Monday, February 22, 2010

പുറംചൊറിയിലിന്റെ പുറമ്പോക്കുകൾ..

മൂസാക്കയുടെ കുറിപ്പാണ് ഈ പോസ്റ്റിനാധാരം. എന്നെ പരാമർശിച്ച് ഒരു പോസ്റ്റിടാൻ മെനക്കെട്ട അദ്ദേഹത്തിന് നന്ദി.

2006 ഡിസംബറിൽ കടന്നുവന്ന്‌, ആദ്യ ബ്ലോഗ് അജ്ഞതയാൽ നാമാവശേഷമാക്കി URL മറന്ന ഈ ബ്ലോഗെഴുത്തുകാരൻ പിന്നീട്‌ സജീവമായത്‌ 2007 ഫെബ്രുവരിയിലെ ഒരു തണുത്ത വെളുപ്പാൻകാലത്താണ്. ‘ബൂലോകത്തെ തിലകനാണോ സുനിൽ പണിക്കർ‘ എന്ന മൂസാക്കയുടെ പരമാർശം എന്നെ തെല്ലും വിഷമിപ്പിക്കുന്നില്ല. തിലകനും ഞാനും തമ്മിലെന്തു ബന്ധം..? 
‘പയറ്റുവിള സ്പീക്കിംഗ്’ എന്ന പേരിൽ പുനരാരംഭിച്ച്‌, ആദ്യകാലത്തെ എല്ലാ പോസ്റ്റുകളും നിർദ്ദയം ഡിലിറ്റുചെയ്ത അതിക്രൂരനാണ് ഞാൻ.. (നിങ്ങളുടെയൊക്കെ ഭാഗ്യം എന്നുവേണമെങ്കിൽ പറയാം..) ആരാലും ശ്രദ്ധിക്കപ്പെടാതെ ആ പഴയ പോസ്റ്റുകൾ എരിഞ്ഞൊടുങ്ങിയപ്പോൾ മലയാള ബ്ലോഗിന്റെ കൌമാരം പിന്നിട്ടുകഴിഞ്ഞിരുന്നു. പക്ഷെ അന്നും ഇന്നും നിലനിന്നുപോകുന്ന ഒരു മഹാസംഭവമാണ് ഗ്രൂപ്പിസവും, പുറംചൊറിയലും. ഞാൻ സജീവമാകുന്ന കാലത്താണ് പോങ്ങുംമൂടനും, നട്ടപ്പിരാന്തനും, നന്ദപർവ്വക്കാരനുമൊക്കെ അരങ്ങുറപ്പിക്കുന്നത്‌. 2005 കളിൽ തന്നെ ബെർളിയും, വിശാലനും താരമായിരുന്ന കാലം. കേവലമൊരു ജിഞ്ജാസയായിരുന്നില്ല എനിക്ക്‌ ബ്ലോഗ്. കവിതയും, വരയുമൊക്കെ മതിവരുവോളം അച്ചടിമഷി പുരണ്ട് കൌതുകം വിട്ടൊഴിഞ്ഞ നാളിലാണ് ഞാൻ ബൂലോകത്തെത്തിപ്പെടുന്നത്‌. അതുകൊണ്ടുതന്നെ നിരന്തരം കവിതയിടാനോ, വരച്ചാളെക്കൂട്ടുവാനോ ശ്രമിച്ചതുമില്ല, കഴിഞ്ഞതുമില്ല. മത്സരബുദ്ധിയുടെ വെളിമ്പറമ്പുകളിൽ മലവെള്ളം പോലെ പാഞ്ഞിറങ്ങിയ ബ്ലോഗൊഴുക്കിൽ ആരാലും ശ്രദ്ധിക്കപ്പെടാതെ ഞാനങ്ങനെ മാറിനിന്നു. ഇടയ്ക്കുള്ള ബഹളങ്ങളും, ആരവങ്ങളുമൊക്കെ കണ്ട്‌ ഡാഷ്ബോഡിന്റെ സൈഡിൽ ഒറ്റപ്പെട്ടവനായി ഉറക്കം തൂങ്ങിയിരുന്നു. കുത്തൊഴുക്കിൽ പലരും പരിക്കുകളില്ലാതെ കരപറ്റിയപ്പോൾ എനിക്കതുകൊണ്ടുതന്നെ വിസ്മയം തോന്നിയതുമില്ല. സൌഹൃദത്തിന്റെ പേരിൽ വിരസമായ പല പോസ്റ്റുകൾക്കും സത്യസന്ധമല്ലാത്ത അഭിപ്രായങ്ങളിട്ടിരുന്നതിനാൽ ഭാഗ്യവശാൽ അക്കാലത്ത്‌ ആരുടേയും അപ്രീതിയ്ക്കു ഞാൻ പാത്രമായതുമില്ല. ഇടയ്ക്ക്‌ ബ്ലോഗിലെ എന്റെ സാന്നിധ്യവും അപൂർവ്വമായിരുന്നു. ബ്ലോഗ് എന്തെന്നറിയണം, എനിക്കും ഒരു ബ്ലോഗ് ഉണ്ടാകണം അത്രയൊക്കെയേ ഞാൻ ആഗ്രഹിച്ചിരുന്നുള്ളു. പക്ഷെ ഒന്നുഞാനുറപ്പിച്ചു പറയും ബ്ലോഗിലെ പല പുലിമന്നവന്മാരും യാതൊരു പ്രതിഭയും, സിദ്ധിയുമില്ലാതെ ദാനം കിട്ടിയ കമന്റുകൊണ്ട്‌ അഹങ്കാരത്തിന്റെ ഉന്നതിയിലെത്തിയവരാണ്. കുറെ കമന്റുവാരിയിട്ടും, വിവാദങ്ങൾ മന:പ്പൂർവ്വം സൃഷ്ടിച്ചും, കലക്കവെള്ളത്തിൽ മീൻപിടിച്ചും, താങ്ങിയും, പൊക്കിയുമൊക്കെ സുസ്ഥിരമായ ഒരാവരണം മെനെഞ്ഞെടുത്തവർ. കമന്റുകളുടെ എണ്ണമാണ് ഇന്ന്‌ നല്ല പോസ്റ്റിന്റെ ലക്ഷണമെന്ന്‌ വ്യാഖ്യാനിക്കപ്പെടുന്നു. ഫ്രസ്റ്റേഷൻ, ഈഗോ ഇവയൊന്നും ഈ നിമിഷംവരെ എനിക്കാരോടും തോന്നിയിട്ടില്ല, അഥവാ അങ്ങനെ തോന്നിപ്പിക്കാൻ തക്ക ആരുണ്ട്‌ നമ്മുടെ ബൂലോകത്തിൽ..? പക്ഷെ നിർഭാഗ്യവശാൽ പലപ്പോഴും  ഏറെ തെറ്റിദ്ധരിക്കപ്പെട്ട ഒരു ബ്ലോഗറായിരുന്നു ഞാൻ. അതീവ ശാന്തമാർന്ന നിശബ്ദതയാണ് എല്ലായിപ്പോഴും നല്ലതെന്ന്‌ എനിക്കെപ്പോഴും തോന്നാറുണ്ട്‌. എങ്കിലും ചില ഘട്ടങ്ങളിൽ ഞാൻ പ്രതികരിച്ചിട്ടുണ്ട്‌. പത്രവാർത്തയെക്കാൾ കഷ്ടമായ രണ്ടു കവിതയിട്ട്‌, മൂന്നാമത്തെ കവിതയോടെ (?) ബ്ലോഗിലെ മഹാകവികളായി സ്വയം അവരോധിക്കപ്പെട്ട മലങ്കുറവന്മാരുണ്ട്, ശുഷ്കവും, നിരർത്ഥകവും, അബദ്ധജഡിലവുമായ നിരൂപണങ്ങളെഴുതി മുൻനിരയ്ക്ക്‌ (?) നങ്കൂരമിട്ട പണ്ഡിതപുങ്കന്മാരുണ്ട്, നർമ്മമെന്തെന്നറിയാതെ, വിശാലനേയും മറ്റും മാതൃകയാക്കി ഒരിക്കലും വഴങ്ങാത്ത നർമ്മത്തിന്റെ മർമ്മം പൊട്ടിച്ച്‌ വികൃതമാക്കിയ ബഹുമുഖരുണ്ട്, മതവും, വർഗീയതയും കൂട്ടിക്കുഴച്ച്‌ ഒന്നൊന്നൊര ഉരുപ്പടികളാക്കി ഭിന്നത വിതച്ച കപടസദാചരികളുണ്ട്, ഷട്ടർസ്പീടും, അപ്പർച്ചറും, ഫോക്കൽ ലെംഗ്തും, മീറ്റർ റീഡിംഗും അറിയാതെ ഓട്ടോ സെറ്റിംഗ്സിൽ പടമെടുത്ത്‌ അപൂർവ്വ ഖ്യാതി നേടിയ ഫോട്ടോഗ്രാഫർമാരുണ്ട്, പ്രണയമെന്ന പണയ സങ്കേതം കടമെടുത്ത്‌ നൂറായിരം ചവറുകൾ പടച്ചിറക്കിയ ഹിറ്റണ്ണന്മാരുണ്ട്.. അങ്ങനെ അങ്ങനെ.... ഞാനാരേയും പഴി പറയാൻ പോയിട്ടില്ല, കാരണം എന്റെ ചില പോസ്റ്റുകളിലും ഏതാണ്ടങ്ങനെയുള്ളതുമുണ്ട്‌... ശബ്ദ സുന്ദര/മുഖരിതമായ ഈ ചവറുകൾക്കിടയിൽ ബൂലോക യൌവ്വനത്തിന്റെ ചില ഘട്ടങ്ങളിൽ, ചിലപ്പോഴൊക്കെ ഞാൻ പ്രതികരിച്ചിട്ടുണ്ട്‌. പകരം, എന്റെ നിർദോഷമായ വരകളിൽ, വരികളിൽ വ്യക്തിഹത്യയുടെ മാസ്ക് വലിച്ച്‌ കൃത്യമായ ഉന്നം തൊടുത്തിട്ടുണ്ട്. പകൽ സമയം എന്റെ ബ്ലോഗിലെത്തിനോക്കാത്ത ധീരന്മാർ പാതിരാത്രികളിൽ നിറഞ്ഞ സാന്നിധ്യം പകർന്ന്‌ പുലർച്ചവരെ അടയിരുന്ന്‌ ചികഞ്ഞ്‌ തളർന്നിട്ടുണ്ട്‌. (അതിനും മാത്രം എന്താണാവോ എന്റെ ബ്ലോഗിൽ?) സത്യത്തിൽ എന്തിനാണ് നമുക്ക്‌ ബ്ലോഗ്..? എന്താണ് അതീവ ഗുരുതരമായ ബ്ലോഗിലെ രാഷ്ട്രീയം...? തനിക്ക്‌ പ്രിയകരമായവരുടെ പോസ്റ്റുകൾ വായിച്ചും, കമന്റിട്ടു സുഖിപ്പിച്ചും, അനിഷ്ടമുള്ളവരെ ഒറ്റക്കെട്ടായെതിർത്തും കാലം നീക്കുന്ന ബ്ലോഗർമാരെ കുറ്റം പറയാനാവില്ല, എന്തു വായിക്കണം, ഏതു വായിക്കണം അതൊക്കെ വ്യക്തിപരമായ ഇഷ്ടങ്ങൾ... പക്ഷെ അച്ചടി മാധ്യമത്തിനു കാണിച്ചുകൊടുക്കാൻ തക്ക എന്തു മഹിമയാണ് നമുക്കു ബ്ലോഗിലൂടെയുള്ളത്‌..? ബൂലോകത്തെ മാതൃകയാക്കൂ എന്നവർക്കു പറയാൻ തോന്നത്തക്ക എന്തു സവിശേഷതയാണ്, നന്മയാണ് നമുക്കുള്ളത്‌..? ഗൂഗിളും, വേഡ്പ്രസ്സും തരുന്ന സ്വാതന്ത്ര്യത്തിനപ്പുറം നന്മയുടെ, ഒത്തൊരുമിപ്പിന്റെ, അറിവിന്റെ, സർഗ്ഗാത്മകതയുടെ, വിശാലതയുടെ, സ്നേഹത്തിന്റെയൊക്കെ വിളനിലമാകാൻ എന്തുകൊണ്ടു നമുക്കു കഴിയുന്നില്ല...? സമുദായാക്ഷേപങ്ങളും, വർഗ്ഗീയലഹളകളും ഏറെക്കുറെ രൂക്ഷമായ ബൂലോകത്ത്‌   ഭിന്നിപ്പുകളുടെ സ്വരം ഉയർന്നുകേൾക്കാം. ഗ്രൂപ്പിസത്തിന്റെ പുതിയ സമവാക്യങ്ങളുയരുന്ന ഒരു ബൂലോകം വിദൂരമല്ല. ഞാനൊരിക്കലുമൊരു പിന്തിരിപ്പനല്ല. നല്ലതിനെ അംഗീകരിക്കാനും, ആസ്വദിക്കാനുമുള്ള സഹൃദയത്വം എനിക്കുണ്ട്‌. വിമർശനങ്ങൾ സ്വാഗതാർഹമാണ്, അതിനെ അതിന്റേതായ രീതിയിൽ മുഖവിലയ്ക്കെടുക്കാൻ പലർക്കും കഴിയാത്തതാണ് ഈ അസഹിഷ്ണുതയുടെ പ്രധാന കാരണം. യാതൊരു കാരണവുമില്ലാതെ ഫ്രസ്റ്റേഷൻ തീർക്കാൻവേണ്ടി മാത്രം മുൻവിധിയോടെ ഒരാളെ വിമർശിക്കാൻ (?) ഒരുമ്പെടുന്നതിലാണ് പലർക്കും താൽ‌പ്പര്യം. മൂസാക്ക പറഞ്ഞതുപോലെ നിലവാരമില്ലാത്ത പോസ്റ്റുകൾ എനിക്കിടേണ്ടി വന്നിട്ടുണ്ട്. വിഷയ ദാരിദ്ര്യമാണ് റീ പോസ്റ്റുകൾ ഉണ്ടാകുന്നതിന് കാരണമെന്നദ്ദേഹം പറയുന്നതിനോടെനിക്ക്‌ യോജിപ്പില്ല. കുംഭമാസത്തിൽ ഒരോണക്കവിത ഇട്ടു കൂടായെന്നുണ്ടോ..? പഴയ കവിതയുടെ ശബ്ദാവിഷ്കാരം ആയതിനാൽ ഈ പോസ്റ്റിനെ റീ പോസ്റ്റ് എന്നു പറയാനൊക്കില്ല. പക്ഷെ ചില പോസ്റ്റുകൾക്ക്‌ റീ പോസ്റ്റ് ഉണ്ടായിട്ടുണ്ട്. മറ്റൊരു ബ്ലോഗിൽ ഇട്ട കവിതയെ റീ-പോസ്റ്റ് എന്ന പേരിൽ ഈ ബ്ലോഗിലും ഇട്ടിരുന്നു. ഈ ജന്മം മുഴുവനും വരയ്ക്കാനും, എഴുതാനുമുള്ള വിഷയം എനിക്കുണ്ട്. പക്ഷെ സ്വതവേയുള്ള മടി, സമയക്കുറവ്‌ ഇവയാൽ കാര്യഗൌരവമുള്ളതൊന്നും ഇടുന്നില്ല/ശ്രമിക്കുന്നില്ല എന്നു മാത്രം. കുറഞ്ഞ സമയത്തിനുള്ളിലുണ്ടാകുന്ന തട്ടിക്കൂട്ടു പോസ്റ്റുകൾക്ക്‌ എപ്പോഴും അത്രയ്ക്കുള്ള നിലവാരവും ആയുസ്സും മാത്രമേ ഉണ്ടാകാറുള്ളൂ.. അധികമൊന്നും പറയാതെ നിർത്തുന്നു. എല്ലാവരോടും എനിക്ക്‌ സ്നേഹമേയുള്ളൂ...ആരേയും മന:പ്പൂർവ്വം വേദനിപ്പിക്കാൻ ഞാൻ തെല്ലും ആഗ്രഹിക്കുന്നുമില്ല.


10 പേർ മൊഴിഞ്ഞു:

നീര്‍വിളാകന്‍ said...

പണിക്കരെ ഇമോഷണല്‍ ആവാതെ.... ദേ.. ഈ പോസ്റ്റില്ലെ ഇതാണ് മൂസാക്ക ഉദ്ദേശിച്ച യദാര്‍ത്ഥ പണിക്കരിസം എന്ന് എനിക്കു തോന്നുന്നു.... ജീവിതം കരുപ്പിടിപ്പിക്കാന്‍ പെടാപ്പാട് പെടുമ്പോള്‍ സുനില്‍ പണിക്കര്‍ എന്നല്ല സാക്ഷാല്‍ അയ്യപ്പ പണിക്കര്‍ പോലും ഇങ്ങനെയൊക്കെ ആയിപ്പോകും.... എന്നു കരുതി പണിക്കരിലെ പ്രതിഭ വറ്റി എന്ന് ഒരാളും പറയും എന്നു ഞാന്‍ കരുതുന്നില്ല.... എല്ലാ ഭാവുകങ്ങളും...

റ്റോംസ് കോനുമഠം said...

എന്‍റെ പണിക്കരേ, ഇങ്ങള്‌ ഇതൊന്നും കണ്ട് ബേജാറാവേണ്ടാ.
തിരക്ക്മൂലം എഴുത്തിനൊരവധി കൊടുത്ത് കിട്ടുന്ന സമയം മലയാള കവിതയ്ക്കും, ചൊല്‍കവിതയ്ക്കും, ബ്ലോഗ് ന്യൂസിനും വേണ്ടി സമയം കണ്‍റ്റെത്തുന്നത്, ബൂലോഗത്തുള്ള ബ്ലോഗര്‍മ്മാര്‍ കാണുന്നുണ്ട്, അനുഭവിച്ചറിയുന്നുമുണ്ട്. പിന്നെ, മൂസാക്കായ്ക്കും എന്തേലും ഒക്കെ എഴുതി പിടിച്ചു നിക്കണ്ടേ.
അതുകൊണ്ട് ഒപ്പിച്ച കുസൃതീന്ന് കരുതിയാലും മതി.

പിന്നെ മൂസാക്കാ,
ഈ പണിക്കരുടെ പ്രതിഭ മറ്റാരെക്കളും എനിക്കറിയാം.
പണ്ട് മിനിമാസികളില്‍ സജീവമായിരുന്നപ്പോഴും അത് നടത്തിയപ്പോഴും ഞാന്‍ നേരിട്ട് അനുഭവിച്ചറിഞ്ഞതാണാ പ്രതിഭ.

അദ്ദേഹം നമ്മളൊക്കെ കരുതുന്നതിലും അപ്പുറം പ്രതിഭയുള്ള ആളാണ്‌.
ഇപ്പോള്‍ ഇത്രമാത്രം.

ഭായി said...

Panikkar Reloaded, not like Sagar Elias Jacky but Matrix!

Welcome back!

മൂസാക്ക said...

ജ്ജ്‌ ഇത്രയും പറഞ്ഞതിൽ നിന്നും തനിക്ക്‌ പിന്നിൽ നിന്നും നല്ല കുത്തുകൾ ഏൽക്കേണ്ടി വന്നിട്ടുണ്ട്‌ എന്ന നല്ല നിശ്ച്ചയം. അത്‌ മാനസീകമായി ബാധിച്ചോ എന്നു മാത്രമേ ഞമ്മള​‍്‌ ചോദിച്ചുള്ളൂ...അല്ലാതെ തന്നെ ഞമ്മള​‍്‌ ചൊറിയാൻ വന്നിട്ടില്ല. അന്റെ കയ്യീന്ന് നല്ല പോസ്റ്റ്‌ ഉണ്ടാവണം അത്‌ ഞമ്മള​‍്‌ കാത്തിരിക്കുണ​‍്‌, കൂടെ ബൂലോകവും. ജ്ജ്‌ ഇതു പോലൊരു പോസ്റ്റിട്ട്‌ എത്ര കാലായി പഹയാ. അത്രേ നമ്മള​‍്‌ ചോദിച്ചിട്ടുള്ളൂ.

ആചാര്യന്‍ said...

പണിക്കര്‍ പിശകാതെ, എന്‍റെ അടുത്ത പ്രണയ സിനിമയില്‍ പണിക്കരെ തന്നെ നായകനാക്കിയിരിക്കും. അറുപതും എഴുപതും തമ്മിലെന്ത് വ്യത്യാസം? ഞാന്‍ അവതരിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന പുതുമുഖ നായികയുടെ മുലകുടി ഒന്ന് മാറിക്കോട്ടെ. അതു വരെ ഒന്ന് ഷമീര്...

maithreyi said...

came to know abt u thru moosakka's post. I too hv thought of the things u mentioned as....why should we blog? for whom? for oneself?how can we make our place a better place to live thru blogs etc etc...Many times i too hv felt that it's totally unproductive...But when i meet blog friends who think in the same wavelength as me, share the same likes dislikes etc, i feel happy! Yes, that's why we are here for blogging!

Pyari K said...

മൂസാക്കക്കും എറക്കാടനും നന്ദി. അവരില്‍ നിന്നാണ് ഞാന്‍ ഈ ബ്ലോഗിനെ കുറിച്ചറിയുന്നത്.
-------------------------------------
പക്ഷെ അച്ചടി മാധ്യമത്തിനു കാണിച്ചുകൊടുക്കാൻ തക്ക എന്തു മഹിമയാണ് നമുക്കു ബ്ലോഗിലൂടെയുള്ളത്‌..? ബൂലോകത്തെ മാതൃകയാക്കൂ എന്നവർക്കു പറയാൻ തോന്നത്തക്ക എന്തു സവിശേഷതയാണ്, നന്മയാണ് നമുക്കുള്ളത്‌..? ഗൂഗിളും, വേഡ്പ്രസ്സും തരുന്ന സ്വാതന്ത്ര്യത്തിനപ്പുറം നന്മയുടെ, ഒത്തൊരുമിപ്പിന്റെ, അറിവിന്റെ, സർഗ്ഗാത്മകതയുടെ, വിശാലതയുടെ, സ്നേഹത്തിന്റെയൊക്കെ വിളനിലമാകാൻ എന്തുകൊണ്ടു നമുക്കു കഴിയുന്നില്ല...?
-------------------------------------
സത്യം!!

ജയകൃഷ്ണന്‍ കാവാലം said...

പണിക്കരേട്ടന്‍ ചൂടാകണ്ട.... പണിക്കരേട്ടന്‍ തിലകന്‍ തന്നെയാ... കവിതിലകന്‍, വരതിലകന്‍....

മുരളി I Murali Nair said...

യു സെഡ്‌ ഇറ്റ്‌...!!
ഹാറ്റ്സ് ഓഫ്‌ റ്റു യു...

Manoraj said...

ഇതിലെ പല കാര്യങ്ങളെ കുറിച്ചും വലിയ ഐഡിയ ഇല്ല പണിക്കരേ.. അതു നന്നായെന്ന് തോന്നുന്നു..