അരവിന്ദ് സ്വാമി അന്ന്
സുന്ദരമായ ഈ മുഖം തിരശ്ശീലയിൽ നിന്ന് ഓരോ ഹൃദയങ്ങളിലേയ്ക്ക് കുടിപാർത്തതും, മാഞ്ഞുപോയതും വളരെപ്പെട്ടെന്നായിരുന്നു.. അഭ്രപാളിയിൽ പ്രണയത്തിന്റെ, വിരഹത്തിന്റെ പുതിയ ഭാവങ്ങൾ, പുതിയ ഭാഷ്യങ്ങൾ, ചലനങ്ങൾ.... അരവിന്ദ് സ്വാമി ചില താരങ്ങൾക്കൊരു ഭീഷണിപോലുമാകുമോയെന്നുവരെ അക്കാലത്ത് പലരും ഭയന്നിരുന്നു. റോജ, ബോംബെ, ദേവരാഗം, മിൻസാരക്കനവ്, എൻ ശ്വാസക്കാട്രേ, സാത് രംഗ് കി സപ്നേ അങ്ങനെ എത്രയെത്ര ഹിറ്റുകൾ.... വിരലിലെണ്ണാവുന്ന ചിത്രങ്ങൾ കൊണ്ട് മനസ്സുകീഴടക്കിയ ഈ നടൻ അഭിനയമികവിൽ ഒരു മഹാസംഭവമല്ലെങ്കിലും ജനപ്രിയചിത്രങ്ങൾ കൊണ്ട് ആരാധകരുടെ മനസ്സുകളിൽ ഇടംനേടിയിരുന്നു. പ്രത്യേകിച്ചും സ്ത്രീകളുടെ. ഇടയ്ക്ക് സിനിമ മതിയാക്കി ബിസിനസ്സിൽ മാത്രം ശ്രദ്ധിച്ച സ്വാമിയെ പിന്നീട് സിനിമയ്ക്ക് തന്നെ നഷ്ടപ്പെടുകയായിരുന്നു.
1967 ജൂൺ 30 ന് ചെന്നൈയിൽ ജനിച്ച ഈ MBA ക്കാരന്റെ പ്രൊഫഷണൽ ജീവിതം വിജയവും, പേഴ്സണൽ ജീവിതം പരാജയവുമായിരുന്നു.. 1993-ൽ മാതാപിതാക്കളെ നഷ്ടപ്പെടുകയും, 1994-ൽ ഗായത്രിയെ വിവാഹം കഴിക്കുകയും അവസാനം ദീർഘനാളത്തെ നിയമയുദ്ധത്തിലൂടെ വേർപിരിയുകയും ചെയ്തു. ഇപ്പോൾ രണ്ടുമക്കളോടൊപ്പം (ആതിര, രുദ്ര) സ്വാമി ചെന്നൈയിലാണ്. ഈ കുറിപ്പെഴുതാൻ കാരണം ഇന്നലെ കണ്ട അരവിന്ദ് സ്വാമിയുടെ വീഡിയോ ക്ലിപ്പായിരുന്നു. ആദ്യമെനിക്ക് ആളെ പിടികിട്ടിയില്ല. മനസ്സിലായപ്പോൾ ഓർമ്മ വന്നത് ആ സുന്ദരൻ തലമുടിയായിരുന്നു. കഷണ്ടി ഒരാളുടെ സൌന്ദര്യത്തിന്റെ മാറ്റ് കുറയ്ക്കുമെന്ന് പറയുന്നത് വെറുതെയല്ല. ചെന്നൈയിലെ ഗൾഫ് ഗേറ്റിന്റെ ഷോപ്പിൽ പോയി പഴയ സ്റ്റൈലിലുള്ള പുതിയൊരു വിഗ്ഗ് വച്ച് പഴയ സുന്ദരൻ സ്വാമിയാകാൻ ചില പഴയ ആരാധകർ അദ്ദേഹത്തെ പലവട്ടം നിർബന്ധിച്ചിരുന്നു. പക്ഷെ സ്വാമി വഴങ്ങിയില്ല. സൌന്ദര്യം മുടിയിലല്ല, മനസ്സിനാണ് വേണ്ടതെന്ന് പറഞ്ഞ് അദ്ദേഹം ആരാധകരെ നിരാശരാക്കി.
അരവിന്ദ് സ്വാമി ഇന്ന്
ചെയർമാൻ, മാനേജിംഗ് ഡയറക്ടർ
പ്രോ ലീസ് ഇൻഡ്യ, ഇന്റർ പ്രോ ഇൻഡ്യ, ടാലന്റ് മാക്സിമസ്



