Saturday, March 26, 2011

പ്രതിഭ വറ്റിയ ബ്ലോഗെഴുത്തുകാർക്ക്...

പ്രതിഭ വറ്റിയ ബ്ലോഗെഴുത്തുകാർക്ക്  എഴുത്തിൽ സജീവസാന്നിദ്ധ്യം നിലനിർത്താൻ 10 മാർഗ്ഗങ്ങൾ.


1. ബ്ലോഗ് എന്ന അൽഭുതം സൃഷ്ടിച്ച ഗൂഗിൾ, ബ്ലോഗിന്റെ തന്നെ ചാക്കാലയൊരുക്കുവാൻ തുടങ്ങിയ ബസ്സിൽ അന്തസ്സായി ഒരു റൂട്ടുതുടങ്ങുക.
2. ബസ്സ് നന്നായി കളക്ഷൻ നേടാൻ പ്രതിഭ വേണമെന്നില്ല, അതിനാൽ ധൈര്യപൂർവ്വം എന്തുമാങ്ങാത്തൊലികളെക്കുറിച്ചും ചുമ്മാ എഴുതുക. ഇടയ്ക്കിടെ രണ്ടൌൺസ് മുസ്ലിം പവർ ഒരു പവറിനുവേണ്ടി അകത്താക്കുക.
3. മാനസികമായി നിങ്ങളെ തകർക്കാനായി ഇടുന്ന ചില ബസ്സ് കമന്റുകൾക്കെതിരെ വേറൊരു ബസ്സിറക്കി അവന്റെ അണ്ടം കീറുക.
4. ബസ്സിൽ നല്ലൊരു ടീം ഉണ്ടാക്കി വയ്ക്കുന്നത് നിങ്ങൾക്കെപ്പോഴും ഗുണം ചെയ്യും, ഓവർട്ടേക്ക് ചെയ്യുന്ന ലോക്കൽ ബസ്സുകളെ നേരിടാൻ ടീം സ്പിരിറ്റ് നല്ലതാണ്.
5. ഓഫീസ് ജോലികൾ, ജോലിത്തിരക്കുകൾ നിങ്ങളെ അലട്ടാതെ ഏതുനേരവും ബസ്സോടിക്കണമെങ്കിൽ ലാഭത്തിലോടുന്ന ബസ്സിനുവേണ്ടി ആ ജോലി പുല്ലുപോലെ വലിച്ചെറിഞ്ഞ് ആണത്തം കാട്ടുക. എന്തിന് കണ്ടവന്റെ ഔദാര്യം..?
6. എല്ലാ ദിവസത്തേയും പത്രങ്ങൾ വള്ളിപുള്ളി വിടാതെ വായിച്ചശേഷമാകണം രാവിലെ വായ്ക്കുരുചിയായിട്ട് ബസ്സിറക്കുവാൻ. വാണ്ടഡ് മുതൽ ചരമക്കോളം വരെ വായിക്കുക. അന്നത്തെ പെട്രോളിനുള്ള വകയെങ്കിലും ഉറപ്പ്‌.
7. യാതൊരു കാരണവശാലും വണ്ടി പാർക്ക് ചെയ്യരുത്‌, നിർത്താതെ ഓടിക്കൊണ്ടേയിരിക്കണം.  നിങ്ങളുടെ ബസ്സിന്റെ ടയറിനടിൽ അള്ള് വയ്ക്കുന്നവന്റെ തള്ളയ്ക്ക്‌ വരെ വിളിക്കാൻ പഠിക്കണം. ഒപ്പം ബ്രേക്ക് വരെ ഊരി അവനെയങ്ങ് സ്വതന്ത്രനാക്കിയേക്കുക.
8. പെൺബസ്സുടമകളെ നമ്പരുത്‌. ഭൂരിഭാഗവും ഫേക് ആണ്. അല്ലാതുള്ള ഐറ്റങ്ങൾ നിങ്ങളെക്കാൾ ഫയങ്കര തൊലിക്കട്ടിയുള്ളവരായതിനാൽ ഉള്ള ഷഡ്ഡി അങ്ങോട്ടു ചെന്ന്‌  കീറിക്കാതെ നോക്കുക.
9. ചങ്കൂറ്റമുള്ളവനാണെന്ന്‌ സ്വയം അങ്ങട്‌ ഭാവിക്കുക. നിർബന്ധമായും എന്തിലും, ഏതിലും അപാരമായ അറിവുള്ളയാളാണെന്ന്‌ ബോധ്യപ്പെടുത്തുന്ന രീതിയിലാവണം ആദ്യകാല ബസ്സ് റൂട്ടുകൾ. പിന്നെ സ്വതവേയുള്ള തറ ഐറ്റംസ് പതിയെ ഇറക്കിത്തുടങ്ങാം.
10. വരുന്ന ഈ രണ്ടുമാസം രാഷ്ട്രീയത്തിൽ തന്നെ പിടിമുറുക്കാം. ചാകര പാഴാക്കേണ്ടതില്ല. പഞ്ഞമാസം വരുമ്പോൾ കൈയ്യിലുള്ള തുണ്ടുകൾ പുറത്തുവിട്ടാൽ മതി. ഇത്രയൊക്കെ ചെയ്യാമെങ്കിൽ നിങ്ങളുടെ ബസ്സ് ജീവിതം പരിപൂർണ്ണ ശോഭനമായിരിക്കും.

N.B: നവാഗത ബ്ലോഗർമാർക്ക്.
ബ്ലോഗിൽ കാലെടുത്തുവയ്ക്കുന്ന പുതിയ ബ്ലോഗർമാർക്ക് ഇതൊരു സുവർണ്ണാവസരവും, ആശങ്കകളില്ലാതെ വിഹരിക്കാൻ പറ്റിയ സീസണുമാണ്. ഫീകരന്മാരായ പല പുലി ബ്ലോഗറും ബസ്സിൽ കിടന്ന് നിരങ്ങുന്ന അവസരം മാക്സിമം മുതലാക്കുക. നിങ്ങൾക്കു മുൻപേ വന്നുപോയവർ വിലസിയ ബ്ലോത്തോട്ടത്തിൽ ഉള്ള കഴിവുപോലെ നിങ്ങളും പന പോലെ വളരുക. ഇനി പ്രതിഭ വറ്റി എന്നു സ്വയം തോന്നുന്നപക്ഷം ധൈര്യമായി ഒരു ബസ്സിറക്കി എഴുത്തു തുടരുക.

Monday, March 21, 2011

Sunday, March 13, 2011

ശേഷം ചിന്ത്യം ലേശം വൈകും

ശേഷം ചിന്ത്യത്തിന്റെ പൂജ ഏപ്രിൽ 14-ന്


പൂയപ്പള്ളി ഫിലിംസിന്റെ ബാനറിൽ ത്രീ ഡോട്ട്സ് അവതരിപ്പിക്കുന്ന ശേഷം ചിന്ത്യത്തിന്റെ പൂജ താരങ്ങളിൽ ചിലരുടെ അസൌകര്യം കണക്കിലെടുത്ത് വിഷുദിനത്തിലേയ്ക്ക് മാറ്റിയിരിക്കുന്നു. തിരുവനന്തപുരത്തെ മസ്ക്കറ്റ് ഹോട്ടലിൽ രാവിലെ 10 മണിക്കാണ് പൂജ. ഹരി പാല കഥയും, തിരക്കഥയും, സംഭാഷണവുമെഴുതി സുനിൽ പണിക്കർ സംവിധാനം ചെയ്യുന്ന ശേഷം ചിന്ത്യം ചിങ്ങം ഒന്നിന് പാലായിൽ ചിത്രീകരണം ആരംഭിക്കും. 1994-ൽ റിലീസ് ചെയ്ത ‘വധു ഡോക്ടറാണ്’ എന്ന ജയറാം ചിത്രം നിർമ്മിച്ച പൂയപ്പള്ളി ഫിലിംസിന്റെ ബാനറിൽ ഈ സിനിമ പൂർത്തിയാക്കപ്പെടും. ബൂലോകം ഓൺലൈൻ അഡ്മിനുകളായ ഡോ. ജെയിംസ് ബ്രൈറ്റും, ഡോ. മോഹൻ ജോർജ്ജുമാണ് ഈ ചിത്രം നിർമ്മിക്കുന്നത്‌. താരങ്ങളിലും, മറ്റു ടെക്നീഷ്യൻസിലും കാര്യമായ മാറ്റങ്ങളില്ലാതെ സിനിമയുടെ പ്രി-പ്രൊഡക്ഷ്ൻസ് വർക്കുകൾ പുരോഗമിക്കുന്നു. ബിജുമേനോൻ, ഡോ. ബിജു എബ്രഹാം, സിദ്ദിഖ്, ലക്ഷ്മി ഗോപാലസ്വാമി, ശരണ്യ മോഹൻ, ജഗതി, സുരാജ് വെഞ്ഞാറമൂട്, ഹരിശ്രീ അശോകൻ, ബാലചന്ദ്രൻ ചുള്ളിക്കാട്, ബിജുക്കുട്ടൻ, കെ. ബി. വേണു, ബിന്ദു പണിക്കർ, കുളപ്പുള്ളി ലീല തുടങ്ങിയവർ അഭിനയിക്കുന്നു. ഒ.എൻ.വി കുറുപ്പിന്റേയും, സുനിൽ പണിക്കരുടേയും വരികൾക്ക്‌ കെ. പി. ഉദയഭാനുവും, അനിൽ ഭാസ്കറും, സാം ഐസക്കും ഈണം നൽകുന്നു. ക്യാമറ സന്തോഷ് മേലത്തുമേലെയും, എഡിറ്റിംഗ് പി. സി. മോഹനനും നിർവ്വഹിക്കുന്നു. യേശുദാസ്, ചിത്ര, ശ്വേതാമോഹൻ, മുരുകൻ കാട്ടാക്കട, അനിൽ ഭാസ്കർ എന്നിവർ ഗാനങ്ങൾ ആലപിക്കുന്നു.

Friday, March 11, 2011

അച്ചടിക്കാത്ത നെല്ലിക്കകൾ

എത്ര കയ്പ്പുള്ള നെല്ലിക്കയും അവസാനമൊരു മധുരം തരും. കയ്പ്പിൽനിന്നാണെങ്കിലും മധുരം മധുരമല്ലാതെ ആവുന്നില്ല.. അത്തരമൊരു മധുരമാണ് ബ്ലോഗ് കവിതകൾ..  ഒരിക്കലും മധുരം തരാത്ത  ഭൂരിഭാഗം കയ്പ്പൻ കവിതകൾക്കിടയ്ക്ക്, ജീവിതത്തിന്റെ കയ്പ്പിൽ നിന്നും, വേദനയിൽ നിന്നും ഊറുന്ന മധുരമുള്ള കുറച്ച് കവിതകളുണ്ട്.. അച്ചടിക്കുകിട്ടാത്ത, ആയുസ്സില്ലെന്നുപറയുന്ന, നിസ്സാരമെന്നുതോന്നുന്ന,  ആ മധുരം ബ്ലോഗിലല്ലാതെ മറ്റെവിടെയാണ്..?

Thursday, March 03, 2011

ബൂലോകത്തുനിന്നൊരു ശേഷം ചിന്ത്യം!



സൌഹൃദം വെബ്ബ് ടീം അണിയിച്ചൊരുക്കുന്ന ബൂലോകത്തെ ആദ്യത്തെ മൂവീ ഫിലിം.
ത്രീ ഡോട്ട്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നവാസ് തിരുവനന്തപുരം നിർമ്മിച്ച്‌ സുനിൽ പണിക്കർ സംവിധാനം ചെയ്യുന്ന ‘ശേഷം ചിന്ത്യം’ എന്ന
സിനിമയുടെ പൂജ ഈ മാസം ഇരുപതാം തീയതി തിരുവനന്തപുരത്തു നടക്കും.
ഏപ്രിൽ രണ്ടിന് കോട്ടയത്തെ പാലായിൽ ഒറ്റ ഷെഡ്യൂളിൽ സിനിമയുടെ
ചിത്രീകരണം ആരംഭിക്കും. പ്രശസ്ത ബ്ലോഗർ ഹരി പാലയാണ് (പോങ്ങുമ്മൂടൻ) കഥയും, തിരക്കഥയും, സംഭാഷണവും നിർവ്വഹിക്കുന്നത്‌. ബിജുമേനോൻ, സിദ്ധിഖ്, ഡോ. ബിജു എബ്രഹാം, സംവൃതാ സുനിൽ,  ജഗതി, സുരാജ് വെഞ്ഞാറമ്മൂട്‌, ബിജുക്കുട്ടൻ, ബാലചന്ദ്രൻ ചുള്ളിക്കാട്‌, ബിന്ദു പണിക്കർ, പ്രീതികാ സുരേഷ് തുടങ്ങിയവർ അഭിനയിക്കുന്നു. ഛായാഗ്രഹണം സന്തോഷ് മേലത്തുമേലെ. യേശുദാസ്, ചിത്ര, ശ്വേതാമോഹൻ, മുരുകൻ കാട്ടാക്കട, അനിൽ ഭാസ്കർ എന്നിവർ ആലപിക്കുന്ന ഗാനങ്ങൾക്ക്‌ ഈണം നൽകുന്നത്‌ ഗായകൻ പത്മശ്രീ കെ. പി. ഉദയഭാനുവും, ബോംബെ രവിയുമാണ്. കവിതയും, ഗാനരചനയും സുനിൽ പണിക്കർ നിർവ്വഹിക്കുന്നു. സൌഹൃദം കൂട്ടായ്മയിലെ സജീവ പ്രവർത്തകരായ കെ. സി. ജോഷി, അഖിൽ, അനിൽ കുരിയാത്തി തുടങ്ങിയവരാണ് അണിയറയിൽ.
പ്രതികാരം ജീവിതത്തെ ഒരിക്കലും വിശുദ്ധീകരിക്കുന്നില്ല. നന്മ കൊണ്ടാവണം മധുരമായ പകവീട്ടലുകൾ പൂർണ്ണമാകേണ്ടത്. ഓരോ നന്മയും ഓരോ ശരികളാണ്. കാലാതീതമായ ഒരു മുറിവുപോലെ ആ നന്മ പ്രതിയോഗിയെ കീഴ്പ്പെടുത്തുക തന്നെ ചെയ്യും. ഈ സിനിമ അത്തരമൊരു നന്മയുടെ ഓർമ്മപ്പെടുത്തലാണ്. സൈബർ കുറ്റകൃത്യങ്ങൾ പെരുകുന്ന പുതിയകാലത്തിൽ സമൂഹത്തിന് നൽകുന്ന ഒരു മെസ്സേജായിരിക്കും ശേഷം ചിന്ത്യം.

Tuesday, March 01, 2011

രാത്രിക്കുറിപ്പ്‌

“ ഉണരാതിരിക്കണമെനിക്കൊരുറക്കമുണ്ടെങ്കിൽ,
ഒരുറക്കത്തിലുമെനിക്കുണരാതിരിക്കണം..”