..? ചില ഗൂഡശക്തികൾ താങ്കൾക്കെതിരെ നടത്തുന്നഅപവാദങ്ങളെക്കുറിച്ചെന്തു പറയുന്നു?

ബൂലോകത്തെ ഭീഷണികൾക്ക്‌ ഞാൻ പുല്ലു വിലകളേ കൽപ്പിക്കാറുള്ളൂ.
അതുകൊണ്ടു തന്നെ അതൊന്നും എന്നെ ബാധിക്കില്ല. വെറുതെ അവരുടെ ടൈം വേസ്റ്റാക്കി കളയുന്നു എന്നല്ലാതെ അതിനപ്പുറമായി എനിക്കൊന്നും പറയുവാനില്ല.

Tuesday, November 03, 2009

ചിതലരിച്ചുപോയ ഒരു പാട്ട്‌.

സാം ഐസക്കും ഞാനും അനിയുമൊക്കെ ഒത്തുചേർന്നിരുന്ന
സന്ധ്യകളിലെ അപൂർണ്ണതകളുടെ അവശേഷിപ്പ്‌.

Sunday, November 01, 2009

കത്തി