Monday, May 23, 2011

ഒരിടത്തൊരു ആണൊരുത്തൻ..!


സതേൺ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ അഭിനയം പഠിക്കാൻ മനോജ് കെ. ജയനും, സംവിധാനം പഠിക്കാൻ അലി അക്ബറും ചേർന്ന സമയത്താണ് ലൂസി ക്യാമറയുടെ രസതന്ത്രം പഠിക്കാനെത്തുന്നത്. വൈകാതെ അലി ലൂസിയെ ജീവിതത്തിലേയ്ക്ക് കൂട്ടിക്കൊണ്ടുവന്നു. ജീവിതത്തിലും, സിനിമയിലും മാതൃകാദമ്പതികളായ ഇവരുടെ ആദ്യസിനിമയായിരുന്നു 1988-ൽ പുറത്തിറങ്ങിയ മാമലകൾക്കപ്പുറത്ത്. തുടർന്ന് മുഖമുദ്ര, പൊന്നാരംതോട്ടത്തെ രാജാവ്, സ്വസ്ഥം ഗൃഹഭരണം, ഗ്രാമപ്പഞ്ചായത്ത്, കുടുംബ വാർത്തകൾ, പൈ ബ്രദേഴ്സ്, പൊന്നുച്ചാമി, ബാംബൂബോയ്സ്, ജൂനിയർ മാൻഡ്രേക്ക്, സീനിയർ മാൻഡ്രേക്ക് തുടങ്ങിയ സാധാരണക്കാരന്റെ സിനിമകളിലൂടെ അലി അക്ബർ നിശബ്ദമായി സിനിമയുടെ പിന്നാമ്പുറങ്ങളിലുണ്ടായിരുന്നു. ഒപ്പം അദ്ദേഹത്തിന്റെ കുടുംബവും. ഫെഫ്കയുടെ തലപ്പത്തിരിക്കുന്നവർ മാടമ്പികളാണെന്ന അലിയുടെ പരമാർശത്തിലൂടെ അദ്ദേഹത്തിന് നേരിടേണ്ടിവന്നത് ആസൂത്രിതമായ ഫ്യൂഡൽ ചതിക്കുഴികളായിരുന്നു. ബൈജു കൊട്ടാരക്കരയ്ക്കും, തിലകനും, വിനയനും, ക്യാപ്റ്റൻ രാജുവിനും, മാളാ അരവിന്ദനും, സ്ഫടികം ജോർജ്ജിനുമൊക്കെ അഭിമുഖീകരിക്കേണ്ടി വന്ന അതേ ഒറ്റപ്പെടുത്തലിന്റെ പുതിയ പേരാണ് അലി അക്ബർ. സംഘടനയുടെ നിസ്സഹരണം അദ്ദേഹത്തിനെപ്പോലുള്ള ഒരു ആൾറൌണ്ടർക്ക് തടസ്സമായില്ലെങ്കിലും തുടക്കം മുതൽ ഒടുക്കം വരെ പല പല തലവേദനകൾ അദ്ദേഹത്തെ വല്ലാതെ വലച്ചു. താരങ്ങളേയും, ടെക്നീഷ്യൻസിനേയും ഇദ്ദേഹത്തിന്റെ സിനിമകളിൽ പണിയെടുക്കുന്നത് തടയാനും, റിലീസ് ബ്ലോക്ക് ചെയ്യാനും, സെൻസറിംഗ് തടസ്സങ്ങൾ സൃഷ്ടിക്കാനും ചില തൽ‌പ്പരകക്ഷികൾക്ക് സാധിച്ചു. അപാരമായ വിൽപവറുള്ള അദ്ദേഹം ഈ വിലക്കുകളെ തെല്ലും വക വയ്ക്കാതെ ചങ്കൂറ്റത്തോടെ ചെയ്ത സിനിമയായിരുന്നു തിലകൻ കേന്ദ്രകഥാപാത്രമായ ‘അച്ഛൻ’. 5ഡി മാർക്ക് 2-ൽ ചെയ്ത ആദ്യത്തെ ചെറിയ ബഡ്ജറ്റ് സിനിമ. കേവലം 10 ലക്ഷം രൂപയ്ക്ക് പൂർത്തിയാക്കിയ ഈ സിനിമയുടെ വിതരണത്തിലും, റിലീസിംഗിലും അദ്ദേഹം ഏറെ കഷ്ടപ്പെട്ടു. ഒടുവിൽ കേരളത്തിലെ നാല് തിയറ്ററുകളിൽ പ്രദർശിപ്പിച്ചെങ്കിലും അവിടെയേയും അദ്ദേഹത്തിന് തിരിച്ചടികൾ കിട്ടി. സിനിമ  കാണാനെത്തുന്ന പ്രേക്ഷകരെ തിയറ്ററിലെ ടിക്കറ്റ് വിൽ‌പ്പനക്കാർവരെ നിരുത്സാഹപ്പെടുത്തിയ യാഥാർത്ഥ്യത്തിന്  സാക്ഷിയാകാൻ ലൂസിചേച്ചിക്കും യോഗമുണ്ടായി. കോഴിക്കോട്ടുള്ള ചേവരമ്പലത്തിലെ അദ്ദേഹത്തിന്റെ വീട് അക്ഷരാർത്ഥത്തിൽ ഒരു സ്റ്റുഡിയോ കൂടിയാണ്. പ്രൊഡക്ഷൻ കണ്ട്രോളറും, പ്രൊഡക്ഷൻ മാനേജരും, മെസ്സ് ചീഫും, ഫിനാൻസ് മാനേജരും ഭാര്യ. കഥ, തിരക്കഥ, സംഭാഷണം, ഗാനരചന,  ഛായാഗ്രഹണം, സംവിധാനം ഭർത്താവ്. എഡിറ്റിംഗ്, മിക്സിംഗ്, ഡി. ഐ., കളർ കറക്ഷൻ മൂത്ത പുത്രി. സംഗീതം, കമ്പോസിംഗ്, അനിമേഷൻ, പോസ്റ്റർ ഡിസൈനിംഗ് ഇളയ മകൾ. ചുരുക്കി പറഞ്ഞാൽ എന്തു വിലക്കിനേയും സധൈര്യം നേരിടാൻ കെൽ‌പ്പുള്ള ഒരു മാതൃകാ സിനിമാക്കുടുംബം..! വിനീത് നായകനായ  ‘ഐഡിയൽ കപ്പിൾ‘ എന്ന പുതിയ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പൂർത്തിയായി വരുന്നു. സംഘടനയുടെ ഭീഷണികൾക്ക് വഴങ്ങാതെ അഭിനയിച്ച വിനീതിനും, ഉഷാഉതുപ്പിനും, തമിഴ് നടൻ നാസറിനുമൊക്കെ അഭിനന്ദനങ്ങൾ. മിനിയാന്ന് റിലീസായ വിനയൻ ചിത്രമായ ‘രഘുവിന്റെ സ്വന്തം റസിയ’ എന്ന ആദ്യത്തെ പൂർണ്ണമായ 7 ഡി സിനിമയുടെ ക്യാമറയും യൂണിറ്റും അലി അക്ബറുടേതാണ്. എന്റെ സുഹൃത്തുക്കളുടെ പുതിയ സിനിമയ്ക്ക്  കൊച്ചിയിൽ നിന്ന് ക്യാമറ കിട്ടാതെ വലഞ്ഞപ്പോൾ സഹായിച്ചത് അലി അക്ബറായിരുന്നു.













ഇന്നലെ പാതിരാത്രിയിൽ കൊച്ചിയിൽ നിന്ന് കോഴിക്കോടെത്തും വരെ ഞങ്ങൾക്കുവേണ്ടി ഉറങ്ങാതെ കാത്തിരുന്ന ഈ സിനിമാ കുടുംബത്തിന്റെ അർപ്പണബോധത്തിനുമുന്നിൽ എന്റെ ഹാറ്റ്സ് ഓഫ്..! വെളുപ്പിന് അഞ്ചരമണിക്ക് ഗേറ്റിനുമുന്നിൽ പുഞ്ചിരിയോടെ കാത്തുനിന്ന്, ഞങ്ങളെ അകത്തേയ്ക്ക് ക്ഷണിക്കുമ്പോൾ ഞാനാദ്യം കണ്ടത് സിനിമാ മാഫിയകൾ അടിച്ചു തകർത്ത, ആക്രമണത്തിന്റെ നിത്യസ്മാരകമായ അവരുടെ മാരുതി വാനാണ്. മലയാള സിനിമയിൽ ഒറ്റയ്ക്ക് പടപൊരുതുന്നവന്റെ ലിസ്റ്റിൽ ഒരുപേരു കൂടി; ചങ്കൂറ്റത്തിന്റെ, ആണത്തത്തിന്റെ ആ പേരാണ്  അലി അക്ബർ.

Wednesday, May 18, 2011

ആരാണീ ഹാജി.., ഏതാണീ ബ്ലോഗർ..?


മലയാള ബ്ലോഗിലെ സിങ്കം.., ബഹുമുഖൻ.., ബഹുഗുണൻ... ബഹുവ്രീഹി സമാസൻ...!
നിങ്ങൾക്ക് പിടികിട്ടിക്കാണുമെന്നെനിക്കറിയാം. ആഡ് ഫിലിമിൽ അവസരം കൊടുക്കാത്തതിൽ ഖിന്നനും, പ്രകോപിതനുമായ ഇദ്ദേഹം എന്നെ ഞെട്ടിച്ചുകൊണ്ട് രണ്ട് വമ്പൻ സംവിധായകരുടെ ചിത്രത്തിൽ അഭിനയിക്കാൻ കരാറൊപ്പിട്ടു. ഇദ്ദേഹം പല സദസ്സുകളിലും നർമ്മഭാഷിയായി തിളങ്ങുന്ന താരം കൂടിയാണ്. 1947 എന്ന വിനയൻ ചിത്രത്തിൽ സ്വാതന്ത്ര്യസമരസേനാനിയായി അഭിനയിക്കുന്നു എന്നൊക്കെ ഈ ബ്ലോഗർ ഡെയ്ലി വീമ്പിളക്കിയിക്കിയിരുന്നെങ്കിലും സംഗതി സത്യമാണെന്ന് തോന്നിപ്പിക്കുന്ന ഒരു ലൊക്കേഷൻ ചിത്രം കഴിഞ്ഞ ദിവസം പുള്ളി എനിക്കയച്ചു തന്ന് തന്റെ അപാരമായ സ്വാധീനം ബോധ്യപ്പെടുത്തുകയുണ്ടായി. ആ ചിത്രം നിങ്ങൾക്കായി സമർപ്പിക്കുന്നു.
ആരാണീ ഹാജി.., ഏതാണീ ജോജി..?
***************************************************
ഒടുവിൽ കിട്ടിയത്.
മലപ്പുറം ഭായി മഹാനായ ഹാജി ദുബായിലെ ഏതോ... ഒരു ബ്ലോട്ടോഷോപ്പ് വിദഗ്ദനെക്കൊണ്ട്  ഒപ്പിച്ചെടുത്തതാണീ ‘ലൊക്കേഷൻ’ സ്റ്റിൽ. ഇതാ ഭായിയുടെ ഒറിജിനൽ.

വിനയന്റെ 1947-ഉം, സ്വാതന്ത്ര്യസമരസേനാനിയുമൊക്കെ ഈ ജോജിയുടെ വെറും ഭാവനകൾ
മാത്രമായിരുന്നു. ഈസ്വരോ രക്ഷതി..

Friday, May 06, 2011

പാവം പാവം സകലകലാവല്ലഭൻ!


ഇത്രയധികം വെറുക്കപ്പെട്ട ഒരു വ്യക്തി ഈ സൈബർ കാലത്ത് വേറെയുണ്ടാവില്ല. സന്തോഷ് പണ്ഡിറ്റിന്റെ ആദ്യ പാട്ട് തന്നെ കണ്ട ഏവരും ഒരേ സ്വരത്തിൽ പറഞ്ഞത്, ഇവൻ സിത്സിലാക്കാരന് യുട്യൂബിൽ ഉണ്ടായ ജാരസന്തതിയാണെന്നാണ്. മറ്റു പലരേയും പോലെ ഞാനും പണ്ഡിറ്റിനെ പരിഹസിച്ചുകൊണ്ട് പോസ്റ്റിട്ടുണ്ട്. ആയിരക്കണക്കിന് പച്ചത്തെറികളേറ്റുവാങ്ങിയ സിത്സില എത്രയോ ഭേദമെന്ന നിലയിൽ പിന്നീട് വിലയിരുത്തപ്പെടുകയും ചെയ്തു. പണ്ഡിറ്റിനെ കബളിപ്പിച്ചുകൊണ്ട് ഏറ്റവുമൊടുവിൽ പുറത്തിറങ്ങിയ ടെലഫോൺ ഇന്റർവ്യൂ കേട്ടാൽ നമുക്കയാളോട്‌  സത്യത്തിൽ സഹതാപമേ തോന്നൂ. തന്നെ പരിഹസിക്കുന്നതുപോലും മനസ്സിലാക്കാൻ കഴിവില്ലാത്ത വെറുമൊരു നാട്ടിൻ പുറത്തുകാരൻ വിഡ്ഡിയെ നമുക്കതിൽ കാണാം. പാവം പാവം രാജകുമാരൻ എന്ന സിനിമയിലെ  ശ്രീനിവാസൻ കഥാപാത്രത്തെ അനുസ്മരിപ്പിക്കുന്ന ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ ഉദാഹരണമാണ് ഈ കലാകാരൻ. സ്വന്തം കുറവുകളും, കഴിവുകേടുകളും മനസ്സിലാക്കാതെ വിപ്ലവം സൃഷ്ടിക്കാനിറങ്ങിയ ഒരു പാവം..(ആണോ... ആ..) ഓരോ അഭിമുഖത്തിലും വഞ്ചിക്കപ്പെടുന്ന പണ്ഡിറ്റ് അതൊന്നും

ഒരിക്കലും മനസ്സിലാക്കാതെ തന്റെ ‘ആരാധകരെ’ സന്തോഷിപ്പിക്കാൻ ശ്രമിക്കുന്ന കാഴ്ച തന്നെ ദയനീയമാണ്. കൂടെ നിന്ന് ഒറ്റുകൊടുത്ത്‌ അയാളുടെ പണം പിടുങ്ങുന്നവന്മാരെയാണ് യഥാർത്ഥത്തിൽ കൂമ്പിനിട്ടു കുത്തേണ്ടത്.  അയാളുടെ ആഗ്രഹങ്ങൾ അയാളുടെ പോക്കറ്റിലെ പണം കൊണ്ട് സാധിച്ചു നിർവൃതി അടയട്ടെ. നമുക്കെന്ത്...?  ഇന്റർനെറ്റിനെക്കുറിച്ചോ, യുട്യൂബിനെക്കുറിച്ചോ യാതൊരു വിവരവും, ധാരണയുമില്ലാത്ത ഒരാളെ സ്വന്തം കൂട്ടുകാരൻ തന്നെ യൂട്യൂബിലിട്ട്‌ മനപ്പൂർവ്വം അവഹേളിച്ച കഥയുടെ പുതിയപതിപ്പാണ് കൃഷ്ണനും രാധയും. ഇനിയും ആർക്കും പണ്ഡിറ്റ്നെ എപ്പോൾ വേണമെങ്കിലും പറ്റിക്കാം, അതയാൾ ഒരിക്കലും തിരിച്ചറിയാതെ തീർച്ചയായും നിങ്ങളെ വിശ്വസിക്കും, നിങ്ങൾക്കും അവസരം തരും. ഏപ്രിൽ ഫൂൾ എന്ന ജഗദീഷിന്റെ സിനിമ നല്ലൊരു ഓർമ്മപ്പെടുത്തലാണ്.  അയാളുടെ കഴിവുകേടുകൾ അയാളെ ബോധ്യപ്പെടുത്താതെ, തെറ്റുകൾ തിരുത്തിക്കൊടുക്കാതെ പ്രോത്സാഹിപ്പിച്ച് (?) പണ്ഡിറ്റിന്റെ പോക്കറ്റ് കാലിയാക്കാനും, കോമാളിയാക്കാനും അവസരം മുതലെടുത്ത സഹപ്രവർത്തകർ വൈകാതെ ഒരു ദുരന്തത്തിന് സാക്ഷ്യം വഹിക്കാതിരുന്നാൽ മതി. ഇതുവരെ സീരിയസ്സായി ചെയ്തുകൂട്ടിയതൊക്കെ ലോകത്തെ പൊട്ടിച്ചിരിപ്പിച്ച എമണ്ടൻ തമാശകളായിരുന്നൂവെന്ന് എന്നെങ്കിലും അയാൾ മനസ്സിലാക്കും. ഈ ഭൂമിയിലെ തന്നെ ഏറ്റവും വലിയ വിഡ്ഡി താനായിരുന്നു എന്ന് തിരിച്ചറിയപ്പെടുമ്പോൾ ഒരു പക്ഷെ ആ സാധു തൂങ്ങിച്ചത്തേക്കാം. എങ്കിലും ഒരുപാട്‌ മോഹങ്ങളുമായി സിനിമയെ സ്വപ്നം കണ്ടിരുന്ന അയാൾ യുട്യൂബിലെങ്കിലും ശിഷ്ടകാലം ജീവിച്ചുതീർക്കും, നമ്മളെ എക്കാലവും ചിരിപ്പിച്ചുകൊണ്ട്...! അതിനുള്ളിൽ പുതിയൊരു ഹരിശങ്കറും, പണ്ഡിറ്റുമൊക്കെ പിന്നെയും, പിന്നെയും ആഘോഷിക്കപ്പെടാൻ നമുക്കുവേണ്ടി വരാതിരിക്കില്ല. പരിഹാസം ഒരുപരിധിവരെ നമുക്കാസ്വദിക്കാം, ഒരു പരിധി വരെ മാത്രം. ഒരു മന്ദബുദ്ധിയെ തുടർച്ചയായി പരിഹസിക്കുന്ന പ്രബുദ്ധരായവർ സഹിഷ്ണുത കാട്ടുന്നതിൽ ഇനിയും പ്രബുദ്ധത നേടേണ്ടിയിരിക്കുന്നു.
സന്തോഷ് പണ്ഡിറ്റിന്റെ പ്രമാദമായ അഭിമുഖങ്ങൾ

Thursday, May 05, 2011

ബൂലോകത്തിലെ പുകയുന്ന കൊള്ളികൾ!

“ഇനി കാണുമ്പോൾ...
നിന്റെ കാലുകളും കൈകളും
നീയാണെന്ന് മറ്റൊരാള്‍ കണ്ടാല്‍ തിരിച്ചറിയാത്ത ഭാഗങ്ങളും
ഞാന്‍ ഫോട്ടോ എടുക്കുന്നുണ്ട്....’’



പീഡനത്തിന്റെ പുതിയ മുഖങ്ങൾ... പുതിയ വഴികൾ...
ബ്ലോഗിണിമാർ കരുതലോടെയിരിക്കൂ, അല്ലെങ്കിൽ മേൽ‌പ്പറഞ്ഞ വരികൾ
നിങ്ങൾക്കും മെയിലായി കിട്ടിയേക്കാം. സംഗതി ഇവിടെ.
പ്രതികരിക്കൂ....!

Monday, May 02, 2011

ആദ്യകാല കവിത



നിയോഗം
കടലെടുക്കുന്ന കരയില്‍ നിന്നമ്മ
മൃതികൊതിച്ചുടല്‍ വിട്ടു പോകുന്നു മുന്‍പേ..
പകലൊടുക്കമെന്‍ മനമുടഞ്ഞമ്മ
കരവിട്ടു കടലായലിഞ്ഞു...
വ്യഥ വെടിഞ്ഞൊടുവിലീ പടിവിട്ടു പണ്ടേ,
വഴിതെറ്റിയെങ്ങൊ മറഞ്ഞു...
തിരയിളക്കമായ്ത്തിരയില്‍ നിന്നമ്മ
ചിരിതൂകി നില്‍പ്പതിനിയെന്ന്..?
മഴയൊടുക്കമായ്‌ മഴയില്‍ നിന്നമ്മ
കുളിര്‍പോലെ പെയ്യുന്നതെന്ന്....?
മൃതിയില്‍ നിന്നന്‍പോടെ നീ ജനിച്ചെന്നെ
പ്രിയമോടെ തഴുകുന്നതെന്ന്...?
നിന്റെയീ ജീവന്‍ ജ്വലിക്കുന്ന താരകം
തെളിയുന്ന വാനമിങ്ങെങ്ങ്‌...?
ഒടുവിലീ സ്മൃതിജാലമെല്ലാമൊലിച്ചുപോയ്‌-
മണ്ണിലവശിഷ്ട സ്വപ്നങ്ങളെല്ലാമെരിച്ചുപോയു-
ള്ളിലൊരു വേര്‍പ്പു നീരായലിഞ്ഞു പോയമ്മ,
മറവിയ്ക്കു മായ്ക്കുവാനാകാത്ത മന്ത്രമായ്‌
മഴപോലെയകമെ തിളച്ചുപൊന്തി...
കടലെടുക്കുന്ന കരയില്‍ നിന്നൊടുവില്‍
നിന്‍നിഴല്‍ തേടി ഞാനും
മൃതികൊതിച്ചുടല്‍ വിട്ടു പോകുന്നു...
കരയുവാനാകാതെയിടറിയും,
തെല്ലുദൂരം വഴിപിഴച്ചും,
മുന്നില്‍ക്കുരുങ്ങുന്ന പ്രാണന്റെ നോവായ്‌,
വരതെറ്റി, മിഴിതെറ്റി നിന്‍പാത തേടി ഞാനണുവിലൂറുന്നു...
മനതാരിലെന്നുമെന്‍ കണ്ണായ്‌ വിളങ്ങി
നീയെന്റെയകമേ തിളച്ചുപൊന്തി....
അറിവിന്റെ വഴികളിലാഴക്കയങ്ങളി-
ലൊരു ചിത്രകഥയായ്‌ നിറഞ്ഞു നിന്നമ്മ...
എരിയുന്ന ജീവിത ചുടലപ്പുറങ്ങളിൽ‍,
എരിയും തമോഭാഗമഴലിന്‍ പുറങ്ങളില്‍
‍ഒരു പുഷ്പശുദ്ധിയായ്‌ ഹൃദയത്തിലെന്നോ നിറഞ്ഞു നിന്നമ്മ...
അരികില്‍ നിന്‍ ചിരിയുണ്ടു, അകമലർ‍-
ക്കുളിരുണ്ടു, പൂങ്കാറ്റുപോല്‍ മൊഴിയുണ്ടു,
ഇടവഴിയിലെന്നും നിഴല്‍ പോലെ നീയുണ്ടു,
ഒറ്റപ്പെടുമ്പൊഴെന്നരികത്തു നീ വന്നു
മുത്തം നിറച്ചെന്നെയുള്ളില്‍ പടര്‍ത്തുക...
നിന്മേനി തന്നതിന്‍ പൂന്തേന്‍ മണംകൊണ്ടു
ഞാനീരേഴുലോകം നിറയ്ക്കും...
ഒക്കെയുമൊരോര്‍മ്മതന്നിഷ്ട ഗന്ധം,
തനിച്ചെന്നിലേയ്ക്കൊഴുകുന്നൊരാത്മ ഗന്ധം...
നാദങ്ങളില്‍ നിന്‍ നാമമമരത്വമാകും,
സുകൃതാക്ഷരങ്ങളിലമൃതമാകും,
നിന്റെപേര്‍ കൊണ്ടു ഞാനൊരെരിനാളമാകും,
വിശ്വം നിറയ്ക്കുന്ന വരസൂര്യനാകും..
അകലങ്ങളില്‍ പിന്‍ വിളികളാകുന്നുവോ-
നിന്‍ സ്വരമെന്നില്‍ത്തിറതുള്ളിയാടുന്നുവോ-
നിന്‍ കണ്ണെന്നെയരികില്‍ ക്ഷണിക്കുന്നുവോ,
നിന്‍ ഗന്ധമെന്നെത്തലോടുന്നുവോ...
ഒക്കെയുമൊരോര്‍മ്മതന്നിഷ്ട ഗന്ധം,
തനിച്ചെന്നിലേയ്ക്കൊഴുകുന്നൊരാത്മ ഗന്ധം...
ഒക്കെയുമൊരോര്‍മ്മതന്നിഷ്ട ഗന്ധം,
തനിച്ചെന്നിലേയ്ക്കൊഴുകുന്നൊരാത്മ ഗന്ധം...!